Connect with us

International

ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരിഗണനയില്‍

ചര്‍ച്ച പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു

Published

|

Last Updated

ദുബൈ | ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താല്‍ക്കാലിക ഗതാഗത പാത സംബന്ധിച്ച് ധാരണയിലെത്തിയെന്നും ഈ പ്രത്യേക ഇടനാഴിയിലൂടെ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തുറക്കുന്നത് പരിഗണനയിലാണെന്നും ഇറാന്‍ വ്യക്തമാക്കി.

ചര്‍ച്ച പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു. ഇറാന്റെ സമുദ്രാതിര്‍ത്തിയിലൂടെയുള്ള പാതക്കും ഒമാന്‍ തീരത്തോട് ചേര്‍ന്ന് അമേരിക്ക നിര്‍ദ്ദേശിച്ച തെക്കന്‍ പാതക്കും ബദലായി മിഡില്‍ കോറിഡോര്‍ സജീവമാക്കാനാണ് ലക്ഷ്യം. ഈ പാത ഇറാനും ഒമാനും ചേര്‍ന്ന് സംയുക്തമായി നിയന്ത്രിക്കണമെന്നാണ് ഇറാന്റെ നിര്‍ദേശം. ഹോര്‍മുസിലൂടെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിനായി ‘മിഡില്‍ കോറിഡോര്‍’ നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇറാനും ഒമാനും ചര്‍ച്ച ചെയ്യുന്നത്.

ഇത് സംബന്ധിച്ച് ഒമാനുമായി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. എന്നാല്‍ ഹോര്‍മുസില്‍ ഇറാന് മേല്‍ക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാര്‍ നടപ്പിലായേക്കാമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുകയാണെന്ന് ഇറാനും വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു ധാരണയുണ്ടായേക്കാമെന്ന് യു എസ് പ്രസിഡന്റ് ട്രംപ് ഇന്നലെ സൂചന നല്‍കിയിരുന്നു. അമേരിക്കയുടെ ഇടപെടലാണ് കരാര്‍ വൈകുന്നതിന് പ്രധാന കാരണമെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

 

Content Highlights:
Iran and Oman are finalizing a middle corridor agreement to partially reopen the Strait of Hormuz for safe maritime transit. Following reports of progress in discussions, global crude oil prices registered a decline. The US expressed caution over Iranian dominance while talks continue.