Connect with us

iuml

മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടില്‍ ചോര്‍ച്ച; മുസ്‌ലിം ലീഗില്‍ ആശങ്ക

മുസ്ലിം ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങളും ലീഗ് വിമതൻ ഇടത് സ്ഥാനാർത്ഥി ആയതിനാൽ  പാർട്ടിയിലെ തന്നെ ഒരു വിഭാഗം വിട്ടുനിന്നതും പോളിങ്ങിനെ ബാധിച്ചു എന്നാണ് കണക്കുകൂട്ടൽ

Published

|

Last Updated

കോഴിക്കോട് | മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടില്‍ വലിയ ചോര്‍ച്ചയുണ്ടായതിൽ മുസ്്‌ലിം ലീഗില്‍ ആശങ്ക. പോളിങ്ങ് ശതമാനത്തില്‍ ഉണ്ടായ കുറവ് പരിശോധിച്ചുകൊണ്ടാണ് പ്രാഥമിക വിലയിരുത്തല്‍. മുസ്ലിം ലീഗിനകത്തെ ആഭ്യന്തര പ്രശ്നങ്ങളും ലീഗ് വിമതൻ ഇടത് സ്ഥാനാർത്ഥി ആയതിനാൽ  പാർട്ടിയിലെ തന്നെ ഒരു വിഭാഗം വിട്ടുനിന്നതും പോളിങ്ങിനെ ബാധിച്ചു എന്നാണ് കണക്കുകൂട്ടൽ

പൊന്നാനിയിൽ  ലീഗിനെതിരെ വോട്ടുചെയ്യാനുള്ള മടികാരണം വലിയൊരു വിഭാഗം വോട്ടെടുപ്പില്‍ നിന്നു വിട്ടു നിന്നു എന്നാണ് വ്യക്തമാവുന്നത്. ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാപകമായി സൈബര്‍ പ്രചാരണവും നടന്നിരുന്നു.

പൊന്നാനിയില്‍ ലീഗ് സ്ഥാനാര്‍ഥി അബ്ദുസമദ് സമദാനിക്കെതിരെ വ്യാപകമായ സൈബര്‍ പ്രചാരണം നടന്നു. പാര്‍ട്ടി വിമതന്‍ സി പി എം സ്ഥാനാര്‍ഥിയായി വന്നതോടെ പൊന്നാനിയില്‍ വാശിയേറിയ പോളിങ് പ്രതീക്ഷിച്ചെങ്കിലും കഴിഞ്ഞ തവണത്തേതിനേക്കാള്‍ അഞ്ച് ശതമാനത്തിലേറെ കുറവ് പോളിങാണ് പൊന്നാനിയില്‍ രേഖപ്പെടുത്തിയത്. മലപ്പുറത്ത് മൂന്ന് ശതമാനത്തോളവും കുറവ് വന്നു. ഈ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമായിത്തീരുമെന്ന പ്രതീക്ഷയിലാണ് ഇടതു കേന്ദ്രങ്ങള്‍.

സി എ എ വിഷയത്തില്‍ ഇടതുമുന്നണി നടത്തിയ പ്രചാരണങ്ങളും ‘ഇടതുണ്ടെങ്കിലെ ഇന്ത്യയുള്ളു’ എന്ന ഇടതിന്റെ പ്രചാരണ വാചകവും ന്യൂനപക്ഷ വോട്ടര്‍മാരെ സ്വാധിനിച്ചിട്ടുണ്ടാവാമെന്നും കരുതുന്നുണ്ട്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലും , കോഴിക്കോട് , കണ്ണൂര്‍ മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളിലുമെല്ലാം പോളിങില്‍ വന്ന കുറവ് യു ഡി എഫ് ആശങ്കയോടെയാണു കാണുന്നത്.

Latest