Kerala
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണം: ഹൈക്കോടതി
കുടുംബ വഴക്കുകള്‍, ഗാര്‍ഹിക പീഡനം, അധിക്ഷേപ വാക്കുകള്‍ എന്നിവയുടെ പേരില്‍ മാത്രം ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ല.
കൊച്ചി | കുടുംബ വഴക്കുകള്‍, ഗാര്‍ഹിക പീഡനം, അധിക്ഷേപ വാക്കുകള്‍ എന്നിവയുടെ പേരില്‍ മാത്രം ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആത്മഹത്യയിലേക്ക് നയിച്ചതിന് കൃത്യമായ കുറ്റകരമായ ഉദ്ദേശ്യവും, സംഭവവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളും ഉണ്ടായാല്‍ മാത്രമേ സെക്ഷന്‍ 306 പ്രകാരം കേസ് നിലനില്‍ക്കൂവെന്ന് കോടതി നിരീക്ഷിച്ചു. 2020ല്‍ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍, ഭര്‍ത്താവിന്റെ സഹോദരിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെങ്കില്‍ പ്രതിക്ക് വ്യക്തിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കാനോ, പ്രകോപിപ്പിക്കാനോ, പ്രോത്സാഹിപ്പിക്കാനോ ഉള്ള വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരിക്കണം. കേവലം കുടുംബ വഴക്കുകളോ, പീഡന ആരോപണങ്ങളോ, ദേഷ്യത്തില്‍ പറയുന്ന വാക്കുകളോ കുറ്റകരമായ ഉദ്ദേശ്യമില്ലെങ്കില്‍ ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ല. പ്രതിയുടെ പ്രവര്‍ത്തനം വ്യക്തിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവുമായി നേരിട്ടോ തൊട്ടടുത്ത സമയത്തോ ബന്ധപ്പെട്ടതായിരിക്കണം.
എഫ് ഐ ആറിന് ആധാരമായ പ്രഥമ വിവര മൊഴിയില്‍ ഹരജിക്കാരി യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രത്യേക പ്രവൃത്തികളോ വാക്കുകളോ ഉപയോഗിച്ചതായി വ്യക്തമാക്കുന്നില്ല. മരണപ്പെട്ട യുവതിയുടെ ഡയറിയില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും, അത് പ്രധാനമായും ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചാണെന്ന് അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights:
The Kerala High Court ruled that direct evidence establishing clear instigation is essential to charge an individual with abetment to suicide under law. The court emphasized that mere harassment without intent or active provocation does not automatically attract criminal liability under Section 306.


