Connect with us

stop drugs

മയക്കത്തിലാകരുത് കേരളം

"ലഹരി മഹാമാരിക്ക് വാക്‌സീനില്ല' - സിറാജ് റിപോര്‍ട്ടര്‍ സി വി സാജു തയ്യാറാക്കിയ അന്വേഷണ പരമ്പരയോടുള്ള പ്രതികരണം.

Published

|

Last Updated

യക്കുമരുന്നിന്റെ ദുരന്തങ്ങളെ കുറിച്ച് ബോധ്യമുള്ള സമൂഹമായി കേരളം മാറിക്കഴിഞ്ഞു. നിരന്തരമായി അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ തീമഴയായി കേരളത്തെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ അതിന്റെ ഉപയോഗം ഇളംതലമുറയെ നോട്ടമിട്ടു കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍ അതിനെ എത്രമാത്രം ഗൗരവത്തില്‍ നമ്മുടെ സമൂഹത്തിലെ അധികാരി വര്‍ഗങ്ങള്‍ കൈകാര്യം ചെയ്തു എന്ന ചോദ്യം നിരന്തരം ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്.

ഒരു വ്യക്തിയുടെ സ്വഭാവരൂപവത്കരണവും സാമൂഹിക ബോധവും രൂപപ്പെടുന്ന കാലത്താണ് അവര്‍ മയക്കുമരുന്നിലേക്ക് അകപ്പെട്ടു പോകുന്നത്. കേരളം എന്തുകൊണ്ടാണ് ഇക്കാലമത്രയും അതിന്റെ സാമൂഹിക പ്രബുദ്ധതയും രാഷ്ട്രീയ പുരോഗതിയും വളര്‍ത്തിയെടുത്തത്, അതിനെ കീഴ്‌മേല്‍ മറിക്കുന്ന അപകടകരമായ ഒന്നായി മയക്കുമരുന്നിന്റെ ഉപയോഗം മാറിക്കഴിഞ്ഞു. നശിക്കുന്നത് ഏതെങ്കിലും വീടുകളിലെ യുവത്വം മാത്രമല്ല നമ്മുടെ നാടാണ്. അത്തരം തിരിച്ചറിവിലേക്ക് ഇനിയെങ്കിലും നമ്മുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എത്തിച്ചേരേണ്ടതുണ്ട്.

മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വളരെ ആഴവും പരപ്പുമുള്ള ശൃംഖലയുടെ ഭാഗമാണ്. അതിന്റെ പിന്നിലുള്ളത് അധോലോക ശക്തികളാണ്. ആ ശക്തി വളരെ അകലെ നിന്നുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഇടവഴികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നത്. പക്ഷേ ആ ഇടവഴികളില്‍ ഉള്ളത് നമ്മുടെ വീടുകളിലെ കുട്ടികളാണ്. അവരാണ് ഇരകളെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. അവര്‍ വീട്ടിലെത്തിയാല്‍ എങ്ങനെയാണ് ഒരു ദിവസം ചെലവഴിക്കുന്നത് എന്നുപോലും അന്വേഷിക്കാന്‍ കഴിയാത്ത വിധം നമ്മുടെ വീടകം മാറിക്കഴിഞ്ഞു. ഈ മാറ്റത്തിന് കാരണം, നാം തന്നെയാണ്. അത് ഇനിയെങ്കിലും രക്ഷിതാക്കള്‍ അംഗീകരിക്കണം. എന്റെ മക്കള്‍ ഇതിന്റെയൊന്നും ഭാഗമല്ല എന്ന രീതിയില്‍ സമാധാനത്തോടെ കഴിയുന്ന എത്രയോ രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. അവര്‍ അവരുടെ മക്കളെ അളക്കുന്നത് സ്വന്തം ജീവിതത്തില്‍ പുലര്‍ത്തിയ സത്യസന്ധതയെയും സാമൂഹിക പ്രതിബദ്ധതയെയും മുന്‍നിര്‍ത്തി കൊണ്ടാണ്. എന്നാല്‍ ആ വഴിയില്‍ തന്നെയാണോ തന്റെ മക്കള്‍ എന്ന ഒരു സംശയം രക്ഷിതാക്കള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അവര്‍ എവിടെ പോകുന്നു, എന്തിന് പോകുന്നു, എപ്പോള്‍ തിരിച്ചു വരുന്നു, ആരാണ് അവരുടെ കൂട്ടുകാര്‍, അവര്‍ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുടെ ഉറവിടം എന്താണ് എന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അവര്‍ അസമയത്ത് വീട്ടിലേക്ക് കയറി വരുമ്പോള്‍ വാതില്‍ തുറന്നു കൊടുത്ത്, എന്താണ് ഇത്രയും വൈകിയത് എന്ന് ചോദിക്കാന്‍ പോലും തയ്യാറാകാത്ത വീട്ടുകാരാണ് ഒന്നാമത്തെ കുറ്റക്കാര്‍. ഇത്തരം കാര്യങ്ങള്‍ അറിയാത്തവരല്ല നമ്മള്‍. എന്നാല്‍ ശുഭാപ്തി വിശ്വാസം നമ്മെക്കൊണ്ട് നമ്മുടെ മക്കളെ സംശയത്തോടെ നോക്കാന്‍ സമ്മതിക്കുന്നില്ല.

മയക്കുമരുന്നുമായി പിടിയിലായി എന്നറിയുമ്പോള്‍ മാത്രം ഞെട്ടിപ്പോകുന്ന രക്ഷിതാക്കള്‍. ഞങ്ങള്‍ ഉപയോഗവും വില്‍പ്പനയും തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്ന് നിയമപാലകരോട് സമ്മതിക്കുമ്പോള്‍ ആ രക്ഷിതാക്കള്‍ സ്വയം തോല്‍വി സമ്മതിച്ചു കൊടുക്കുകയാണ്. ഇത്രയും കാലം എന്തുകൊണ്ട് മക്കളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്ന ചോദ്യം ബാക്കിയാകുന്നു.

ആരാണ് വിതരണക്കാര്‍?

ആരാണ് മയക്കുമരുന്നിന്റെ വില്‍പ്പനക്കാര്‍? അവര്‍ എവിടെ നിന്ന് വരുന്നവരാണ്? ഈ ചോദ്യം സ്വാഭാവികമായി ചിലരിലെങ്കിലും ഉണ്ടാകും. ഉത്തരം വളരെ ലളിതമാണ്. നമുക്കിടയില്‍ തന്നെയാണ് വില്‍പ്പനക്കാര്‍. ഏതെങ്കിലും തരത്തില്‍ സൗഹൃദ വലയത്തില്‍പ്പെട്ട് ഒരു പ്രാവശ്യം ലഹരി നുണഞ്ഞവര്‍. പിന്നീട് അവര്‍ വില്‍പ്പനക്കാരായി മാറുന്നത് തങ്ങളുടെ കൂടി ഉപയോഗത്തിന് പണം കണ്ടെത്താനാണ്. നിമിഷനേരം കൊണ്ട് പണം മുളക്കുന്ന മരമാണ് താനെന്ന് പിന്നീട് ആ വ്യക്തി തിരിച്ചറിയുന്നു. അയാള്‍ മറ്റൊരു വ്യക്തിയെ കണ്ടെത്തി മയക്കുമരുന്ന് കൈമാറുന്നു. രണ്ടാമത്തെ വ്യക്തി അതിന്റെ രുചി അറിയുന്നതോടെ ഉപയോഗിക്കുന്നവനും വിതരണക്കാരനുമായി മാറുന്നു. അങ്ങനെ ദിവസങ്ങള്‍ കൊണ്ട് വലിയൊരു ചങ്ങലയായി വികസിക്കുകയാണ്. ഈ ചങ്ങലയില്‍ എവിടെയോ നമ്മുടെ വീടുകളിലെ മക്കളുണ്ട്. നിരന്തരമായി ഉപയോഗിക്കുന്നവര്‍ പിന്നീട് വില്‍പ്പനക്കാരനായി മാറും. ഇതില്‍ നിന്ന് എങ്ങനെ ഇത്തരം മനുഷ്യരെ രക്ഷിക്കാം എന്നാണ് ഇനി ചിന്തിക്കാനുള്ളത്.

മോചന മാര്‍ഗം

ലഹരിക്ക് അടിപ്പെട്ടവരെ രക്ഷിക്കുക സാമൂഹിക ഉത്തരവാദിത്വമാണ്. അതിന് എളുപ്പവഴികളില്ല. എന്നാല്‍ നിരന്തരമായ ശ്രമങ്ങള്‍ക്കൊണ്ട് ഈ മഹാ ദുരന്തത്തെ മറികടക്കാന്‍ കഴിയും. കൂട്ടംകൂട്ടമായി അപരിചിതമായ ഒരിടത്ത് കാണുന്ന വ്യക്തികളെ അവിടെ ചെന്ന് ബോധവത്കരിക്കുക എളുപ്പ വഴിയല്ല. കാരണം, നാം പറയുന്നത് കേട്ട് അവര്‍ മറ്റൊരിടത്തിലേക്ക് കൂടുമാറ്റും. പിന്നെ എന്താണ് വഴി? ഏറ്റവും പ്രായോഗികമായ വഴി മയക്കുമരുന്നുണ്ടാക്കുന്ന ദുരന്തങ്ങളെ കുറിച്ച് വ്യാപകമായ ബോധവത്കരണം നടത്തുക എന്നതാണ്. മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് 10 വര്‍ഷത്തില്‍ കൂടുതല്‍ ആരോഗ്യ അവസ്ഥയില്‍ ജീവിക്കാന്‍ കഴിയില്ല. ഈ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കണം.

നിയമ സംവിധാനങ്ങളുടെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകണം. ഏതെങ്കിലും തരത്തില്‍ ഭരണസംവിധാനങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും ഇത്തരം മനുഷ്യര്‍ക്ക് സഹായം ചെയ്യുന്ന അവസ്ഥയെ പൊതു സമൂഹം ചോദ്യം ചെയ്യണം. കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ കൃത്യമായ ശിക്ഷ നല്‍കണം.

നാട് എന്ന സമാധാനം

ഒരു നാട് അതിന്റെ മഹിമ രേഖപ്പെടുത്തുന്നത് അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഇടപെടല്‍ വഴിയാണ്. എല്ലാദേശങ്ങളിലും ഭൂരിപക്ഷവും നല്ല മനുഷ്യരാണ്. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ സമൂഹത്തിന് ഗുണകരമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. അത്തരത്തിലുള്ളവരെ തിരുത്തി സമൂഹത്തിന്റെ വളര്‍ച്ചക്കായി ഉപയോഗിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ഥം പൂര്‍ണമാകുന്നത്. നമുക്ക് ചുറ്റും നല്ല മനുഷ്യര്‍ ഉണ്ടാകണമെങ്കില്‍ നാം നല്ലതിനെക്കുറിച്ച് ചിന്തിക്കണം. അവ പ്രയോഗത്തില്‍ കൊണ്ടുവരണം.

ഇടപെടലിന്റെ വഴി

നേരത്തേ നമ്മുടെ നാട്ടില്‍ സജീവമായിരുന്ന സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ വീണ്ടും സജീവമാകണം. ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബുകള്‍ പഴയതുപോലെ പ്രവര്‍ത്തിച്ചാല്‍ കൗമാരക്കാരുടെ ശ്രദ്ധ അതിലേക്ക് പതിയും. എന്നു മാത്രമല്ല, കൂട്ടത്തില്‍ ഒരാള്‍ക്കുണ്ടാകുന്ന മാറ്റത്തെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയും. പഞ്ചായത്ത്, മുനിസിപ്പാലിറ്റിക്ക് ഈ കാര്യത്തില്‍ പലതും ചെയ്യാന്‍ കഴിയും. അതില്‍ ഒന്ന്, സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് രൂപം നല്‍കി ഇത്തരം പ്രവര്‍ത്തനങ്ങളുടെ ചുമതല അവരെ ഏല്‍പ്പിക്കുകയെന്നതാണ്. നാട്ടുകൂട്ടങ്ങള്‍ എല്ലായിടത്തും സജീവമായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

വിദ്യാലയങ്ങളിലെ ചതിക്കുഴികള്‍

മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും ഏറ്റവും പെട്ടെന്ന് വളരാനുള്ള സാധ്യതയാണ് വിദ്യാലയ ചുറ്റുവട്ടം. ഇവിടെ അധ്യാപകര്‍ക്കുള്ള ഇടപെടലിന്റെ സാധ്യത പരിമിതമാണ്. എന്നാല്‍ നാട്ടുകാര്‍ക്കും പി ടി എ കമ്മിറ്റിക്കും കൃത്യമായി ഇടപെടാന്‍ കഴിയും. സ്‌കൂള്‍ സമയത്ത് സ്ഥിരമായും അസ്വാഭാവികമായും കുട്ടികളെ പുറത്ത് കണ്ടാല്‍ അധ്യാപകരെ അറിയിക്കണം. അധ്യാപകര്‍ രക്ഷിതാക്കളെയും. സ്‌കൂള്‍ പ്രവൃത്തിയില്ലാത്ത ദിവസങ്ങളില്‍ അപരിചിതരുടെ സ്ഥിരം സന്ദര്‍ശനം, ആള്‍വാസമില്ലാത്തിടത്തെ കൂടിച്ചേരല്‍ എന്നിവയെല്ലാം ശ്രദ്ധയില്‍ പെട്ടാല്‍ നിയമ പാലകരെ അറിയിക്കണം. ക്ലാസ്സ് മുറികളിലും പുറത്തും കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന സ്വഭാവമാറ്റത്തെ രക്ഷിതാക്കളെ അറിയിക്കാന്‍ കഴിയണം. കുട്ടികള്‍ അമിതമായി പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. അതിന്റെ വഴിയറിയാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. മറ്റ് സ്ഥലങ്ങളില്‍ പഠിക്കുന്ന മക്കളെ കൃത്യമായി നിരീക്ഷിക്കണം. അവരില്‍ ഏതെങ്കിലും സ്വഭാവമാറ്റം ഉണ്ടായാല്‍ ഗൗരവത്തില്‍ കാണണം. ഇങ്ങനെ സര്‍വതലങ്ങളെയും സൂക്ഷ്മമായി നിരീക്ഷണ വിധേയമാക്കിക്കൊണ്ടേ മയക്കുമരുന്നില്‍ നിന്ന് യുവ തലമുറയെ രക്ഷിച്ചെടുക്കാന്‍ കഴിയൂ. മയക്കുമരുന്നിനെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് മത, സാംസ്‌കാരിക പ്രസ്ഥാനങ്ങളും നിരന്തരം സമൂഹത്തെ ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കണം. അല്ലാത്തപക്ഷം കേരളം ഉണരാത്ത മയക്കത്തിലേക്ക് ആണ്ടുപോകും.

Latest