Kerala
വിമാനയാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചു; മലയാളി യുവാവ് അറസ്റ്റില്‍
മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് വരികയായിരുന്നു ബാറ്റിക് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം
കൊച്ചി| മലേഷ്യയിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിൽ (Batik Air Flight) യാത്രയ്ക്കിടെ എമർജൻസി ഡോർ (Emergency Exit) തുറക്കാൻ ശ്രമിക്കുകയും വിൻഡോ പാനൽ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവാവിനെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശി ജംഷീർ അത്താണിക്കൽ എന്ന യുവാവാണ് പിടിയിലായത്. ബാറ്റിക് എയർലൈൻ വിമാനത്തിലായിരുന്നു സഹയാത്രക്കാരെയും അധികൃതരെയും ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്.
വിമാനം കൊച്ചിയിലേക്ക് അടുക്കാറായ സമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ഈ സമയം വലിയ ശബ്ദം കേട്ട് ഉണർന്ന യാത്രക്കാരാണ് എമർജൻസി എക്സിറ്റ് ഡോറിന് സമീപമിരുന്ന യുവാവ് വിൻഡോ പാനൽ തകർത്ത ശേഷം വാതിൽ തുറക്കാൻ ശ്രമിക്കുന്നത് കണ്ടത്. ഉടൻ തന്നെ സഹയാത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും ചേർന്ന് ഇയാളെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ഇയാൾ വീണ്ടും ബലം പ്രയോഗിച്ച് വാതിൽ തുറക്കാൻ ശ്രമിച്ചതോടെ യാത്രക്കാർ ഇയാളെ കീഴ്പ്പെടുത്തി കൈകാലുകൾ ബന്ധിച്ച് മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.
സംഭവം നടന്ന ഉടൻ തന്നെ അധികൃതർ നെടുമ്പാശ്ശേരി പോലീസിൽ വിവരമറിയിച്ചു. വിമാനം നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങിയ ഉടൻ തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), എയർക്രാഫ്റ്റ് നിയമം, കേരള പോലീസ് ആക്ട് എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇയാൾക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ക്യാബിൻ ക്രൂവിന്റെയും സഹയാത്രക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലമാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമായിരുന്ന വൻ ദുരന്തം ഒഴിവായത്.
Content Highlights:
A Palakkad native named Jamsheer was arrested after attempting to open the emergency door on a Batik Air flight from Kuala Lumpur to Kochi. Passengers and cabin crew restrained him, preventing a major disaster. Nedumbassery police registered a case and initiated an investigation.




