kerala sahityolsav 22
കേരള സാഹിത്യോത്സവിന് നാളെ തുടക്കം
ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് കേരള സാഹിത്യോത്സവ്.
എറണാകുളം | എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ 29ാം എഡിഷന് വെള്ളിയാഴ്ച എറണാകുളം ടൗൺ ഹാളിൽ തുടക്കം കുറിക്കും. രണ്ട് ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 21,700 ബ്ലോക്ക്, 7,000 യൂനിറ്റ്, 648 സെക്ടർ, 120 ഡിവിഷൻ തമിഴ്നാട്ടിലെ നീലഗിരി അടക്കം 17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ സമാപനമാണ് കേരള സാഹിത്യോത്സവ്. 25 പുസ്തകങ്ങളെയും 17 എഴുത്തുകാരെയും സംബന്ധിച്ചുള്ള ചർച്ചയും സെമിനാറും കേരള സാഹിത്യോത്സവിനു മുന്നോടിയായി നടന്നു. മൂന്ന് ദിവസത്തെ സാഹിത്യ സാംസ്കാരിക ചർച്ചകളും മത്സര പരിപാടികളുമായി ഒരാഴ്ച നീണ്ടുനിൽക്കുന്നതാണ് കേരള സാഹിത്യോത്സവ്. പ്രമുഖ എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഉച്ചക്ക് 2.30 മുതൽ രാത്രി 9.30 വരെയാണ് ആദ്യത്തെ മൂന്ന് ദിവസത്തെ പരിപാടികൾ. ആദ്യദിനമായ നാളെ ലോക സാഹിത്യം, ഇംഗ്ലീഷ്, അറബി സാഹിത്യ മേഖലകളിലെ ആധുനിക രീതികൾ എന്നീ വിഷയങ്ങളിൽ പഠനങ്ങൾ നടക്കും. ബെന്യാമിൻ, എസ് ഹരീഷ്, പി ജാബിർ, സനീഷ് ഇളയിടത്ത്, ഉമർ ഇബ്റാഹീം, എം ജുബൈർ, ഡോ. താജുദ്ദീൻ, സ്വാബിർ സഖാഫി പങ്കെടുക്കും. രാത്രി ഒമ്പതിന് അറബ് കലാവിഷ്കാരങ്ങളോടെ ഒന്നാംദിനം സമാപിക്കും. ശനിയാഴ്ച ഗുർണയുടെ എഴുത്ത് ലോകം, എഴുത്തുകാരന്റെ പ്രത്യയശാസ്ത്രം, സൂഫീ സാഹിത്യം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. മുസഫർ അഹമ്മദ്, എം ജി സുരേഷ്, എം ലുഖ്മാൻ, ഡോ.സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, പി രാമൻ, കെ ബി ബശീർ, പി എസ് കെ മൊയ്തു ബാഖവി മാടവന, കെ ടി സൂപ്പി, ശഫീഖ് ബുഖാരി, ഇല്യാസ് സഖാഫി സംബന്ധിക്കും. സൂഫി ഖവാലിയോടെ സമാപിക്കും.
വെങ്കിടേഷ് രാമകൃഷ്ണൻ, ജോണി ലൂക്കോസ്, രാജീവ് ശങ്കരൻ, കവി വീരാൻ കുട്ടി സംബന്ധിക്കും. സമരപ്പാട്ടുകളോടെ മൂന്നാം ദിനത്തിലെ പരിപാടികൾ സമാപിക്കും. 9, 10 തീയതികളിൽ മൂവാറ്റുപുഴ പെഴക്കാ പള്ളിയിൽ വിദ്യാർഥികളുടെ കലാപരിപാടികൾ, ചർച്ചകൾ, പുസ്തക പ്രകാശനം എന്നിവയുണ്ടാകും. 144 മത്സര ഇനങ്ങളിൽ എട്ട് വിഭാഗങ്ങളിലായി 2,000 വിദ്യാർഥികൾ മത്സരിക്കും. ഐ പി ബി പുറത്തിറക്കുന്ന 33 പുസ്തകങ്ങളുടെ പ്രകാശനമുണ്ടാകും.



