Kerala
കൊച്ചി വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസ്: കെവിന്‍ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ഇവരെ ലഹരി ഇടപാടുകളിലേക്ക് വലിച്ചിഴച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കൊച്ചി| കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ കെവിന്‍ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം. ലഹരിക്കടത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചെന്നാണ് സംശയം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് ഇവരെ ലഹരി ഇടപാടുകളിലേക്ക് വലിച്ചിഴച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
കേസിലെ മുഖ്യ ലഹരി വിതരണക്കാരനായ കെവിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കം തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇയാള്‍ ഏകദേശം 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകള്‍ നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി.
രണ്ട് ദിവസം മുമ്പ് തൃക്കാക്കരയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കെവിനെ പിടികൂടിയത്. ഇയാളുടെ കൈവശം നിന്ന് 194 ഗ്രാം എംഡിഎംഎയും 90 ഗ്രാം എക്സ്റ്റസി ഗുളികകളും പോലീസ് പിടിച്ചെടുത്തു.
മുന്‍പ് കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നു ഡോക്ടര്‍, അഭിഭാഷകന്‍, ഇവന്റ് മാനേജര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ലഹരിയുമായി പിടിയിലായ സംഭവമാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇവര്‍ക്ക് ലഹരി എത്തിച്ച ഷോണ്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പോലീസ് കെവിനിലേക്കെത്തിയത്.
ഒരു വര്‍ഷം മുമ്പും സമാന കേസില്‍ പിടിയിലായിരുന്ന കെവിന്‍ സ്ത്രീകളെ ഉപയോഗിച്ചാണ് ലഹരിക്കടത്ത് വ്യാപകമായി നടത്തിയതെന്നാണ് പോലീസിന്റെ സംശയം. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്കാളിത്തമുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.





