Connect with us

From the print

പണ്ഡിത സമ്മേളനവുമായി ഖാസി ഫൗണ്ടേഷന്‍; സമാന്തര നീക്കമെന്ന് മറുപക്ഷം

മുസ്ലിം ലീഗ് നേതാക്കളുടെയും ഇ കെ വിഭാഗത്തിലെ ലീഗ് പക്ഷത്തിന്റെയും നേതൃത്വത്തിലാണ് സമ്മേളനം.

Published

|

Last Updated

മലപ്പുറം | ഇ കെ വിഭാഗം പണ്ഡിത നേതൃത്വത്തിന് ബദലാണ് പാണക്കാട് ഖാസി ഫൗണ്ടേഷന്‍ എന്ന ആക്ഷേപം നിലനില്‍ക്കേ ഫൗണ്ടേഷന് കിഴില്‍ ഉലമാ സമ്മേളനം സംഘടിപ്പിക്കുന്നു. പാണക്കാട് ഖാസി ഫൗണ്ടേഷന്‍ മലപ്പുറം ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുടെയും മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിലാണ് മലപ്പുറം ജില്ലാ ഉലമാ സമ്മേളനം നടത്തുന്നത്.

മുസ്ലിം ലീഗ് നേതാക്കളുടെയും ഇ കെ വിഭാഗത്തിലെ ലീഗ് പക്ഷത്തിന്റെയും നേതൃത്വത്തിലാണ് സമ്മേളനം. അടുത്ത മാസം ആറിന് മലപ്പുറം മച്ചിങ്ങല്‍ എം എസ് എം ഓഡിറ്റോറിയത്തിലാണ് പാണക്കാട്ടുള്ളവര്‍ ഖാസിയായ മഹല്ലുകളിലെ നാഇബ് ഖാസിമാരെ പങ്കെടുപ്പിച്ചുള്ള പരിപാടി. സംഘാടകസമിതി രൂപവത്കരണ യോഗം ഇന്ന് മലപ്പുറത്ത് നടക്കും.

പാണക്കാട് തങ്ങന്മാര്‍ ഖാസിയായ മഹല്ലുകളെ സംഘടിപ്പിക്കുയെന്ന ലക്ഷ്യത്തോടെയാണ് ഖാസി ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. ഇതിന്റെ സമ്മേളനം അടുത്തിടെ കോഴിക്കോട്ട് ചേര്‍ന്നിരുന്നു. മുസ്ലിം ലീഗിനെതിരെ നിരന്തരം വിമര്‍ശനവുമായി ഒരു പറ്റം ഇ കെ വിഭാഗം നേതാക്കള്‍ രംഗത്തു വരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഫൗണ്ടേഷന്‍ രൂപവത്കരിക്കുന്നതും സമ്മേളനം നടത്തുന്നതും. ഇ കെ വിഭാഗത്തിനകത്തെ ലീഗ് അനുകൂല നേതാക്കളായിരുന്ന പരിപാടിയുടെ സംഘാടകര്‍.

അടുത്തകാലത്തായി പല വിഷയങ്ങളിലും ഇ കെ വിഭാഗവും മുസ്ലിം ലീഗും രണ്ട് തട്ടിലാണ്. ഈ ഭിന്നതക്കിടെയാണ് ലീഗ് നേതൃത്വം നല്‍കി ഖാസി ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. ഈ ഭിന്നതകളെല്ലാം നിലനില്‍ക്കുന്നതിനിടെയാണ് പണ്ഡിത സമ്മേളനവുമായി ഖാസി ഫൗണ്ടേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

 

Latest