Kerala
വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്; കാലടി സര്‍വകലാശാലയുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്
ജയിലില്‍ കഴിയുന്നവര്‍ക്ക് പോലും പരീക്ഷ എഴുതാന്‍ അവകാശമുണ്ടെന്ന് വിദ്യാര്‍ഥികള്‍. സസ്പെന്ഷന് നിലനില്‍ക്കെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നത് സ്വയംഭരണാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്ന് സര്‍വകലാശാല.
കൊച്ചി | ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ഡിവിഷന് ബഞ്ച് ഹരജി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്, ജസ്റ്റിസ് മുരളി കൃഷ്ണ എസ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്.
പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ തങ്ങള്‍ക്കുണ്ടെന്നും പരീക്ഷ തടയാന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. സസ്പെന്‍ഷനിലായിട്ട് 61 ദിവസമായെന്നും ഈ കാലയളവില്‍ മാത്രമാണ് ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും വിദ്യാര്‍ഥികള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ ഹാജര്‍ നേരത്തേ തന്നെ നേടിയിട്ടുണ്ട്. ജയിലില്‍ കഴിയുന്നവര്‍ക്ക് പോലും പരീക്ഷ എഴുതാന്‍ അനുമതി നല്‍കാറുണ്ടെന്നിരിക്കെ തങ്ങളെ പരീക്ഷയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് എന്തിനാണെന്ന് വിദ്യാര്‍ഥികള്‍ ചോദിച്ചു. പഠിക്കാനുള്ള അവകാശം പോലെ തന്നെ പരീക്ഷ എഴുതാനും അവകാശമുണ്ടെന്നും വിദ്യാര്‍ഥികളുടെ അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കി. തിയേറ്റര്‍ ഡ്രാമ ഡിപാര്‍ട്ട്മെന്റിലെ ലൈറ്റ് സംവിധാനങ്ങള്‍ കേടായതുള്പ്പെടെ ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് സമരം ചെയ്തതെന്നും വി സിയെ അക്രമിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ ബോധിപ്പിച്ചു. പ്രതീകാത്മക നാടകത്തെ വി സി വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ വളച്ചൊടിക്കുകയായിരുന്നു. ആറുമാസത്തെ സെമസ്റ്ററില്‍ 62 ദിവസത്തിലേറെയായി തങ്ങളെ സസ്പെന്‍ഡ് ചെയ്ത് അധ്യയന വര്‍ഷം നഷ്ടപ്പെടുത്താനാണ് അധികൃതര്‍ ശ്രമിക്കുന്നത്. പരീക്ഷയെഴുതാന്‍ സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിട്ടും പരീക്ഷാ ഫീസ് അടക്കാനുള്ള വെബ്സൈറ്റ് പോര്‍ട്ടല്‍ തുറന്നുനല്‍കാതെ സര്‍വകലാശാല കോടതി ഉത്തരവ് ലംഘിച്ചതായും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഗസ്റ്റ് 13-ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വൈസ് ചാന്‍സലറെ പ്രതീകാത്മകമായി ശവസംസ്കാരം നടത്തി അപമാനിക്കാനും വി സിയുടെ വാഹനം തകര്‍ക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചുവെന്ന് സര്‍വകലാശാല ആരോപിച്ചു. സിംഗിള്‍ ബഞ്ച് സസ്പെന്ഷന് ഉത്തരവ് റദ്ദാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ക്യാമ്പസില്‍ പ്രവേശിപ്പിക്കുന്നത് നിലവിലെ അച്ചടക്ക അന്വേഷണ നടപടികളെ ദോഷകരമായി ബാധിക്കും. സസ്പെന്ഷന് നിലനില്‍ക്കെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നത് സര്‍വകലാശാലയുടെ സ്വയംഭരണാധികാരത്തെയും അച്ചടക്ക നടപടികളെയും ദുര്‍ബലപ്പെടുത്തുമെന്നും ഇതിനായി പരീക്ഷാ ക്രമീകരണങ്ങള്‍ അപ്പാടെ മാറ്റേണ്ടി വരുമെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു.
പരീക്ഷ എഴുതാന്‍ അടിയന്തരമായി അനുമതി നല്‍കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം കണക്കിലെടുത്ത ഡിവിഷന് ബഞ്ച് വിശദമായ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കാന്‍ സസ്പെന്‍ഷനിലായ 16 വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഒക്ടോബര്‍ 30നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് സര്‍വകലാശാല ഡിവിഷന് ബഞ്ചിനെ സമീപിച്ചത്.
Content Highlights:The Division Bench of the Kerala High Court will issue its verdict on the appeal filed by Kalady Sanskrit University. The university challenged the Single Bench order that permitted suspended SFI students to sit for their exams. SFI activists are launching a hunger strike against the condition to submit a written apology.


