Ongoing News
ജ്വലിച്ച് ജയ്‌സ്വാള്‍; രാജസ്ഥാന് രാജകീയ ജയം
ഐ പി എല്‍ ചരിത്രത്തിലെ എക്കാലത്തെയും വേഗതയേറിയ അര്‍ധശതകവും ജയ്സ്വാള്‍ സ്വന്തം പേരില്‍ കുറിച്ചു. 13 പന്തില്‍ നിന്നാണ് ഫിഫ്റ്റി നേട്ടം.

കൊല്‍ക്കത്ത | കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം. ഒമ്പതു വിക്കറ്റിനാണ് റൈഡേഴ്‌സിനെ റോയല്‍സ് തകര്‍ത്തെറിഞ്ഞത്. കൊല്‍ക്കത്ത മുന്നോട്ടുവച്ച 150 റണ്‍സ് വിജയലക്ഷ്യം വെറും 13.1 ഓവറില്‍ രാജസ്ഥാന്‍ അടിച്ചെടുത്തു. സ്‌കോര്‍: കൊല്‍ക്കത്ത- 149/8, രാജസ്ഥാന്‍- 151/1 (13.1). തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്കു ശേഷമാണ് രാജസ്ഥാന്റെ ജയം. ഇതോടെ ടീം പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണ എറിഞ്ഞ ഒന്നാം ഓവറില്‍ തന്നെ 26 റണ്‍സ് അടിച്ചെടുത്ത യശ്വസി ജയ്സ്വാള്‍ കൊല്‍ക്കത്തക്ക് കനത്ത പ്രഹരം നല്‍കി. 6, 6, 4, 4, 2, 4 എന്നിങ്ങനെയായിരുന്നു ജയ്സ്വാളിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഐ പി എല്‍ ചരിത്രത്തിലെ എക്കാലത്തെയും വേഗതയേറിയ അര്‍ധശതകവും ജയ്സ്വാള്‍ സ്വന്തം പേരില്‍ കുറിച്ചു. 13 പന്തില്‍ നിന്നാണ് ഫിഫ്റ്റി നേട്ടം. ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണിത്. സീസണിലെ ജയ്‌സ്വാളിന്റെ നാലാം ഫിഫ്റ്റി കൂടിയാണിത്. 47 പന്തില്‍ നിന്ന് 98* റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.
ഡക്കായി ജോസ് ബട്ട്്‌ലര്‍ മടങ്ങിയപ്പോള്‍ 29 പന്തില്‍ നിന്ന് 48 റണ്‍സുമായി നായകന്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ചരിത്ര നേട്ടവുമായി ചാഹല്‍
ഐ പി എല്‍ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി രാജസ്ഥാന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡ്വെയ്ന്‍ ബ്രാവോയുടെ 183 വിക്കറ്റുകളുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണയുടെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് ബ്രാവോയെ മറികടന്നത്.
കൊല്‍ക്കത്ത നിരയില്‍ വെങ്കടേഷ് അയ്യരാണ് (57) ടോപ് സ്‌കോറര്‍.