Connect with us

Kerala

സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 28 ആയി

രണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | മഴയുടെ ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 28 ആയി. രണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തില്‍ സംസ്ഥാനത്താകെ 58 വീടുകള്‍ പൂര്‍ണ്ണമായും 687 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മധ്യകേരളത്തില്‍ ദുരിതം തുടരുകയാണ്.

കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളിലും അപ്പര്‍ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുന്നുണ്ട്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി 27,000ത്തോളം ആളുകളാണ് കഴിയുന്നത്. എ സി റോഡ്, എം സി റോഡ്, തിരുവല്ല – അമ്പലപ്പുഴ റോഡ്, തിരുവല്ല – കായംകുളം റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. കുട്ടനാട്ടില്‍ പ്രളയദുരിതം തുടരുന്നു. പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട ജില്ലയിലെ പ്രളയഭീതിക്ക് ശമനമായിട്ടുണ്ട്. വെള്ളം ഇറങ്ങിത്തുടങ്ങിയതിനെ തുടര്‍ന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത് കുട്ടനാടന്‍ മേഖലയെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്.

തോട്ടപ്പള്ളി സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാത്തതാണ് കുട്ടനാട്ടിലെ പ്രളയസ്ഥിതി സങ്കീര്‍ണ്ണമാക്കുന്നത്. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ കിടങ്ങറയിലും മങ്കൊമ്പിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. എറണാകുളം ജില്ലയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 57 പേര്‍ താമസിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 21 കുടുംബങ്ങളെയാണ് വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 20 പുരുഷന്മാരും 27 സ്ത്രീകളും 10 കുട്ടികളും ആണ് ഉള്ളത്. ഇതില്‍ 12 പേര്‍ വയോജനങ്ങളാണ്. കോതമംഗലം കുന്നത്തുനാട് താലൂക്കുകളില്‍ രണ്ട് വീതവും മൂവാറ്റുപുഴയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

 

Content Highlights:
Monsoon rain havoc in Kerala leaves 28 dead and 3 missing. Over 58 houses completely damaged and 687 partially ruined. Nearly 27,000 people stay across 500 relief camps as Kuttanad and Kottayam face severe waterlogging.

 

---- facebook comment plugin here -----

Latest