Kerala
സിൽവർ ഇക്കോണമി ലക്ഷ്യമിട്ട് ബജറ്റ്; മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി രൂപ അനുവദിച്ചു
600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ എന്നിവയുടെ സാധ്യതകൾ സംയോജിപ്പിച്ചാണ് മിഷൻ സമുദ്ര പദ്ധതി നടപ്പിലാക്കുന്നത്
തിരുവനന്തപുരം | 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റിൽ സിൽവർ ഇക്കോണമിക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. നടത്തി. യുവാക്കൾ വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ജനസംഖ്യാ ഘടനയിലെ മാറ്റങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സിൽവർ ഇക്കോണമി രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിൽ വൻശക്തിയാക്കി മാറ്റുന്നതിനായി മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി രൂപ ബജറ്റിൽ വകയിരുത്തി. 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ എന്നിവയുടെ സാധ്യതകൾ സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്തുകൊണ്ട് റോഡ്, സമുദ്ര, റെയിൽ, ഉൾനാടൻ ജലപാതകൾ എന്നിവയെ ബന്ധിപ്പിച്ചുള്ള മാരിടൈം സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം ട്രാൻഷിപ്പ്മെന്റ് ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണ മേഖലകളും ഡ്രൈ പോർട്ടുകളും സ്റ്റഫിംഗ് സെന്ററുകളും ആരംഭിക്കും. ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തുമെന്നും കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇവിടെയുണ്ടാകുന്ന തൊഴിൽ അവസരങ്ങളിൽ തീരദേശവാസികൾക്ക് സംവരണം നൽകും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നോൺ മേജർ തുറമുഖങ്ങളായ വിഴിഞ്ഞം, കോവളം, കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയുടെ വികസനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും. മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വിദ്യാഭ്യാസം, മ്യൂസിയം എന്നിവ ഉൾപ്പെടുത്തി കേരള മാരിടൈം പോളിസി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വൻകിട-ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടം ഘട്ടമായി ജലഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights:
Kerala Budget 2026 prioritizes the Silver Economy and allocates 400 crore rupees for Mission Samudra. The project aims to develop Kerala into a major maritime power and port city by integrating road, rail, and inland waterways with major and minor ports.







