Kerala
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ 'കാട്ടിലേക്ക്'; അര്‍ജുന്‍ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടര്‍
കെ എം എസ് സി എല്‍. എം ഡി രേണു രാജിനെയും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍
ശ്രീറാം വെങ്കിട്ടരാമൻ, ഡോ. രേണു രാജ്, അര്‍ജുന്‍ പാണ്ഡ്യൻ, അരുണ്‍ കെ വിജയൻ
തിരുവനന്തപുരം | ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റങ്ങൾ (Kerala IAS Reshuffle) വരുത്തി സംസ്ഥാന സർക്കാർ. സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പിൽ നിന്ന് മാറ്റി (IAS Transfer Updates). വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. അർജുൻ പാണ്ഡ്യനാണ് പുതിയ കൃഷി വകുപ്പ് ഡയറക്ടർ. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി സ്ഥാനത്ത് നിന്ന് ഡോ. രേണു രാജിനെയും മാറ്റിയിട്ടുണ്ട്. ഒപ്പം മൂന്ന് ജില്ലകളിൽ പുതിയ കളക്ടർമാരെയും നിയമിച്ചിട്ടുണ്ട്.
വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ച സ്നേഹിൽകുമാറിന് കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതല നൽകി. സംസ്ഥാന ലോട്ടറി ഡയറക്ടറായി കെ ഇമ്പശേഖറിനെ നിയമിച്ചു. അരുൺ കെ വിജയനാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി സിഇഒയായി ജി പ്രിയങ്കയെ നിയമിച്ചു. കില ഡയറക്ടറായി ശിഖ സുരേന്ദ്രന് നിയമനം നൽകി. ഡോ. കെ ഹരികുമാറാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ ഡയറക്ടർ.
പി ആർഡി ഡയറക്ടറായി സബിൻ സമീദിനെയാണ് നിയമിച്ചിരിക്കുന്നത്. വി ജയകൃഷ്ണനെ സ്മാർട്ട് സിറ്റി സിഇഒ ആയും വയോജനക്ഷേമ വകുപ്പിന്റെ ഡയറക്ടറായി അരുൺ എസ് നായരെയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം കളക്ടറായിരുന്ന അനുകുമാരിയെ ജിഎസ്ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചപ്പോൾ പകരം അഞ്ജു കെ എസിനെ പുതിയ തിരുവനന്തപുരം കളക്ടറാക്കി. ഒപ്പം കാസർകോട് ജില്ലാ കളക്ടറായി ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷിനെയും വി ചെൽസാസിനിയെ വയനാട് കളക്ടറായും നിയമിച്ചിട്ടുണ്ട്. ശ്രീധന്യക്ക് പകരം, അനു എസ് നായരെയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചിരിക്കുന്നത്.
തിരൂർ സബ് കളക്ടറായിരുന്ന ദിലീപ് കെ കൈനിക്കരയെ ശബരിമല എഡിഎം ആയി നിയമിച്ചു. ബിനു ഫ്രാൻസിസാണ് പുതിയ പട്ടിക വർഗ വികസന ഡയറക്ടർ. ഡി ധർമലശ്രീക്ക് ശുചിത്വമിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി. കെടിഡിസി എംഡിയായി സുമിത് കുമാർ താക്കൂറിനും കായിക യുവജന വകുപ്പ് ഡയറക്ടറായി അഖിൽ വി മേനോനും ഫിഷറീസ് ഡയറക്ടറായി മിസാൽ സാഗർ ഭരതിനും മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടറായി ഡോ. മിഥുൻ പ്രേം രാജിനും നിയമനം നൽകിയിട്ടുണ്ട്.
Content Highlights: The Kerala government reshuffled IAS officers across departments. Sreeram Venkitaraman transferred to Forest Dept. Three districts get new Collectors.



