Connect with us

Kannur

കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു

പ്രദേശത്ത് നിന്ന് ആനയുടെ ഒടിഞ്ഞ കൊമ്പിന്റെ ഭാഗം കണ്ടെടുത്തു.

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരുക്കേറ്റു. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പായം ഗ്രാമപഞ്ചായത്തിലെ വള്ളിത്തോട് പെരിങ്കേരിയിലാണ് സംഭവം. ചെങ്ങഴശ്ശേരി ജെയിംസിന്റെ മകൻ ജസ്റ്റിൻ ആണ് മരിച്ചത്. പരുക്കേറ്റ ഭാര്യ ജിനി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങി ആളപായമുണ്ടാക്കിയത്. റോഡില്‍ നിര്‍ത്തിയിട്ട ലോറി തകര്‍ക്കാനും ആന ശ്രമിച്ചു.

പ്രദേശത്ത് നിന്ന് ആനയുടെ ഒടിഞ്ഞ കൊമ്പിന്റെ ഭാഗം കണ്ടെടുത്തു. ആനയെ വനത്തിലേക്ക് തുരത്തിയോടിച്ചു. ജസ്റ്റിന്റെ കുടുംബത്തെ എക്സൈസ് മന്ത്രി എം വി ഗോവിന്ദനും സണ്ണി ജോസഫ് എം എൽ എയും സന്ദർശിച്ചു.

Latest