Kerala
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം
ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി
തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം. സി പി എം ജില്ലാ നേതാവ് ഐ പി ബിനു ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം 24 ആയി.
കുറ്റകൃത്യത്തില്‍ നേരില്‍ പങ്കെടുത്ത പത്ത് പേരില്‍ ഒരാളാണ് ഐ പി ബിനു. ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇ ഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വഴുതക്കാട്ടെ വീട്ടില്‍ റൈഡിനായി എത്തുമ്പോള്‍ മുന്നില്‍ നിന്ന് പ്രതിഷേധിച്ചത് ഐ പി ബിനുവായിരുന്നു. പിന്നീട്, ഉദ്യോഗസ്ഥര്‍ കാറില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ആക്രമണത്തിന് നേത്യത്വം നല്‍കുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു.
67 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഒന്‍പത് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നും നാളെ വിധി പറഞ്ഞ ജഡ്ജിയെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ആക്രമണം നടത്തിയത് എന്നായിരുന്നു ഇ ഡി നിലപാട്.പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റകൃത്യം ഗുരുതരമാണെന്നത്തില്‍ തര്‍ക്കമില്ലന്നാണ് കോടതി നിലപാട്. എന്നാല്‍, 67 ദിവസം പിന്നിട്ടു. തെളിവുകള്‍ കണ്ടെത്തി അന്വേഷണം പൂര്‍ത്തിയാകാറായതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്ന് പറഞ്ഞ കോടതി പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യ വധശ്രമം നിലനില്‍ക്കില്ലല്ലോ എന്നും ചോദിച്ചിരുന്നു.
Content Highlights: The Kerala High Court granted bail to five more accused, including CPM leader IP Binu, in the ED raid assault case. The case involves an attack on ED officers near Pinarayi Vijayan’s Thiruvananthapuram residence. A total of 24 accused have received bail in this case so far.


