Kerala
കരിപ്പൂരില്‍ സ്വര്‍ണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവം നാടകം; യുവതിയും ഭര്‍ത്താവുമടക്കം നാല് പേര് പിടിയില്‍
ദുബൈയില്‍ നിന്ന് 18 പവന് സ്വര്‍ണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനി പ്രിയങ്കയുമായി നീല ബൊലേറോ കാര്‍ വിമാനത്താവളത്തിന് പുറത്തേക്ക് പായുകയായിരുന്നു
കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവരാന്‍ ശ്രമിച്ച സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. തട്ടിക്കൊണ്ടു പോകല്‍ ആസൂത്രിത നാടകമെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്വര്‍ണം കവര്‍ന്നതായി വരുത്തിത്തീര്‍ക്കാന്‍ സ്വര്‍ണവുമായി എത്തിയ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ നീക്കമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിനി പ്രിയങ്ക (34), ഭര്‍ത്താവ് റിനീഷ് എന്നിവരടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ദുബൈയില്‍ നിന്ന് 18 പവന് സ്വര്‍ണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനി പ്രിയങ്കയുമായി നീല ബൊലേറോ കാര്‍ വിമാനത്താവളത്തിന് പുറത്തേക്ക് പായുകയായിരുന്നു. സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ യുവാവ് കാറിന് പിന്നാലെ ഓടുന്നതും ശ്രദ്ധയില്‍പ്പെട്ടു.വിമാനത്താവളത്തില്‍ പട്രോളിങ്ങിനും തിങ്കളാഴ്ച നടന്ന കവര്ച്ചാശ്രമക്കേസിന്റെ അന്വേഷണത്തിനുമായി എത്തിയ കരിപ്പൂര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘവും പ്രത്യേക സ്ക്വാഡും ഉടന്‍ കാറിനെ പിന്തുടര്ന്നു. വിമാനത്താവളത്തില്‍നിന്ന് 12 കിലോമീറ്ററോളം അകലെ പുലിക്കല്‍ ആന്തിയൂര്‍ക്കുന്ന് റോഡിലേക്ക് തിരിഞ്ഞ കാറിനെ സാഹസികമായി തടഞ്ഞുനിര്‍ത്തി സംഘത്തെ കീഴടക്കി. ബലം പ്രയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.കണ്ണൂര്‍ സ്വദേശികളായ ശ്രീലാല്‍, പ്രിന്‍സ്, സുബിത്ത് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍.
സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മട്ടന്നൂര്‍ ശിവപുരം സ്വദേശി ജാബിറിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് അന്വേഷണത്തില്‍ , സ്വര്‍ണം കവര്‍ന്നതായി വരുത്തിത്തീര്‍ക്കാന്‍ പ്രിയങ്കയെ ഭര്‍ത്താവ് റിനീഷ് ബലംപ്രയോഗിച്ച് വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.നിരവധി കവര്‍ച്ചാക്കേസുകളില്‍ മുമ്പും പ്രതികളായിട്ടുള്ളവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
Content Highlights: Police uncovered that the alleged abduction of a woman carrying 18 sovereigns of gold at Karipur airport was a staged drama. The passenger Priyanka and her husband planned it to fake a robbery. Four suspects were taken into custody after a dramatic 12 km chase by Karipur police near Pulikkal.




