Connect with us

Articles

ഇസ്‌റാഈൽ ഭീകരതയുടെ അടിയാധാരം

"എല്ലാവരും കരുതിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സേനയാണ് ഇസ്‌റാഈലിന്റേതെന്നാണ്. എന്നാൽ അത് നന്നായി പരിശീലിപ്പിക്കപ്പെട്ട, നന്നായി ആയുധവത്കരിക്കപ്പെട്ട, നന്നായി തീറ്റിപ്പോറ്റപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ്. അവർക്ക് യൂനിഫോമൊക്കെയുണ്ട്. ജനറൽമാരും സൈനിക നേതൃത്വവുമൊക്കെയുണ്ട്. പക്ഷേ ആ സംഘത്തിന്റെ ആത്യന്തിക ലക്ഷ്യം ഭീകരതയാണ്.

Published

|

Last Updated

ഗസ്സയിൽ ഒരോ പത്ത് മിനുട്ടിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുന്നുവെന്നാണ് ദി ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷനൽ പുറത്ത് വിട്ട കണക്ക്. ഈ കണക്ക് വരണ്ട അക്കങ്ങളല്ല. സുരക്ഷിതത്വത്തിന്റെ സുഖശീതളിമയിൽ ജീവിക്കുമ്പോൾ മനസ്സിലാക്കാനാകാത്ത വിധം ഭയാനകവും വേദനാപൂർണവുമായ അവസ്ഥയുടെ നേർസാക്ഷ്യമാണത്. അൽ അഹ്‌ലി ആശുപത്രി മുറ്റത്ത് വട്ടം കൂടി നിന്ന് കളിക്കുന്ന കുഞ്ഞുങ്ങളുടെയും അവരുടെ ഉമ്മമാരുടെയും മനോഹരമായ ദൃശ്യം തുർക്കിയയിൽ നിന്നുള്ള ഒരു ചാനൽ പുറത്ത് വിട്ടിരുന്നു. ലോകത്തിന്റെ ഏത് കോണിൽ നിന്നെടുത്താലും ഇത്തരം ഒരു ദൃശ്യം നയനാനന്ദകരമായിരിക്കും. കാരണം അതിൽ കുട്ടികളുണ്ട്. അവരുടെ നക്ഷത്ര കണ്ണുകളുണ്ട്. കളങ്കമേലാത്ത പുഞ്ചിരിയുണ്ട്. ആവേശമുണ്ട്. ഊർജമുണ്ട്. ചടുലതയുണ്ട്. എന്നാൽ ഈ ദൃശ്യം ലോകത്തിന്റെ മുഴുവൻ കരച്ചിലായി മാറുന്നത് ആ ആശുപത്രി ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സ് (ഐ ഡി എഫ്) ബോംബിട്ട് തകർത്തതിന് ശേഷമാണ്. ഈ ദൃശ്യത്തിൽ കാണുന്ന കുഞ്ഞുങ്ങളെല്ലാം ഇന്ന് ഖബറകത്താണ്. അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ ഖൽബും ആ ഖബറകത്താണ്. നിമിഷാർധം കൊണ്ട് ചേതനയറ്റ ചോരപ്പൂക്കളായി മാറുന്ന ഈ കുഞ്ഞുങ്ങൾ എന്തുകൊണ്ടാണ് വിശ്വപൗരൻമാരെയും മഹാവിവരസ്ഥരെയും ഉലയ്ക്കാത്തത്? ഇസ്‌റാഈൽ സൈന്യവും അവരെ നിയന്ത്രിക്കുന്നവരും ഭീകരപ്രവർത്തനമാണ് ചെയ്യുന്നതെന്ന് കൃത്യമായി പറയാൻ സാധിക്കാത്തതെന്താണ്?

ഇതല്ലേ ഭീകരത
“ദി ജനറൽസ് സൺ: ജേർണി ഓഫ് ആൻ ഇസ്‌റാഈലി ഇൻ ഫലസ്തീൻ’ എന്ന പുസ്തകത്തിന്റെ രചയിതാവും ആക്ടിവിസ്റ്റും ഐ ഡി എഫ് ജനറലിന്റെ മകനുമായ മൈകോ പെലഡ് (Miko Peled)) 2021ൽ സിയാറ്റിലിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു: “എല്ലാവരും കരുതിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സേനയാണ് ഇസ്‌റാഈലിന്റേതെന്നാണ്. എന്നാൽ അത് നന്നായി പരിശീലിപ്പിക്കപ്പെട്ട, നന്നായി ആയുധവത്കരിക്കപ്പെട്ട, നന്നായി തീറ്റിപ്പോറ്റപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടനയാണ്. അവർക്ക് യൂനിഫോമൊക്കെയുണ്ട്. ജനറൽമാരും സൈനിക നേതൃത്വവുമൊക്കെയുണ്ട്. പക്ഷേ ആ സംഘത്തിന്റെ ആത്യന്തിക ലക്ഷ്യം ഭീകരതയാണ്. ഒറ്റ ഉദാഹരണം ഞാൻ പറയാം. 2008ൽ ഗസ്സക്ക് മേൽ ആക്രമണം നടന്നു. സെപ്തംബർ 27 രാവിലെയായിരുന്നു ആദ്യത്തെ ബോംബിംഗ്. ആ ദിനത്തെ ജൂത ചരിത്രത്തിലെ ഏറ്റവും അപമാനകരമായ ദിനമായാണ് ഞാൻ കാണുന്നത്. 21 ദിവസത്തെ ബോംബിംഗ് തുടങ്ങിയത് കാർപറ്റ് ബോംബിംഗിലൂടെയാണ്. അന്ന് തന്നെ 100 ടൺ ബോംബ് വർഷിച്ചു. ഒരു ടൺ ബോംബ് കൊണ്ട് തന്നെ നഗരം തകർക്കാമായിരുന്നു. ഗസ്സ ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ്. അവിടെ എട്ട് ലക്ഷം കുട്ടികളുണ്ട്. രാവിലെ 11.25 ആണ് ബോംബിംഗിന് തിരഞ്ഞെടുത്ത സമയം. ആ സമയത്തിന് ഒരു പ്രത്യേകതയുണ്ട്. അപ്പോഴാണ് സ്‌കൂൾ ഷിഫ്റ്റ് മാറുന്നത്. സ്‌കൂൾ വിട്ടു വരുന്നവരും സ്‌കൂളിലേക്ക് പോകുന്നവരുമായി മുഴുവൻ കുട്ടികളും തെരുവിലുണ്ടാകും. ആക്രമണം തുടങ്ങാൻ ആ സമയം തന്നെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ലേ. ഇതിന് എന്ത് ന്യായീകരണമാണ് ഉള്ളത്. ഇത് ഭീകരവാദമല്ലെങ്കിൽ മറ്റെന്താണ് ഭീകരത?’
മൈകോ പെലഡിന്റെ ഈ വാക്കുകളുടെ അർഥം തേടി പോകുന്നവർ ചില ചോദ്യങ്ങളിൽ ചെന്നെത്തും. ഒരു രാജ്യത്തിന്റെ സൈന്യം ഭരണകൂടത്തിന്റെ ഉപകരണം മാത്രമല്ലേ. അതിലെ അംഗങ്ങൾ ചെയ്യുന്നത് ഉത്തരവ് നടപ്പാക്കുക മാത്രമല്ലേ? സൈനികർ എന്ത് പിഴച്ചു? എന്നാൽ ഇസ്‌റാഈൽ സൈന്യം രൂപപ്പെടുന്നതിന്റെ ചരിത്രം വായിച്ചാൽ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും. 1917ൽ ബാൽഫർ പ്രഖ്യാപനം നടത്തി ബലാത്കാരമായി ഇസ്‌റാഈൽ രാഷ്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടൻ തുല്യം ചാർത്തുന്നതിന് മുമ്പ് തന്നെ ഫലസ്തീൻ മണ്ണിലേക്ക് സയണിസ്റ്റ് കുടിയേറ്റം തുടങ്ങിയിരുന്നു. തോറയിലെയും പഴയനിയമത്തിലെയും സംഭവങ്ങളെ ഓർത്ത് ഭക്ത്യാദരപൂർവം ഈ പ്രദേശത്തേക്ക് തീർഥയാത്ര നടത്തിയവരായിരുന്നില്ല അവർ. അങ്ങനെ വിലാപമതിലിൽ വന്ന് വിലപിച്ച ചെറുസംഘങ്ങളൊന്നും മതരാഷ്ട്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടവരല്ല. തങ്ങളുടെ വംശജർ അവിടെ സ്വസ്ഥമായി ജീവിക്കുകയാണെന്നും ആട്ടിയോടിക്കലും കൂട്ടക്കൊലയും നടക്കുന്നത് യൂറോപ്പിലാണെന്നും സമാധാന കാംക്ഷികളായ ജൂത വിശ്വാസികൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഫലസ്തീൻ പ്രദേശത്ത് നിതാന്തമായ അശാന്തി വിതക്കുന്ന നടപടിയായിരിക്കും അവിടെ ജൂത രാഷ്ട്രം പണിയുന്നത് എന്ന് വ്യക്തമായി പറഞ്ഞവരാണ് അക്കൂട്ടത്തിലെ ബുദ്ധിയുള്ളവരെല്ലാം. എന്നാൽ രാഷ്ട്രീയ സയണിസ്റ്റുകൾ പ്രചണ്ഡ പ്രചാരണം അഴിച്ചു വിട്ടു. ജൂത ജനത അനുഭവിക്കുന്ന പീഡനങ്ങളുടെ നേർ കഥകൾ മാത്രമല്ല അവർ പാടിനടന്നത്. നിറം പിടിപ്പിച്ച കഥകൾ കൂടിയാണ്. ഹോളോകോസ്റ്റ് യാഥാർഥ്യം മാത്രമല്ല, മിത്തും കൂടിയാണെന്ന് ഗവേഷകർ പറയുന്നത് ഈ പശ്ചാത്തലത്തിലാണ്. നിരവധി പുസ്തകങ്ങൾ, സിനിമകൾ, അനുഭവ ആഖ്യാനങ്ങൾ… സമ്പന്ന സയണിസ്റ്റുകൾ പണം ഇടിച്ചു തള്ളി.
ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സംഘടിത കുടിയേറ്റത്തിന് ആസൂത്രിതമായ നീക്കങ്ങൾ രാഷ്ട്രീയ സയണിസ്റ്റുകൾ നടത്തി. വൃദ്ധരോടും ആയുധം പ്രയോഗിക്കാൻ ത്രാണിയില്ലാത്തവരോടും ചഞ്ചല ചിത്തരോടും അതതിടങ്ങളിൽ തന്നെ കഴിയാൻ പറഞ്ഞു. യുവാക്കളും രക്തത്തിൽ സയണിസ്റ്റ് സ്പിരിറ്റുള്ളവർക്കുമായിരുന്നു മുൻഗണന. അവർക്ക് ആയുധവും പണവും യഥേഷ്ടം നൽകി. പരിശീലനം നൽകി. പുറപ്പെട്ടു പോരുന്ന ഇടത്തെ പൗരത്വം നിലനിൽക്കുമെന്ന ഉറപ്പും നൽകി. ഇരുപതുകളിൽ അനധികൃത കുടിയേറ്റം ഏറ്റവും ശക്തമായി.

ബ്രിട്ടീഷ് വൈറ്റ് പേപർ
തുടക്കത്തിൽ ഉദാസീനരായ അറബ് സമൂഹം ചെറിയ രീതിയിലുള്ള ചെറുത്തുനിൽപ്പുകൾക്ക് മുതിർന്നു. ബ്രിട്ടീഷ് മേലധികാരികളോടായിരുന്നു അവരുടെ കലഹം. ഐതിഹാസികമായ സമരങ്ങൾ നടന്നു. കർഷക സംഘടനകൾ നേതൃത്വം വഹിച്ച പണിമുടക്ക് സമരങ്ങൾ. പ്രകടനങ്ങൾ. ആശയ പ്രചാരണങ്ങൾ. സംഭാഷണങ്ങൾ. തീർച്ചയായും സമാന്തരമായി സായുധ നീക്കങ്ങളും നടന്നു. അറബ് കലാപം (The Arab riots in 1920 and 1921) എന്ന് സയണിസ്റ്റുകളും പാശ്ചാത്യ ചരിത്രകാരൻമാരും വിളിച്ചാക്ഷേപിക്കുന്ന ഈ ചെറുത്തുനിൽപ്പ് സമരങ്ങളെ ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികൾ ആവേശപൂർവമാണ് വിലയിരുത്തിയത്. ഇന്ത്യയിലെ കിസാൻ സഭയും സോഷ്യലിസ്റ്റ് കോൺഗ്രസ്സുമെല്ലാം ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സമരപരമ്പരക്കൊടുവിൽ ബ്രിട്ടീഷ് അധികാരികൾ വഴങ്ങി. സയണിസ്റ്റ് കുടിയേറ്റം നിയന്ത്രിക്കാൻ തീരുമാനിച്ചു. ബ്രിട്ടൻ വൈറ്റ് പേപർ ഇറക്കി. ചർച്ചിൽ പേപർ എന്ന് വിളിക്കുന്ന ഈ രേഖ പ്രകാരം ജൂത കടിയേറ്റം അഞ്ച് വർഷത്തേക്ക് പ്രതിവർഷം 10,000 പേരായി നിജപ്പെടുത്തി. ബാൽഫർ പ്രഖ്യാപനത്തിൽ ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടും സയണിസ്റ്റുകൾ പാല് കൊടുത്ത കൈക്ക് തന്നെ കടിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ആക്രമണത്തിന് കോപ്പു കൂട്ടി.

ഹഗാന- ലക്ഷണമൊത്ത ഭീകര സംഘടന
ഇതിന്റെ ഭാഗമായി ഉണ്ടാക്കിയ ഭീകര സംഘടനയാണ് ഹഗാന (Haganah). ഒരേ സമയം അറബ് സമൂഹത്തിന് മേലും ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് മേലും അക്രമം അഴിച്ചു വിടുകയായിരുന്നു ലക്ഷ്യം. ആയിരക്കണക്കിന് യുവാക്കൾ ഈ ഭീകര സംഘടനയിൽ അംഗങ്ങളായി. ലോകത്ത് നിന്നാകെ ഇതിന് പണമൊഴുകി. ആയുധവും. യു എസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശീലനം നൽകി. 1930കൾ ആകുമ്പോഴേക്ക് സയണിസ്റ്റ് രാഷ്ട്രത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത അമേരിക്ക ഹഗാനക്ക് ആളും അർഥവും ആയുധവും നൽകിത്തുടങ്ങി. ആയുധനിർമാണ കേന്ദ്രങ്ങളും ഇവ സ്ഥാപിച്ചു. പുതിയ ജൂത സെറ്റിൽമെന്റുകൾക്ക് ഈ സംഘം കാവൽ നിന്നു. നിയമവിരുദ്ധ കുടിയേറ്റം തടഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കുടുംബമടക്കം കൊന്നു തള്ളി. ട്രെയിനുകൾ തകർത്തു. നൂറ് കണക്കിന് മനുഷ്യരെ കൊന്നു. യു എസ്, പോളണ്ട്, ജർമനി, ഇറ്റലി, ഫ്രാൻസ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ ഈ ഭീകര സംഘടന പ്രവർത്തിച്ചു. യൂറോപ്പിലും ദ. ആഫ്രിക്കയിലും ഫലസ്തീനിലേക്ക് ഇരച്ചു കയറേണ്ട കൈയേറ്റക്കാർക്ക് പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. കൈയേറ്റക്കാർക്ക് മാത്രമായി മൊസ്സാദ് എൽ അലിയാഹ് ബെറ്റ് എന്നൊരു ബ്രാഞ്ച് ഉണ്ടാക്കി. ദി പൽയാം എന്ന പേരിൽ നാവിക വിഭാഗവും ഉണ്ടാക്കി കടൽ കൊള്ള നടത്തി. 1948ൽ ഇസ്‌റാഈൽ നിലവിൽ വരുമ്പോൾ സർവായുധ സജ്ജമായ ഭീകര സംഘമായി ഹഗാന മാറിക്കഴിഞ്ഞിരുന്നു.
ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗൂറിയൻ അടക്കമുള്ളവർ ഈ സംഘടനയിൽ പല ഘട്ടങ്ങളിൽ പ്രവർത്തിച്ചവരാണ്. മനുഷ്യരെ കൊന്നു തള്ളിയും തെരുവിലും ഹോട്ടലിലും വിനോദ കേന്ദ്രങ്ങളിലും ബോംബ് വെച്ചും കപ്പൽ മുക്കിയും പരിചയ സമ്പന്നരായ ഈ ഭീകരവാദികളെ ഒന്നാകെ ഇസ്‌റാഈൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാക്കാൻ ബെൻഗൂറിയന് ഒരു മടിയുമുണ്ടായില്ല. അല്ല, ഹഗാന തന്നെയായിരുന്നു ഐ ഡി എഫ്.

ഇർഗുൻ- അതേ ചരിത്രം
ഇതേ ചരിത്രമുള്ള മറ്റൊരു സയണിസ്റ്റ് ഭീകര സംഘടനയാണ് ഇർഗുൻ (Irgun). ഹഗാന സംഘത്തിന് തീവ്രത പോരെന്ന് പറഞ്ഞ് തെറ്റിപ്പിരിഞ്ഞു പോയ കമാൻഡർമാർ ചേർന്ന് 1931ൽ രൂപവത്കരിച്ച താണ് ഇർഗുൻ. അറബികളേക്കാൾ ജൂത സമൂഹം ശത്രുവായി കാണേണ്ടത് ബ്രിട്ടീഷുകാരെയാണെന്ന നിലപാടായിരുന്നു ഇവർക്ക്. നിരവധി ഭീകരാക്രമണങ്ങൾ ഇക്കൂട്ടരും നടത്തി. ഇവർക്കും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ആയുധങ്ങൾ നൽകി. പണത്തിനും മുട്ടുണ്ടായില്ല. 1937ൽ പകുതി പ്രവർത്തകർ ഹഗാനയിലേക്ക് തന്നെ മടങ്ങി. പിന്നീട് ഇസ്‌റാഈൽ പ്രധാനമന്ത്രിയായ മനാഷം ബെഗിൻ ഈ സംഘത്തിൽ ഉറച്ച് നിന്നയാളാണ്. 1946 ജൂലൈ 22ന് കിംഗ് ഡേവിഡ് ഹോട്ടലിന് ഇർഗുൻ ബോംബ് വെച്ചു. ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരും സി ഐ ഡി അംഗങ്ങളും താമസിച്ചത് അവിടെയായിരുന്നു. 91 പേർ മരിച്ചു. തുടർന്ന് നിരവധി ഇർഗുൻ ഭീകരർ ജയിലിലായി. ജയിൽ പൊളിച്ച് 41 പേർ 1947 ജൂലൈയിൽ പുറത്ത് വന്നു. ഇവരടക്കം സർവ ഇർഗുൻ ഭീകരരും ഇസ്‌റാഈൽ സൈന്യത്തിൽ ഉന്നത റാങ്കിൽ വിരാജിച്ചു.
ഇതാണ് ഇസ്‌റാഈൽ സൈന്യത്തിന്റെ ലെഗസി. ഇത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചാണ് 1987ൽ രൂപവത്കൃതമായ, ഗസ്സയിലെ തിരഞ്ഞെടുക്കപ്പെട്ട സംഘടനയായ ഹമാസിനെ ഒരു സംശയവും കൂടാതെ ഭീകരവാദികളെന്ന് വിളിക്കുന്നത്. ഹമാസ് സായുധ സംഘം ഇസ്‌റാഈലിലെ സിവിലിയൻമാരെ വധിച്ചതും ബന്ദിയാക്കിയതും റോക്കറ്റ് വർഷം നടത്തിയതും അപലപിക്കണമെന്ന് പറയുകയല്ല ഇക്കൂട്ടർ ചെയ്യുന്നത്. മറിച്ച് ഇസ്‌റാഈൽ ഒരു ഇര രാഷ്ട്രമാണെന്ന സയണിസ്റ്റ് നുണ ആവർത്തിക്കുകയാണ്. പൊതുബോധത്തിൽ വലിയ അട്ടിമറിയുണ്ടാക്കുന്ന പ്രവണതയാണിത്. ഫാസിസ്റ്റുകളുടെ പ്രൊപ്പഗാണ്ട വിജയം കാണുന്നതിന്റെ ലക്ഷണവുമാണിത്.

ദിനംപ്രതി അധിനിവേശവും അരുംകൊലയും ഉപരോധവും അപഹാസവും സഹിക്കുന്ന ഒരു ജനതയുടെ സഹനങ്ങൾ നിസ്സാരവും സർവായുധ സജ്ജമായ, ലോകത്തിന്റെ ഏറ്റവും വലിയ സൈനിക ശക്തികളുടെ പിന്തുണയുള്ള രാജ്യത്തിന്റെ നഷ്ടം മഹാസംഭവവുമാകുന്ന അട്ടിമറിയെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. ഈ വാദം ഉന്നയിക്കുന്നവർ അക്ഷരാർഥത്തിൽ ബുദ്ധി “രാക്ഷസൻമാരാണ്’.
ഇതു കൂടി: ആഗോള ഭീകര സംഘങ്ങളുടെ പേര് എണ്ണിപ്പറയുമ്പോൾ ആരെങ്കിലും ഹഗാന, ഇർഗുൻ എന്നീ ഹീബ്രു വാക്കുകൾ ഉച്ചരിക്കാറുണ്ടോ?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest