കഥ
സ്വപ്‌നാടകന്‍
സ്വപ്നങ്ങൾ ചിരിക്കുന്നു. ചിരിപ്പിക്കുന്നു. തെങ്ങിൽനിന്നു ഓലവീണാലും ചിലർക്ക് ഭാഗ്യം.
പേക്കിനാവ് കണ്ട് പൊറുതി മുട്ടിയപ്പോഴാണ് നല്ല ഒരു സ്വപ്‌നം കേശു തിരഞ്ഞെടുത്തത്. കിനാവു കാണാൻ ഉറങ്ങണമെന്നില്ല. ഉണർന്നിരിക്കുമ്പോഴും സ്വപ്‌നം കാണാം. മയങ്ങിയ സ്വപ്‌നം, മയങ്ങാത്ത സ്വപ്‌നം. ചില സ്വപ്നങ്ങൾ ഭയപ്പെടുത്തും.
ലോട്ടറിയാണ് കേശുവിന്റെ സ്വപ്‌നം. ടിക്കറ്റ് എടുത്താൽ പിറ്റേന്ന് അതിന്റെ ഫലമറിയുംവരെ ഒരുതരം സ്വപ്നാടനമായിരിക്കും. എന്തൊക്കെയോ മനക്കോട്ടകൾ. പുതിയ പുതിയ ആകാശങ്ങൾ. നീന്തിത്തുടിക്കുന്ന മേഘവർണങ്ങൾ. ചിലത് പഞ്ഞിപോലെ. ചിലത് റോക്കറ്റ് പോയതുപോലെ. എളുപ്പം മാഞ്ഞുപോകുന്ന വരകൾ.
ഫലം വന്നു. കേശു കണ്ട സ്വപ്‌നങ്ങളൊക്കെ വരപോലെയായി. മാഞ്ഞുപോയി. സാരമില്ല, നാളെയുമുണ്ടല്ലോ സ്വപ്നങ്ങൾ. എന്തായിരുന്നു കണ്ടത്? ദിവസേന നറുക്കെടുപ്പ്. പലരും പലതും കാണുന്നു. കേശു കണ്ടത് വലിയ ഒരു പശുത്തൊഴുത്താണ്. പശുക്കളെ വളർത്തണം. മേയ്ക്കണം. താലോലിക്കണം. കറക്കണം. ചാണകം വാരണം. ജീവിതം കൊഴുത്ത് ആരോഗ്യത്തോടെ വളരണം. നാടിന്റെ വെണ്മയിൽ ആഹ്ലാദിക്കണം. ആഹാ, എന്തു നല്ല ജീവിതം.
കേശുവിന്റെ ജീവിതത്തിൽ പശു ഒരു പശ്ചാത്തലമേയല്ല. കുടുംബത്തിൽ ആരും ഇന്നുവരെ പശുക്കളെ പോറ്റിയിട്ടില്ല. എന്തിനേറെ, ഒരു ആട്ടിൻകുട്ടിയെപ്പോലും. അയൽപക്കത്ത് പണ്ട് ഒരു ഇറച്ചിവെട്ടുകാരനുണ്ടായിരുന്നു. കപ്പടാമീശയും ഉണ്ടക്കണ്ണുകളുമുള്ള കശാപ്പുകാരൻ. രണ്ടു വീട്ടുകാരും എന്നും വഴക്കാണ്. ഇറച്ചിയുടെ അവശിഷ്ടങ്ങൾ കാക്കകൾ ഇപ്പുറത്തേക്ക് കൊണ്ടിടുന്നു. അതിനെ ചൊല്ലിയുള്ള തർക്കം.
“അതിനു ഞാൻ കാക്കകളെ പോറ്റുന്നില്ല’. അറവുകാരൻ തറപ്പിച്ചു ഉണ്ടക്കണ്ണ് തുറന്നു.
“നിന്റെ കപ്പടാമീശ മുഖത്ത് വെച്ചാൽ മതി. അതിങ്ങോട്ട് ചുരുട്ടേണ്ട…’ അയൽപക്കവും ശബ്ദിച്ചു.
അയ്യോ. കലഹംതന്നെ. എന്നും വഴക്ക്. വാക്കിനും വഴക്കിനുമിടയിൽ കേശു കശാപ്പുകാരന്റെ മകളെത്തന്നെ കറക്കി. അവൾ വീണു. മാലിനി കറുത്തിട്ടാണ്. സുന്ദരിയാണ്. അവൾ കേശുവിനു ആട്ടിൻ കരളും അവളുടെ കരളും സമാസമം പകുത്തുകൊടുത്തു. കേശു എളുപ്പം കൊഴുത്തു. പ്രണയം പല്ലവിയും അനുപല്ലവിയും പാടി. ചരണത്തിലെത്തുമ്പോഴേക്കും എങ്ങുനിന്നോ താറാവുകൾ കൂട്ടത്തോടെ വന്നു. മണ്ണാങ്കട്ട. ഒടുവിൽ കേശുവിന്റെ പാട്ട് മറന്ന് അവൾ താറാവിൻക്കൂട്ടത്തോടൊപ്പം ഒളിച്ചോടി.
കണ്ടത്തിൽ കൊയ്ത്ത് കഴിഞ്ഞ കാലം. അപ്പോഴാണ് ദൂരെനിന്നും താറാവുകൾ വരിക. ആ വരവിൽ കൂടുകൂട്ടിയത് അറവുകാരന്റെ പറമ്പിലായിരുന്നു. മാലിനിയുടെ ഹൃദയത്തിലായിരുന്നു. തൊട്ടടുത്തുതന്നെ കുളമുണ്ട്. മാലിനിയും താറാവുകളും ഒന്നിച്ചു കുളിച്ചു. ഒന്നിച്ചു നീന്തി. ആൺ താറാവും പെൺ താറാവും ഇണ ചേർന്നു. അതിലൊരു താറാവ് മുട്ടയിട്ടു. കൂട്ടിനു പുറത്ത് തോടിനു ബലക്ഷയമുള്ള പഞ്ഞിമുട്ട. താറാവുകാരൻ അത് മാലിനിക്ക് കൊടുത്തു. അതവൾ അപ്പോൾത്തന്നെ വിഴുങ്ങി. അതോടെ അവളെ കാണാതായി. താറാവുകാരനെയും. കശാപ്പുകാരൻ ഞെട്ടിയില്ല. പകരം നാട്ടുകാരെ മുഴുവൻ ഞെട്ടിപ്പിച്ചു പാതിവിലക്ക് താറാവുകളെ ഇറച്ചിയായും അല്ലാതെയും തൂക്കിക്കൊടുത്തു. കശാപ്പുകാരന് അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറി. ഭാഗ്യവാൻ. സ്വപ്‌നങ്ങൾ ഏതെല്ലാം തരത്തിലാണ് മതില് ചാടുന്നത്.
സകല കഥയും അറിഞ്ഞിട്ടും കടിഞ്ഞൂൽ പ്രണയം കത്തിക്കരിഞ്ഞിട്ടും കേശു താറാവിൻ കൂട്ടത്തെ ശപിക്കാതെ പശുത്തൊഴുത്ത് സ്വപ്‌നം കണ്ടു. ഇതിലെന്തെങ്കിലും ദുരൂഹത ഉണ്ടോ?
എന്ത് ദുരൂഹത? കാമുകിയുടെ അപ്പൻ കശാപ്പുകാരനായതിലും മകൾ പ്രണയം പുഴുങ്ങി കടന്നുകളഞ്ഞതിലും എന്തു ദുരൂഹത. ഓർക്കുമ്പോൾ കേശുവിനു പഴയ ആട്ടിൻ കരളും അവളുടെ കരളും ഛർദിക്കാൻ തോന്നുന്നു. വേവാത്ത സ്വപ്നം.
തൊട്ടടുത്ത രേഷ്മ ജീവിതം അവസാനിപ്പിച്ചത് കേശുവിനു നന്നായറിയാം. രേഷ്മ ചെറുപ്പത്തിലേ ഒരു സ്വപ്‌നജീവിയായിരുന്നു. അറ്റമില്ലാതെ സ്വപ്‌നം കണ്ടു കൂട്ടുന്നവൾ. മിടുക്കിയാണ്. ഭാവനാസമ്പന്നയാണ്. അവളുടെ സ്വപ്‌നം എത്ര പെട്ടെന്നാണ് കരിഞ്ഞുപോയത്.
കഴിഞ്ഞ ദിവസം ജുനൈദ് പറഞ്ഞു. “എന്റെ മിക്ക സുഹൃത്തുക്കൾക്കും കഷണ്ടിയുണ്ട്. എന്തു ചെയ്യാൻ. എനിക്കു തലനിറയെ മുടിയാണ്. അല്ലങ്കിൽ ഞാനൊരു ഗ്രൂപ്പുണ്ടാക്കിയേനെ. പുതിയ ഒരു കഷണ്ടി ഗ്രൂപ്പ്’.
ജുനൈദ് കേശുവിന്റെ സുഹൃത്ത്. എവിടെ കണ്ടാലും പരസ്പരം ബന്ധമില്ലാതെ സംസാരിക്കും. ഒരുതരം വട്ട്.കേട്ടപ്പോൾ കേശുവിനു ചിരിക്കാൻ തോന്നിയില്ല. പൊതുവെ ജുനൈദിനു ഗ്രൂപ്പില്ല. എന്നാൽ ചില ഗ്രൂപ്പിനോട് ഈർഷ്യയുണ്ട്. ആവശ്യമില്ലാത്ത വാട്ട്‌സാപ്പ് ഗ്രൂപ്പുകളോട്. അവൻ ഒരു ഗ്രൂപ്പിന്റെയും അടിമയല്ല. അഡ്മിനുമല്ല. എന്തിനേറെ, സ്വന്തം ഫാമിലി ഗ്രൂപ്പിൽപോലും. ഗ്രൂപ്പിൽ അഡ്മിൻ നിശ്ചയിക്കും. ആരെ നീക്കണം. ആരെ നിലനിർത്തണം. അതാണല്ലോ അതിന്റെ രീതി. സ്വയം തേച്ചുമിനുക്കൽ.
സത്യത്തിൽ ജുനൈദ് പറഞ്ഞത് ഒരു തമാശയാണ്. സ്വപ്‌നത്തിന്റെ ഇടയിലേക്ക് കയറിവന്ന കഷണ്ടി. പുതിയ തലകൾ അനുഭവിക്കുന്ന മനോവേദന. തത്കാലം അവനു കഷണ്ടി വരാനൊന്നും പോകുന്നില്ല. അത്തരം എണ്ണയാണ് അവൻ ഉപയോഗിക്കുന്നത്.
സ്വപ്നങ്ങൾ ചിരിക്കുന്നു. ചിരിപ്പിക്കുന്നു. തെങ്ങിൽനിന്നു ഓലവീണാലും ചിലർക്ക് ഭാഗ്യം. പച്ചോലയോ ഉണക്കോലയോ എന്തായാലും. അതൊരു സ്വപ്‌നമാക്കും. അന്ധവിശ്വാസമാക്കും.
കേശു കണ്ട സ്വപ്‌നങ്ങൾ എവിടെയൊക്കെയോ പായ വിരിച്ചുറങ്ങുന്നു. ഉറക്കത്തിൽ മേനി പറയുന്നു. പാതിരാവ്. കൂരിരുട്ട്. പട്ടികൾ നിർത്താതെ കുരക്കുന്നു. രേഷ്മ ഇറങ്ങി നടക്കുന്നു. ചുണ്ണാമ്പ് ചോദിക്കുന്നു. ഹേ മനുഷ്യാ, എന്താണ് സ്വപ്‌നം കാണുന്നത്? കൂടെ വരൂ. അവൾ പൊട്ടിച്ചിരിക്കുന്നു. അട്ടഹസിക്കുന്നു. കേശു പ്രേതത്തെ കണ്ട് എഴുന്നേറ്റോടുന്നു. എന്തൊരു ദുഃസ്വപ്‌നം.
അപ്പോൾ ലോട്ടറിയിൽ കാണുന്നതൊക്കെ? അതിനെ എങ്ങനെയാണ് വ്യാഖ്യാനിക്കുക? അല്ലെങ്കിൽ ഉണർന്നിരിക്കുന്നവന് എന്ത് സ്വപ്‌നം? കവികൾ സ്വപ്‌നം കണ്ടുകൊണ്ടാണ് കവിത എഴുതുന്നതെന്ന് ഏതെങ്കിലും കവികൾ പറഞ്ഞിട്ടുണ്ടോ? ഉണ്ടാകില്ലെന്നാണ് ജുനൈദ് പറയുന്നത്. ഇങ്ങനെ പറഞ്ഞപ്പോൾ പുതിയ കവി ഹരീഷ് അവനോട് കയർത്തു. “ഞാനെഴുതുന്നതൊക്കെ സ്വപ്‌നങ്ങളാണ്’. എന്നിട്ടും ആൾക്കൂട്ടം ഹരീഷിനെ ഇരുത്തം വന്ന കവിയായി ആഘോഷിച്ചു. തമാശയായി ജുനൈദ് വീണ്ടും പറഞ്ഞു, “എഴുതുമ്പോൾ ഹരീഷ് എവിടേയും ഇരിക്കാറില്ല. അതുകൊണ്ടാണ് അവൻ എളുപ്പം ഇരുത്തംവന്ന കവിയായിപ്പോയത്’.
ജുനൈദിന്റെ വാക്കു കേട്ട് ആരും ചിരിച്ചില്ല. അവൻ പറഞ്ഞ രേഷ്മയുടെ കഥ കേട്ടപ്പോഴും പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല.
രേഷ്മ കണ്ടതൊക്കെ ബാലിശമാണ്. പ്രായപൂർത്തിയാകാത്ത സ്വപ്നങ്ങൾ. ഭാവിയും ഭൂതവും ഇല്ലാത്തത്. സ്ഥിരമായി ഒരു രാത്രി നക്ഷത്രം അവളെ കാണാൻ വരുന്നു. ആകാശത്തിലെ നക്ഷത്രം ഭൂമിയിലേക്ക്. അത് കന്യകയെ മോഹിപ്പിക്കുന്നു. അവളുടെ മേനിയിൽ ഒളിക്കുന്നു. നക്ഷത്രവും രേഷ്മയും തമ്മിലുള്ള ഒളിച്ചുകളി. അതോടെ അവളുടെ മാസമുറ തെറ്റി. ഒട്ടും പ്രതീക്ഷിക്കാത്ത സംഗമത്തിൽ. ഇനി എന്തു ചെയ്യും? എന്തു ചെയ്യാൻ? കുടുംബം പൊറുത്തില്ല. ബന്ധുക്കൾ സഹിച്ചില്ല. പറമ്പിൽ ഇഷ്ടംപോലെ മാവുണ്ട്. പ്ലാവുണ്ട്. ആരോടും പറയാതെ അതിലൊന്നിൽ തലവെച്ചു അവൾ മേലോട്ട് പോയി.
ജുനൈദ് പറഞ്ഞത് ഒരു പഴങ്കഥയാണ്. ഇതിൽ സ്വപ്‌നമൊന്നുമില്ല. ചതി. വഞ്ചന.
കേശു നടന്നുവരുന്നു. എന്തായിരിക്കും അവന്റെ പുതിയ ഹോംവർക്ക്? അതുകേൾക്കാൻ ആൾക്കൂട്ടം ക്ഷമയോടെ കാത്തിരുന്നു.
“ലോട്ടറി അടിച്ചാൽ എളുപ്പം കടം തീർക്കണം. വീട് പുതുക്കണം. മുന്നിലും പിന്നിലും ഇഷ്ട്ടിക പാകണം. അമ്മയ്ക്ക് സ്വർണം വാങ്ങണം. അനിയത്തിയെ കൂടുതൽ പഠിപ്പിക്കണം. പുതിയ മോഡൽ കാറ് വാങ്ങണം. വീടിന്റെ പോർച്ചിൽ പാർക്കു ചെയ്യണം. രോഗികളെ സഹായിക്കണം’.
മനക്കോട്ടകളുടെ വെളിപാട് ഹൃദയത്തിൽനിന്നു ഭൂമിയിലേക്ക് വീണു. അട്ടഹാസങ്ങളും ഭ്രാന്തും കലഹവും മരണവും പെരുകി.
“നന്നായി ഒരു മഴ പെയ്താൽ മതിയായിരുന്നു. സകല ഭ്രാന്തും എങ്ങോട്ടെങ്കിലും ഒലിച്ചു പോയേനെ’.
ജുനൈദ് പറഞ്ഞു തീർന്നില്ല. അപ്പോഴേക്കും മഴ പെയ്തു. മഴയിൽ നനഞ്ഞു മാലിനിയും അവളുടെ താറാവുകളും. കേശു വിശ്വസിച്ചില്ല. അത് സ്വപ്‌നമല്ലെന്ന് ആരും അവനെ പറഞ്ഞു വിശ്വസിപ്പിച്ചില്ല.
നേരം വെളുത്തു. പ്രദേശത്ത് ആദ്യം ഉണർന്നത് മാലിനിയും അവളുടെ താറാവുകളുമായിരുന്നു.
കേശു ഇന്നും ഭൂതകാലത്തിൽ തന്നെ. കാലം മാറിയതും സംഭവങ്ങൾ മാറിയതും അവനെ ത്രസിപ്പിക്കുന്നില്ല.
Content Highlights:
The narrative explores the life of Keshu, who navigates complex emotions, broken dreams, and lottery aspirations. Through vivid memories of lost love and societal interactions, the story delves into the thin line between reality and inner fantasies.




