Siraj Article
ഇതുതന്നെയോ ശരിയായ രാഷ്ട്രീയം?
കനയ്യകുമാറെന്ന മുൻ കമ്മ്യൂണിസ്റ്റിനെ മുൻനിർത്തി ഒരു പ്രോപഗാണ്ട തീർക്കുന്നത്‌കൊണ്ട് പ്രയോഗികമായി ഒരു നേട്ടവും ഉണ്ടാക്കാൻ കോൺഗ്രസ്സിനാകുമെന്ന് തോന്നുന്നില്ല. ഇന്ദിരയുടെ സുവർണകാലത്ത് മോഹൻ കുമരമംഗലവും നന്ദിനിസത്പതിയുമൊക്കെ സി പി ഐയിൽ നിന്ന് കോൺഗ്രസ്സിലേക്ക് കൂറുമാറിയപ്പോൾ സംഭവിച്ചതു തന്നെയാവും കനയ്യയുടെ മാറ്റത്തിലൂടെയും സംഭവിക്കുക
ഇന്ത്യൻ രാഷ്ടീയം ഫാസിസത്തിന്റെ പിടിമുറുക്കം അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലമാണ്. എന്നാൽ ആ അപകടം ഉൾക്കൊണ്ടുള്ള ചെറുത്തു നിൽപ്പുകൾ ഇന്ത്യയിൽ അത്ര ശക്തമല്ല താനും. ഫാസിസ്റ്റ് കക്ഷിയായി ഹിന്ദുത്വ ശക്തികൾ വിജയക്കൊടി നാട്ടുന്ന ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അവർ വേരോട്ടവും തേരോട്ടവും നടത്തുന്ന സ്ഥലങ്ങളെല്ലാം കോൺഗ്രസ്സ് എന്ന ദേശീയകക്ഷി നാൾക്കുനാൾ തകർന്നു തരിപ്പണമാകുകയുമാണ്.
ഒരർഥത്തിൽ നിലവിൽ ബി ജെ പി നേതാക്കളുടെ വലിയൊരു നിര മോദി അധികാരത്തിൽ എത്തിയതിന് ശേഷം കോൺഗ്രസ്സ് വിട്ട് അവിടെയെത്തിയവരാണ്. കേരളം, തമിഴ്‌നാട് പോലുള്ള ചുരുക്കം ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മാറ്റിനിർത്തിയാൽ മിക്കയിടങ്ങളിലും കോൺഗ്രസ്സിൽ നിന്ന് ബി ജെ പിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിൽ പഞ്ചാബിൽ കോൺഗ്രസ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്ന അമരീന്ദർ സിംഗ് തന്നെ കോൺഗ്രസ്സ് വിടുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ബി ജെ പിയിലേക്കില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അമിത് ഷായെ കണ്ട് ചർച്ച നടത്തിയ സ്ഥിതിക്ക് കളം മാറ്റം എളുപ്പമാണ്.
ഈ രാഷ്ടീയാന്തരീക്ഷത്തിലാണ് സി പി ഐയുടെ തീപ്പൊരി പ്രാസംഗികനും ഫാസിസത്തിനെതിരെ ഗർജിക്കുന്ന യുവനേതാവെന്ന വിശേഷണവുമുള്ള കനയ്യകുമാർ കോൺഗ്രസ്സിൽ ചേരുന്നത്. ഒപ്പം ഗുജറാത്തിലെ ജനസ്വാധീനമുള്ള ഫാസിസ്റ്റ്‌വിരുദ്ധ, ദളിത് പോരാളി ജിഗ്‌നേഷ് മേവാനിയും കോൺഗ്രസ്സിലെത്തുകയാണ്.
ഒഴുക്കിൽ പെട്ട് മുങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ വലിയൊരു കച്ചിത്തുരുമ്പായിട്ടു വേണം ഇവരുടെ കോൺഗ്രസ്സ് പ്രവേശത്തെ വിലയിരുത്താൻ. കനയ്യക്കാവുമോ കോൺഗ്രസ്സിനെ രക്ഷിക്കാൻ എന്ന ചോദ്യത്തിലേറെ പ്രസക്തമാകുന്നത് അന്തഃഛിദ്രങ്ങളാൽ തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസ്സിനാകുമോ കനയ്യയെപ്പോലുള്ള ഒരു നേതാവിനെ ഉൾക്കൊള്ളാൻ എന്ന ചോദ്യമാണ്. അഥവാ ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ശരിയായ വഴി ഇതുതന്നെയാണോ എന്നതാണ് ചോദ്യം.
കോൺഗ്രസ്സിൽ ഏറ്റവും കരുത്തുറ്റ ഒരു നിരയെ (കപിൽ സിബൽ, ശശിതരൂർ പോലുള്ളവർ) ജി 23 ഗണത്തിൽപ്പെടുത്തി പാർട്ടിയിൽ തരംതാഴ്ത്തിക്കെട്ടാൻ അമിതാവേശം കാണിക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രിതമായി നടന്നു കൊണ്ടിരിക്കുന്നു. ആത്യന്തികമായി അതിന്റെ ഫലം കൊയ്യുക ബി ജെ പിയാണല്ലോ. ഇങ്ങനെ അഭ്യന്തര കലഹത്താൽ ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ടീയ തറവാട്ടിലേക്കാണ് കനയ്യയും ജിഗ്‌നേഷുമൊക്കെ കടന്നുവരുന്നത്. സത്യത്തിൽ ഇത് വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ച് ഇടതുപക്ഷത്തെ പരമാവധി ക്ഷീണിപ്പിച്ച് മറ്റിടത്തൊക്കെ ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് വളരാനുള്ള അവസരമൊരുക്കിയതുപോലുള്ള ഭീമാബദ്ധമായി കലാശിക്കുകയല്ലേ ചെയ്യുക? സ്വന്തം നേതൃനിരയെ ശരിയായി ഉപയോഗിക്കാത്ത കോൺഗ്രസ്സിന് എങ്ങനെയാണ് കനയ്യയെപ്പോലെ ഒരാളെ പ്രവർത്തന ഗോദയിലെ ആവേശമാക്കാൻ സാധിക്കുക?
അന്ന് രാഹുലിനെ കേരളത്തിൽ മത്സരിപ്പിച്ച് ബി ജെ പിയേക്കാളും വലിയശത്രു ഇടതുപക്ഷമാണെന്ന് വരുത്തിത്തീർക്കാൻ ചരടുവലിച്ചവരിൽ പ്രധാനികളായ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെല്ലാം ഇപ്പോൾ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ബിഹാറിലും അതിന്റെ ഒരു തനിയാവർത്തനമല്ലേ സി പി ഐയിൽ നിന്ന് കനയ്യയെ അടർത്തിയെടുക്കുന്നതിലൂടെ സംഭവിക്കാൻ പോകുന്നത്? കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കിടയിൽ പൊതുവേ കോൺഗ്രസ്സിനോട് എന്നും മൃദുസമീപനം വെച്ചു പുലർത്തിയിട്ടുള്ള സി പി എയെ കടുത്ത കോൺഗ്രസ്സ് വിരോധത്തിലേക്ക് തള്ളിയിടുന്നതിനപ്പുറം ബി ജെ പിക്ക് എന്ത് ക്ഷീണമാണ് ഇതിലൂടെ വരുത്താനാവുക?
കനയ്യ കുമാർ ഇടതുപക്ഷനയത്തിലൂന്നി ബി ജെ പിയുടെ തീവ്രഹിന്ദുത്വത്തിനും കോൺഗ്രസ്സുൾപ്പെടെയുള്ള വലതുപക്ഷ കക്ഷികൾ അവിടങ്ങളിൽ സ്വീകരിച്ചിരുന്ന മൃദു ഹിന്ദുത്വത്തിനും കോർപറേറ്റ്‌വത്കരണത്തിനും എതിരേ ശബ്ദിച്ചതുകൊണ്ടു കൂടിയായിരുന്നു ഇന്ത്യൻ യുവതയുടെ ആവേശമായി ചിത്രീകരിക്കപ്പെട്ടിരുന്നത്. അത് ഇപ്പോഴത്തെ അവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് പോലും നയിക്കാനില്ലാത്ത കോൺഗ്രസ്സിലിരുന്നുകൊണ്ട് കനയ്യക്ക് സാധ്യമാകില്ലെന്ന് തന്നെ കരുതണം. ഒരു പക്ഷേ സി പി ഐ എന്ന കക്ഷിയെ ബിഹാറിൽ ക്ഷീണിപ്പിക്കാൻ കഴിഞ്ഞേക്കുമെന്ന് മാത്രം.
ഫാസിസത്തെയും സവർണ ഹിന്ദുത്വത്തെയും ദുർബലമാക്കി ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും തിരിച്ചു കൊണ്ടുവരലാണ് ലക്ഷ്യമെങ്കിൽ അവരുടെ ശക്തികേന്ദ്രങ്ങളിൽ കടന്നുകയറി പ്രതിരോധം തീർക്കാനുള്ള രാഷ്ട്രീയ പോരാട്ടങ്ങളാണ് നടക്കേണ്ടത്. അതിന് ആദ്യം വേണ്ടത് നേതൃത്വത്തിന്റെ കഴിവില്ലായ്മയിലും കെടുകാര്യസ്ഥതയിലും മനം മടുത്ത് കോൺഗ്രസ്സ് വിട്ട് ബി ജെ പിയിലേക്ക് ചേക്കേറിയ വലിയൊരു നിര നേതാക്കളെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് നടക്കേണ്ടത്.
ഇപ്പോഴുള്ള നേതൃത്വത്തിന്റെ കഴിവുകേടുകൾ തിരുത്തി പാർട്ടിയെ ജനാധിപത്യ രീതിയിൽ സജ്ജമാക്കാൻ നിരന്തരം ശബ്ദിക്കുന്ന ജി 23 നേതാക്കൾക്ക് ചെവികൊടുക്കാനുള്ള സൻമനസ്സെങ്കിലും കാണിക്കുകയും വേണം.
ഇതിലേക്കൊന്നും തീരേ ശ്രദ്ധ പതിപ്പിക്കാതെ കനയ്യകുമാറെന്ന മുൻ കമ്മ്യൂണിസ്റ്റിനെ മുൻനിർത്തി ഒരു പ്രോപഗാണ്ട തീർക്കുന്നത്‌കൊണ്ട് പ്രയോഗികമായി ഒരു നേട്ടവും ഉണ്ടാക്കാൻ കോൺഗ്രസ്സിനാകുമെന്ന് തോന്നുന്നില്ല. ഇന്ദിരയുടെ സുവർണകാലത്ത് മോഹൻ കുമരമംഗലവും നന്ദിനിസത്പതിയുമൊക്കെ സി പി ഐയിൽ നിന്ന് കോൺഗ്രസ്സിലേക്ക് കൂറുമാറിയപ്പോൾ സംഭവിച്ചതു തന്നെയാവും കനയ്യയുടെ മാറ്റത്തിലൂടെയും സംഭവിക്കുക.
അന്ന് മാറിയ കമ്മ്യൂണിസ്റ്റുകൾ തനി വലതുപക്ഷമായി മാറിയതൊഴിച്ചാൽ അവർ പാർട്ടിയിൽ എത്തിയതുകൊണ്ട് കോൺഗ്രസ്സിന് അന്നും ഇടതുപക്ഷ മുഖമോ കോർപറേറ്റ്‌വിരുദ്ധതയോ ഒന്നും ഉണ്ടായതുമില്ല.
അന്ന് ശക്തമായ നേതൃനിരയും സംഘടനാ ചട്ടക്കൂടുമുണ്ടായിരുന്ന കോൺഗ്രസ്സിന് കഴിയാത്ത ഒന്ന് ഇന്ന് സംഘടനാപരമായി ചരിത്രത്തിൽ ഏറ്റവും ദുർബലാവസ്ഥയിൽ അകപ്പെട്ടിരിക്കുന്ന അപക്വമായ നേതൃനിര മാത്രമുള്ള പാർട്ടിയിൽ ചേരുക വഴി കനയ്യയും ജിഗ്‌നേഷും എടുത്ത തീരുമാനം വഴി അവർക്കും കോൺഗ്രസ്സിനും ഒരു നേട്ടവും ഉണ്ടാകുമെന്ന് കരുതാനാവില്ല.
ഇന്ത്യയിൽ വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന സവർണ വർഗീയ ഫാസിസത്തെ ചെറുത്തു തോൽപ്പിക്കണമെന്ന ആത്മാർഥതയുണ്ടെങ്കിൽ പാർട്ടിയിൽ ഇപ്പോൾ വ്യാപകമായി നടക്കുന്ന കൊഴിഞ്ഞ് പോക്കിന് തടയിടാനും ഇടതുപക്ഷം, ദ്രാവിഡ കക്ഷികൾ പോലുള്ള മതേതര കാഴ്ചപ്പാടും വർഗീയ വിരുദ്ധതയുമുള്ള പ്രസ്ഥാനങ്ങളുമായി സഹകരിച്ചുകൊണ്ട് ഫാസിസത്തിനെതിരേയുണ്ടാവേണ്ട ഐക്യമുന്നണി കെട്ടിപ്പടുക്കാൻ കോൺഗ്രസ്സ് മുന്നിൽ നിന്ന് പ്രവർത്തിക്കുകയുമാണ് വേണ്ടത്.
അതിനാകുന്നില്ലെങ്കിൽ കനയ്യയെക്കൊണ്ടും വലിയ പ്രയോജനമൊന്നുമുണ്ടാകില്ലെന്ന് വൈകാതെ ബോധ്യപ്പെടുകയുംചെയ്യും. മൃദുഹിന്ദുത്വ നിലപാടുകളെ പൂർണമായി തള്ളിക്കളഞ്ഞ് കോൺഗ്രസ്സിന് തത്കാലം മുന്നോട്ട് പോകാനാകില്ല. ഉദാരവത്കരണ, ആഗോളവത്കരണ നയങ്ങളിൽ എന്തെങ്കിലും മാറ്റം ഇതുവരെ കോൺഗ്രസ്സ് പ്രഖ്യാപിച്ചിട്ടുമില്ല. വസ്തുതയിതായിരിക്കെ ദളിത്, ജാതീയതാവിരുദ്ധ നേതാവായ മേവാനിയും കമ്മ്യൂണിസ്റ്റ് നേതാവായ കനയ്യയും എങ്ങനെയാണ് അവരുടെ രാഷ്ട്രീയം അവിടെ രൂപപ്പെടുത്തുക. ഈ വൈരുധ്യത്തെ അവർ എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ കോൺഗ്രസ്സ് പ്രവേശത്തിന്റെ ലാഭനഷ്ടങ്ങൾ.

