Kerala
വാഹനാപകടത്തില്‍ മരിച്ച കിളിമാനൂര്‍ സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്തു
തിരുവനന്തപുരം അടയമണ്‍ നെല്ലിക്കുന്ന് അശ്വമാലികയില്‍ ജിജിന്‍ (37) ന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.
തിരുവനന്തപുരം | വാഹനാപകടത്തില്‍ മരിച്ച തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് ഗ്രന്ഥി, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അടയമണ്‍ നെല്ലിക്കുന്ന് അശ്വമാലികയില്‍ ജിജിന്‍ (37) വാഹനാപകടത്തില്‍പ്പെട്ടത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തുവരികയായിരുന്നു.
കല്ലമ്പലത്തിന് സമീപം തോട്ടക്കാട് വച്ച് കാറിന് പിന്നില്‍ ജിജിന്‍ ഓടിച്ച ബൈക്കിടിക്കുകയായിരുന്നു. അപകടത്തില്‍ ജിജിന് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് ഇന്നലെയോടെയായിരുന്നു ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. ഇതോടെ ജിജിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.



