Connect with us

National

ലൈംഗിക അതിക്രമ കേസ്: തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന് പത്ത് വർഷം തടവ് ശിക്ഷ

2021 ൽ വിചാരണക്കോടതി തരുൺ തേജ്പാലിനെ വെറുതെവിട്ട വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.

Published

|

Last Updated

പനാജി | 2013 ൽ ജൂനിയർ മാധ്യമപ്രവർത്തകയെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് പത്ത് വർഷം തടവുശിക്ഷ വിധിച്ചു. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച ആണ് ശിക്ഷ വിധിച്ചത്. നേരത്തെ തേജ്പാലിനെ വെറുതെവിട്ടിരുന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.

2013 നവംബറിൽ ഗോവയിൽ നടന്ന തിങ്ക് ഫെസ്റ്റ് പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിൽ വെച്ച് ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. 2013 നവംബർ 30 ന് ഈ കേസിൽ തേജ്പാലിനെ ഗോവ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഐ പി സി സെക്ഷൻ 354, 354 എ, 354 ബി, 341, 342, 376 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ബലാത്സംഗം, ലൈംഗിക അതിക്രമം, അനധികൃതമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. മാപ്പുസ വിചാരണക്കോടതിയിൽ 2017 ൽ ആരംഭിച്ച വിചാരണക്കൊടുവിൽ 2021 ൽ തേജ്പാലിനെ വെറുതെവിട്ടു. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്നും ഇരയുടെ പെരുമാറ്റത്തിൽ വൈരുധ്യമുണ്ടെന്നും നിരീക്ഷിച്ചായിരുന്നു അന്നത്തെ ഉത്തരവ്. എന്നാൽ ഈ വിധിക്കെതിരെ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

ഹൈക്കോടതി ജസ്റ്റിസുമാരായ ഡോ നീല ഗോഖലെ, അമിത് ജാംസെന്ദേക്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തേജ്പാലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അബാദ് പൊണ്ടയും വാദമുഖങ്ങൾ നിരത്തി. ലൈംഗികാതിക്രമത്തിന് ഇരയായ ആൾ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് വിചാരണക്കോടതി പുലർത്തിയ മുൻവിധികളെ തുഷാർ മേത്ത ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇരകളുടെ പ്രതികരണം അവരുടെ പശ്ചാത്തലവും വ്യക്തിത്വവും അനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നും സാർവത്രികമായ ഒരു മാനദണ്ഡം ഇതിലില്ലെന്നും അദ്ദേഹം വാദിച്ചു.

ശിക്ഷാവിധിയെത്തുടർന്ന് തേജ്പാലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു. പെൺകുട്ടി എതിർപ്പ് പ്രകടിപ്പിച്ചിട്ടും തേജ്പാൽ അതിക്രമം തുടരുകയായിരുന്നുവെന്നും, ഒരു പെൺകുട്ടി അരുത് എന്ന് പറഞ്ഞാൽ അതിനർത്ഥം അരുത് എന്ന് തന്നെയാണ് എന്ന വ്യക്തമായ സന്ദേശം സമൂഹം ഇതിലൂടെ മനസ്സിലാക്കണമെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

അതേസമയം, കോടതി വിധിച്ച ശിക്ഷയിൽ ഇളവ് വേണമെന്ന് 62 കാരനായ തരുൺ തേജ്പാൽ അഭ്യർത്ഥിച്ചു. താൻ രാഷ്ട്രീയത്തിൻ്റെ ഇരയാണെന്ന് അവകാശപ്പെട്ട തേജ്പാൽ, സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സമയം വേണമെന്നും ആവശ്യപ്പെട്ടു. കീഴടങ്ങാൻ കോടതി തേജ്പാലിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

 

Content Highlights

The Goa Bench of Bombay High Court has sentenced former Tehelka editor Tarun Tejpal to 10 years in prison for sexually assaulting a junior colleague in 2013. Overturning his 2021 acquittal by a trial court, the High Court held him guilty and granted him two weeks to surrender. Tejpal stated he is a victim of politics and plans to appeal in the Supreme Court.

Latest