Connect with us

kerala sahityolsav 22

കേരള സാഹിത്യോത്സവ്: മത്സര പരിപാടികൾക്ക് വെള്ളിയാഴ്ച തുടക്കം

2,000 മത്സരാർഥികൾ എട്ട് വിഭാഗങ്ങളിലായി 144 ഇനങ്ങളിൽ മത്സരിക്കും.

Published

|

Last Updated

മൂവാറ്റുപുഴ | എസ് എസ് എഫ് കേരള സാഹിത്യോത്സവിലെ മത്സര പരിപാടികൾക്ക് വെള്ളിയാഴ്ച മൂവാറ്റുപുഴ പെഴക്കാപ്പിള്ളിയിൽ തുടക്കമാകും. രണ്ട് ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 21,700 ബ്ലോക്ക്, 7,000 യൂണിറ്റ്, 648 സെക്ടർ, 120 ഡിവിഷൻ, തമിഴ്നാട്ടിലെ നീലഗിരി അടക്കം 17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ സമാപനമാണ്  കേരള സാഹിത്യോത്സവ്. 25 പുസ്തകങ്ങളെയും 17 എഴുത്തുകാരെയും സംബന്ധിച്ചുള്ള ചർച്ചയും സെമിനാറും കേരള സാഹിത്യോത്സവിനു മുന്നോടിയായി നടന്നു. എറണാകുളം ടൗൺഹാളിൽ നടന്ന മൂന്ന് ദിവസത്തെ സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് ശേഷമാണ് മത്സര പരിപാടികൾ നടക്കുന്നത്.

സെപ്തംബർ ഒമ്പത്, 10 തീയതികളിലായി നടക്കുന്ന പരിപാടിയിൽ വിദ്യാർഥികളുടെ കലാപരിപാടികൾ, ചർച്ചകൾ, പുസ്തക പ്രകാശനം എന്നിവയുണ്ടാകും. 2,000 മത്സരാർഥികൾ എട്ട് വിഭാഗങ്ങളിലായി 144 ഇനങ്ങളിൽ മത്സരിക്കും. ഐ പി ബി പുറത്തിറക്കുന്ന 33 പുസ്തകങ്ങളുടെ പ്രകാശനങ്ങളുമുണ്ടാകും. സെപ്തംബർ ഒമ്പതിന് ഉച്ചക്ക് 2.30 ന് നടക്കുന്ന മാധ്യമ സെമിനാറിൽ ദാമോദർ പ്രസാദ്, ടി എം ഹർഷൻ, സനീഷ് ഇളയിടത്ത്, രാം മോഹൻ പാലിയത്ത്, ടി എ അലി അക്ബർ സംബന്ധിക്കും. വൈകീട്ട് നാലിന് മത്സര പരിപാടികൾ ആരംഭിക്കും. അഞ്ച് മണിക്ക് ഡോ. രാജാ ഹരിപ്രസാദ് സാംസ്കാരിക പ്രഭാഷണം നിർവഹിക്കും. ശനി രാവിലെ ഒമ്പതിന് ജെൻഡർ പൊളിറ്റിക്സുമായി ബന്ധപ്പെട്ട് ചർച്ച നടക്കും. മുസ്തഫ പി എറക്കൽ, ഡോ.അബൂബക്കർ, സയ്യിദ് ആശിഖ് സംബന്ധിക്കും. 11ന് കേരള പാഠ്യപദ്ധതി ചട്ടക്കൂട് സംബന്ധിച്ച ചർച്ചയിൽ കെ വി മനോജ്, ഫിർദൗസ് സഖാഫി കടവത്തൂര്‍, ബശീർ ചെല്ലക്കൊടി സംസാരിക്കും.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് മുഖ്യാതിഥിയാകും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഫർ സന്ദേശ പ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എം മുഹമ്മദ് സ്വാദിഖ്, അബ്ദുൽ ജബ്ബാർ സഖാഫി പെഴക്കാപ്പള്ളി, മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻ്റ് വി എച്ച് അലി ദാരിമി, ജന. സെക്രട്ടറി സയ്യിദ് ഹാശിം തങ്ങൾ,  സെക്രട്ടറി സി എ ഹൈദ്രോസ് ഹാജി, സമസ്ത ജില്ല പ്രസിഡൻ്റ് കൽത്തറ അബ്ദുൽ ഖാദർ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇസ്മാഈൽ സഖാഫി നെല്ലിക്കുഴി, എസ് ജെ എം ജില്ലാ പ്രസിഡൻ്റ് അശ്റഫ് സഖാഫി, എസ് എം എ ജില്ല പ്രസിഡൻ്റ് സിദ്ദീഖ് മുസ്ലിയാർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ ജാബിർ സഖാഫി  പാലക്കാട്, എം മുഹമ്മദ് നിയാസ്, ഹാമിദലി സഖാഫി പാലാഴി സംസാരിക്കും. കേരള സാഹിത്യോത്സവിലെ വിജയികൾ നവംബര്‍ 18, 19, 20 തീയതികളിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന ദേശീയ സാഹിത്യോത്സവിൽ മത്സരിക്കും. അബ്ദുല്‍ ജബ്ബാര്‍ സഖാഫി പെഴക്കാപ്പിള്ളി ( സ്വാഗതസംഘം കണ്‍വീനര്‍), സി എൻ ജഅഫർ (ജനറൽ സെക്രട്ടറി എസ് എസ് എഫ് കേരള ), കെ എ സജീര്‍ (സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍, എസ് എസ് എഫ് കേരള), ടി എച്ച് നിസാര്‍ ( ജന: സെക്രട്ടറി, എസ് എസ് എഫ്  എറണാകുളം ജില്ല) വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest