Connect with us

Kerala

സിദ്ധാര്‍ഥിന്റെ കൊലപാതകം ; എസ് എഫ് ഐയെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍

ക്യാമ്പസുകളെ ക്രിമിനലുകള്‍ക്ക് വിട്ട് നല്‍കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല

Published

|

Last Updated

തിരുവന്തപുരം | വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ എസ് എഫ് ഐ ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍. കേരളത്തിലെ ക്യാമ്പസുകളും ഹോസ്റ്റലുകളും പാര്‍ട്ടി ഗ്രാമങ്ങളായെന്നും എസ് എഫ് ഐ യെ ക്രിമിനല്‍ സംഘമായി വളര്‍ത്തിയ മുഖ്യമന്ത്രിയടക്കം ഈ കൊലപാതകത്തില്‍ ഉത്തരവാദികളാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. തിരുവന്തപുരത്ത് സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലും ആള്‍ക്കൂട്ട ആക്രമങ്ങള്‍ നടക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് സിദ്ധാര്‍ഥന്റെ കൊലപാതകം. എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്ത വിദ്യാര്‍ഥികളോട് പ്രതികാരമനോഭാവമാണ് പാര്‍ട്ടിക്കുള്ളതെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു.

റാഗിങ് നിയമം മൂലം നിരോധിച്ചത് 1998 ലാണ്. ആ സമയം ഞാന്‍ നിയമസഭാംഗമായിരുന്നു. ഇത് സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയില്‍ താനും ഉണ്ടായിരുന്നു. പിന്നീട് റാഗിങുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമം വന്നെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
വയനാട്ടിലേത് റാഗിങ് മാത്രമല്ലെന്നും ആള്‍കൂട്ട ആക്രമവും കൊലപാതകവുമാണ് സംഭവിച്ചതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ എസ് എഫ് ഐ ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി.
ആക്രമത്തില്‍ അധ്യാപരും കൂട്ടുനിന്നതായും ഡീനിന്റെയും അധ്യാപകരുടെയും പങ്ക് പുറത്ത് വരേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇവരെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് എഫ് ഐ ക്രിമിനലുകളെ അഴിഞ്ഞാടാന്‍ വിടുകയാണെന്നും മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഉന്നത വിദ്യഭ്യാസ മേഖല തകര്‍ച്ച നേരിടുന്നതിനിടയില്‍ ക്യാമ്പസുകളെ ക്രിമിനലുകള്‍ക്ക് വിട്ട് നല്‍കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.