Connect with us

National

കശ്മീരിലെ അനന്ത്‌നാഗില്‍ ജവാനെ കാണാതായി; രണ്ട് ഭീകരരെ സൈന്യം വളഞ്ഞു

അനന്ത്‌നാഗിലെ കൊകേര്‍നാഗ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരര്‍ക്കായി കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക തെരച്ചിലാണ് ഇവിടെ സൈന്യം നടത്തുന്നത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. രണ്ട് ലഷ്‌കര്‍ ഭീകരരെ സുരക്ഷസേന വളഞ്ഞതായി ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. ഇതിനിടെ ഏറ്റുമുട്ടല്‍ നടക്കുന്ന അനന്ത്‌നാഗില്‍ ഒരു ജവാനെ കാണാതായി. ഇദ്ദേഹത്തിനായും തെരച്ചില്‍ തുടങ്ങി. അനന്ത്‌നാഗിലെ കൊകേര്‍നാഗ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരര്‍ക്കായി കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക തെരച്ചിലാണ് ഇവിടെ സൈന്യം നടത്തുന്നത്.

ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് സൈന്യവും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ഭീകരരെ വളയാന്‍ സുരക്ഷസേനക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചു. മേഖലയില്‍ ഇന്ന് രാവിലെയും ഏറ്റുമുട്ടല്‍ നടന്നതായാണ് വിവരം.

ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് സുരക്ഷസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ജവാനെ കാണാതാവുകയും ചെയ്തു. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ ആഷിഷ് ദോന്‍ചാകിന്റെ മൃതദേഹം ഹരിയാനയിലെ പാനിപ്പത്തില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം സൈനീക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങിന്റെ മൃതദേഹം ജന്മനാടായ പഞ്ചാബിലെ മുള്ളാന്‍പൂരിലേക്ക് കൊണ്ടുപോയി. പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഈ ബുധനാഴ്ചയാണ് അനന്തനാഗിലെ കൊകേര്‍നാഗില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നത്. രജൗരിയിലെ ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു അനന്ത്‌നാഗില്‍ വെടിവെപ്പ് ഉണ്ടായത്.