Connect with us

Kerala

കേരള ഹൈസ്പീഡ് റെയില്‍ പദ്ധതി; ഇ ശ്രീധരന്റെ അവകാശവാദങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

Published

|

Last Updated

തിരുവനന്തപുരം |  കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇ ശ്രീധരനെ തള്ളി കേന്ദ്രസര്‍ക്കാര്‍ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ശ്രീധരന്റെ അവകാശവാദങ്ങള്‍ കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡിഎംഎര്‍സിക്കും ശ്രീധരനും നിലവില്‍ യാതൊരു കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും കൈമാറിയിട്ടില്ലെന്ന് ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം മറുപടി നല്‍കിയെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി. ഹൈസ്പീഡ് റെയില്‍ പദ്ധതിയുമയി ബന്ധപ്പെട്ട് ഇ ശ്രീധരന്‍ പൊന്നാനിയില്‍ ഓഫീസ് തുറന്ന് സര്‍വേ നടപടികള്‍ നടത്തിയിരുന്നു. കേന്ദ്ര നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

കൊടിക്കുന്നില്‍ സുരേഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരള ഹൈസ്പീഡ് റെയില്‍ പദ്ധതിയില്‍ ഇ. ശ്രീധരന്റെ അവകാശവാദം കേന്ദ്രം തള്ളി; DMRCക്കും ശ്രീധരനും നിലവില്‍ യാതൊരു പങ്കുമില്ല. കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരന്‍ നടത്തിയ അടുത്തകാലത്തെ അവകാശവാദങ്ങള്‍ കേന്ദ്ര ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം തെറ്റാണെന്ന് വ്യക്തമായി.

2026 മാര്‍ച്ച് 19-ന് ലോക്‌സഭയില്‍ ഉന്നയിച്ച അണ്‍സ്റ്റാര്‍ഡ് ചോദ്യം നമ്പര്‍ 4518-ന് മറുപടിയായി, കേന്ദ്ര ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസല്‍ തയ്യാറാക്കുന്നതിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (DMRC)ക്കും ഇ. ശ്രീധരനും നിലവില്‍ യാതൊരു കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും നല്‍കിയിട്ടില്ലെന്നാണ്.ഇതിനോടൊപ്പം, അടുത്തകാലത്ത് കേരളത്തില്‍ നിന്നുള്ള ഹൈസ്പീഡ് റെയില്‍ അല്ലെങ്കില്‍ ആര്‍ആര്‍ടിഎസ് പദ്ധതികള്‍ക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും (DPR) കേരളം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

നഗര ഗതാഗത പദ്ധതികള്‍ പ്രധാനമായും സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും, കേന്ദ്ര സഹായം ലഭ്യമാകാന്‍ ഔദ്യോഗിക പ്രോപ്പോസലുകള്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും അറിയിച്ചു.2019-ല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് ഹൈസ്പീഡ് റെയില്‍ കോറിഡോറിനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഒരു DPR തയ്യാറാക്കിയിരുന്നതായി രേഖകളുണ്ട്. അന്ന് ഇ ശ്രീധരന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസറായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഒരുതവണ മാത്രമുള്ള നടപടി ആയിരുന്നുവെന്നും, നിലവില്‍ യാതൊരു തുടര്‍ച്ചയായ പങ്കോ ചുമതലയോ ഇല്ലെന്നും വ്യക്തമാക്കുന്നു.

കൂടാതെ, ഇന്ത്യയിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സിയായ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (NHSRCL) ആര്‍ടിഐ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഏതെങ്കിലും ഹൈസ്പീഡ് റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് DMRCക്കും ഇ. ശ്രീധരനും യാതൊരു കണ്‍സള്‍ട്ടന്‍സി അല്ലെങ്കില്‍ സാങ്കേതിക ചുമതലയും നല്‍കിയിട്ടില്ലെന്നതാണ്.ഇതിനുപുറമെ, റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, കേരളത്തില്‍ നിലവില്‍ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്ഗ്രഡേഷനും വേഗവര്‍ധന നടപടികളുമാണ്; പ്രത്യേക ഹൈസ്പീഡ് റെയില്‍ പദ്ധതി നിലവില്‍ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ല.ഈ സാഹചര്യത്തില്‍, കേരളത്തിലെ ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ ഇ. ശ്രീധരനോ DMRCയോ നിലവില്‍ പങ്കാളികളാണെന്ന അവകാശവാദങ്ങള്‍ക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി.

 

---- facebook comment plugin here -----

Latest