Connect with us

Uae

യു എ ഇ ബഹിരാകാശ ദൗത്യത്തിന്റെ ചിറകിലേറിയിട്ട് നാല് വര്‍ഷം

യു എ ഇയുടെ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ ശാസ്ത്രീയ ദൗത്യം ആരംഭിച്ചത് 2019 സെപ്തംബര്‍ 25-നാണ്.

Published

|

Last Updated

ദുബൈ | യു എ ഇ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിലേക്ക് കുതിച്ചിട്ട് ഇന്നലെ നാല് വര്‍ഷം പിന്നിട്ടു. ആയിരങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് യു എ ഇയുടെ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ ശാസ്ത്രീയ ദൗത്യം ആരംഭിച്ചത് 2019 സെപ്തംബര്‍ 25-നാണ്. തുടര്‍ന്ന് നിരവധി ബഹിരാകാശ പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നേറി.

സുല്‍ത്താന്‍ അല്‍നെയാദി അറബ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയതോടെ യു എ ഇ മേഖലയില്‍ ബഹിരാകാശ പര്യവേഷണത്തില്‍ മുന്‍നിരയിലാണ്. ബഹിരാകാശ നടത്തത്തിന് നേതൃത്വം നല്‍കിയ ആദ്യ രാജ്യം എന്ന ബഹുമതി യു എ ഇക്കാണ്.

2018-ല്‍ 4,000-ലധികം ബഹിരാകാശ യാത്രികരില്‍ നിന്നാണ് അല്‍ മന്‍സൂരിയും അല്‍ നെയാദിയും തിരഞ്ഞെടുക്കപ്പെട്ടത്. ദൗത്യത്തിനായുള്ള തയ്യാറെടുപ്പിനായി ഇവര്‍ ദീഘകാല പരിശീലനത്തിന് വിധേയരായി. റോസ്‌കോസ്മോസ്, നാസ, ഇ എസ് എ, ജാക്സ എന്നിവയുള്‍പ്പെടെ പ്രമുഖ ബഹിരാകാശ ഏജന്‍സികളുമായി യു എ ഇയുടെ ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ (എം ബി ആര്‍ എസ് സി) പങ്കാളിത്ത കരാറുകള്‍ ഒപ്പുവച്ചതോടെയാണ് ഈ രംഗത്ത് രാജ്യം സജീവമാകുന്നത്.

അല്‍ മന്‍സൂരി യു എ ഇയുടെ ആദ്യത്തെ ബഹിരാകാശ ശാസ്ത്ര ദൗത്യം ആരംഭിച്ചതോടെ, ബഹിരാകാശത്തെത്തുന്ന 19-ാമത്തെ രാജ്യമായും അറബ് മേഖലയിലെ ആദ്യ രാജ്യമായും യു എ ഇ മാറി.

രണ്ടാമത്തെ ബാച്ച് തയ്യാര്‍
ബഹിരാകാശ യാത്രികരുടെ രണ്ടാമത്തെ ബാച്ച് അടുത്ത ഘട്ടത്തിനുള്ള തീവ്ര പരിശീലനത്തിലാണ്. നൂറ അല്‍ മത്രൂഷിയും മുഹമ്മദ് അല്‍ മുല്ലയുമാണ് ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 4,305 അപേക്ഷകരില്‍ നിന്നാണ് അവരെ തിരഞ്ഞെടുത്തത്.

2017-ല്‍ ആരംഭിച്ച യു എ ഇ ബഹിരാകാശയാത്രാ പരിപാടി , ‘സായിദിന്റെ അഭിലാഷം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. യു എ ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഇത് ശാസ്ത്ര നേട്ടങ്ങളില്‍ രാജ്യത്തെ മുന്‍പന്തിയിലെത്തിക്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്.

പുതിയ സ്‌പേസ് മിഷന് സജ്ജമാണെന്ന് ദുബൈ കിരീടാവകാശി
പുതിയ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് യു എ ഇ സജ്ജമാണെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. സുല്‍ത്താന്‍ അല്‍ നെയാദി, സായിദ് അംബിഷന്‍ സംഘം എന്നിവരുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.