National
CJP രാഷ്ട്രീയ പാര്‍ട്ടിയാകില്ല, പൊതുജന സമ്മർദ്ദ ഗ്രൂപ്പായി പ്രവർത്തിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദിപ്കെ
രാഷ്ട്രീയ സംവിധാനം, നീതിപീഠം, മാധ്യമങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ദീപ്കെ.
ഛത്രപതി സംഭാജിനഗർ | രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളിൽ വിശ്വാസ്യതയും ഉത്തരവാദിത്തവും വീണ്ടെടുക്കുന്നതിനായി കോക്രോച്ച് ജനതാ പാർട്ടി ( സി ജെ പി – CJP) ഒരു പൊതുജന സമ്മർദ്ദ ഗ്രൂപ്പായി (Public Pressure Group) തന്നെ തുടരുമെന്നും രാഷ്ട്രീയ പാര്‍ട്ടിയായി മാറില്ലെന്നും സംഘടനയുടെ സ്ഥാപകൻ അഭിജിത് ദിപ്കെ (Abhijeet Dipke) വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടന്ന സംഘടനയുടെ രണ്ടു ദിവസത്തെ കോർ കമ്മിറ്റി സ്ട്രാറ്റജി യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കടുത്ത നിരാശയും വിലയിരുത്തിയാണ് ഈ തീരുമാനമെടുത്തത്. ഇന്ത്യക്ക് ഇപ്പോൾ ശക്തമായ ഒരു സമ്മർദ്ദ ഗ്രൂപ്പിന്റെ ആവശ്യമുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കപ്പുറം ഭരണനിർവഹണത്തിലും ജനാധിപത്യ സ്ഥാപനങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കണമെന്ന പൊതുജനങ്ങളുടെ വിശാലമായ ആവശ്യമാണ് സംഘടനയ്ക്കുള്ള പിന്തുണയിലൂടെ പ്രതിഫലിക്കുന്നത്.

രാഷ്ട്രീയ സംവിധാനം, നീതിപീഠം, മാധ്യമങ്ങൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) തുടങ്ങിയ എല്ലാ സ്ഥാപനങ്ങളിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ സ്ഥാപനങ്ങളിൽ നിഷ്പക്ഷതയും സുതാര്യതയും ഉറപ്പാക്കാൻ ഒരു ജനകീയ മുന്നേറ്റവും പൊതുജന സമ്മർദ്ദവും അത്യാവശ്യമാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സംവിധാനം വളരെ മോശം അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി ജെ പി ഉടനടി ഇലക്ടറൽ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങൾ തള്ളിയ അദ്ദേഹം, അടിയന്തരമായി ഒരു രാഷ്ട്രീയ പാർട്ടിയാകാൻ പ്ലാനില്ലെന്ന് വ്യക്തമാക്കി. പരമ്പരാഗത രാഷ്ട്രീയത്തിൽ ജനങ്ങൾ ഏറേ നിരാശരാണ്. അതിനാൽ ഭരണകൂടത്തെയും സ്ഥാപനങ്ങളെയും ഉത്തരവാദിത്തമുള്ളവരാക്കാൻ കഴിയുന്ന ഒരു ദേശീയ പൗര മുന്നേറ്റം കെട്ടിപ്പടുക്കാനാണ് മുൻഗണന നൽകുന്നത്.
Also Readഇനി യുദ്ധം വിദ്യാഭ്യാസ കച്ചവടത്തിന് എതിരെ; ‘ക്യാ ബോൽത്തി പബ്ലിക്’ ക്യാമ്പയിൻ പ്രഖ്യാപിച്ച് CJP സ്ഥാപകൻ അഭിജീത് ദിപ്കെ ജാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സി ജെ പി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ആവശ്യമെങ്കിൽ സംഘടനയുടെ നേതൃത്വം ജാർഖണ്ഡ് സന്ദർശിക്കും. ഛത്രപതി സംഭാജിനഗറിൽ നടക്കുന്ന കോർ കമ്മിറ്റി യോഗത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ സംഘടനയുടെ ശൃംഖല ശക്തമാക്കാനും, സുതാര്യത, ഉത്തരവാദിത്തം, സ്ഥാപനപരമായ പരിഷ്കാരങ്ങൾ എന്നിവ മുൻനിർത്തി യുവാക്കളെ അണിനിരത്തി ദേശീയതലത്തിൽ പ്രചാരണം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
Content Highlights
CJP founder Abhijeet Dipke announced that the organization will remain a public pressure group and won’t become a political party. The decision aims to restore public faith and accountability in democratic institutions. The group also pledged full support to students protesting exam irregularities in Jharkhand.




