Kerala
പയ്യോളി പോക്‌സോ കേസ്; ഒന്നാം പ്രതി പോലീസ് കസറ്റഡിയില്‍
പീഡന പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നവെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കാത്തത് വിവാദമായിരുന്നു
കോഴിക്കോട് |പയ്യോളിയില്‍ 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി വ്യവസായിയും വടകര ചങ്ങരോത്ത് സ്വദേശിയുമായ അബ്ദുള്‍ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. പീഡന പരാതിയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നവെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കാത്തത് വിവാദമായിരുന്നു .ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതോടെയാണ് ഇന്ന് രാവിലെ പത്തരയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
പയ്യോളിയിലെ സ്വന്തം വീട്ടില്‍ വെച്ച് 13കാരിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും പോലീസ് മറ്റ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതിയുടെ വീടിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ കേസ് അന്വേഷിച്ച സി ഐ സാബുമോന്‍, സിപിഒ അബ്ദുള്‍ ഹമീദ് എന്നിവരെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അബ്ദുള്‍ റഫീഖ്, അവരുടെ ഒത്താശയോടെ കത്തികാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ സ്വന്തം വീട്ടില്‍ വെച്ച് നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. പഠനത്തില്‍ പിന്നോക്കം പോയതിനെ തുടര്‍ന്ന് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്.പയ്യോളി പോലീസ് രണ്ടാം പ്രതിയായ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തെങ്കിലും ഒന്നാം പ്രതി വിദേശത്തേയ്ക്ക് കടന്നുകളഞ്ഞു. പ്രതി വീണ്ടും നാട്ടിലെത്തിയിട്ടും ഇയാളെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല
Content Highlights: The first accused in the Payyoli 13-year-old girl assault case, businessman Abdul Rafeeq, has been taken into custody by Koyilandy police. His petition challenging the cancellation of bail was rejected by the court. Earlier, two police officers were suspended following public protests.


