Kerala
ഗുരുവായൂരില്‍ യുവതിയെ കൊലപ്പെടുത്താന്‍ പെണ്‍വേഷം ധരിച്ചെത്തിയ അഞ്ചംഗ സംഘം പിടിയില്‍
യുവതിയുടെ മുന്‍ കാമുകനും കൂട്ടാളികളുമാണ് പിടിയിലായത്
തൃശ്ശൂര്‍ | ഗുരുവായൂരില്‍ വച്ച് യുവതിയെ കൊലപ്പെടുത്താനായി പെണ്‍വേഷം ധരിച്ചെത്തിയ അഞ്ചംഗസംഘം പിടിയിലായി. യുവതിയുടെ മുന്‍ കാമുകനും കൂട്ടാളികളുമാണ് പിടിയിലായത്. തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തില്‍ പ്രസാദ്, ഒറ്റപ്ലാക്കല്‍ വീട്ടില്‍ ആദര്‍ശ്, തൈപ്പറമ്പില്‍ ബിനീഷ്, തേങ്ങില്‍ ഷാഹിദ്, കാരക്കുന്നേല്‍ സ്റ്റീഫന്‍ എന്നിവരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 16 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
യുവതിയുടെ മുന്‍ കാമുകനായ പ്രസാദിനെയാണ് പെണ്‍വേഷത്തില്‍ സംശയാസ്പദമായി പടിഞ്ഞാറെ നടയില്‍ പോലീസ് ആദ്യം കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനിടെയാണ് പോലീസ് പട്രോളിങ്ങിനിടെ കാറില്‍ കറങ്ങുകയായിരുന്ന മറ്റുനാലുപേരും പിടിയിലായത്. കാറില്‍നിന്ന് കഞ്ചാവും കണ്ടെടുത്തു.
തൃശൂരില്‍ സ്പായില്‍ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ യുവതിയെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. അഞ്ചംഗസംഘം തൃശൂരിലെത്തിയ വിവരം അറിഞ്ഞതോടെ യുവതി ഗുരുവായൂരിലേക്ക് മാറുകയായിരുന്നു. ഇത് മനസ്സിലാക്കിയ പ്രതികളും ഗുരുവായൂരിലെത്തി യുവതിയെ കണ്ടെത്തി ആക്രമിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ പ്രസാദിനും ആദര്‍ശിനും എതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ 20-ലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സൗഹൃദബന്ധത്തില്‍ നിന്ന് യുവതി പിന്മാറിയതിന്റെ വൈരാഗ്യമാണ് യുവതിയെ തേടിയെത്തിയതിനു പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. യുവതിയെ പിന്നീട് പോലീസ് കണ്ടെത്തി സുരക്ഷിതമായി നാട്ടിലേക്ക് അയച്ചു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights:
Guruvayur Temple Police arrested a five-member gang including a man disguised in female attire for plotting to kill his former partner. The police also seized 16 grams of ganja from the suspects in a car. The main accused face over 20 criminal cases and have been remanded to custody.




