editorial
സ്വതന്ത്ര ഫലസ്തീന്‍ മായുകയാണോ?
ഫലസ്തീനികളോടുള്ള കടുത്ത വഞ്ചനയും അനീതിയുമാണ് ട്രംപ് പദ്ധതിക്ക് അംഗീകാരം നല്‍കിയ യു എന്‍ രക്ഷാ സമിതി നടപടി. ഫലസ്തീനിന്റെ പകുതിയിലേറെ ഭാഗം ജൂതര്‍ക്ക് പകുത്തു കൊടുത്ത 1947 നവംബര്‍ 29ലെ യു എന്‍ തീരുമാനത്തിന് സമാനമായ വഞ്ചന.
ചതിക്കുഴികള്‍ നിറഞ്ഞതാണ് യു എൻ രക്ഷാ സമിതി അംഗീകരിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഗസ്സാ പദ്ധതി. ഗസ്സയില്‍ ശാശ്വത സമാധാനം, പുറമെ നിന്നുള്ള മാനുഷിക സഹായം തടസ്സമില്ലാതെ ലഭ്യമാക്കല്‍, യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയെ പുനര്‍നിര്‍മിക്കല്‍ തുടങ്ങിയവ ലക്ഷ്യമാക്കി പ്രദേശത്ത് അന്താരാഷ്ട്ര സേനയെ വിന്യസിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ട്രംപ് പദ്ധതി. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയത്തെ പാടേ വിഴുങ്ങുകയും ഹമാസിനെ നിര്‍വീര്യമാക്കുകയുമാണ് ഈ പദ്ധതിയുടെ പിന്നിലെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കൈറോവില്‍ ചേര്‍ന്ന യോഗത്തില്‍ യുദ്ധം തകര്‍ത്ത ഗസ്സയെ പുനര്‍നിര്‍മിക്കാന്‍ പ്രദേശത്തിന്റെ ഭരണച്ചുമതല ഫലസ്തീന്‍ ടെക്‌നോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതിയെ ഏല്‍പ്പിക്കാനായിരുന്നു തീരുമാനം. ഈ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി, ഗസ്സയെ വിഭജിച്ച് ഹമാസിനെ ഒരു ഭാഗത്ത് ഒതുക്കാനായി ട്രംപ് ഭരണകൂടം പദ്ധതി തയ്യാറാക്കിയതായി യു എസ് സൈനിക ആസൂത്രണ വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. ഇതനുസരിച്ച് ഫലസ്തീനികളെ ഗസ്സയുടെ പകുതിയില്‍ താഴെ മാത്രം വിസ്തീര്‍ണമുള്ള “റെഡ് സോണി’ല്‍ ഒതുക്കും. “ഗ്രീന്‍ സോണ്‍’ എന്ന് വിളിക്കപ്പെടുന്ന അവശേഷിക്കുന്ന പ്രദേശങ്ങള്‍ ഇസ്‌റാഈല്‍ സൈനികര്‍ക്ക് കൂടി പങ്കാളിത്തമുള്ള അന്താരാഷ്ട്ര സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും.
ആദ്യഘട്ടത്തില്‍ നിശ്ചിത എണ്ണം സൈനികരെ പരിമിത പ്രദേശത്ത് വിന്യസിക്കാനും ക്രമേണ സൈനികരുടെ എണ്ണം 20,000 ആയി വര്‍ധിപ്പിച്ച് പ്രദേശം മുഴുവന്‍ നിയന്ത്രണത്തിലാക്കാനുമാണ് അമേരിക്കന്‍ പദ്ധതി. ഗസ്സയില്‍ ഇസ്‌റാഈല്‍ അധിനിവേശം തുടരാന്‍ സഹായകമാണ് പദ്ധതിയെന്നും “ഗാര്‍ഡിയന്‍’ ചൂണ്ടിക്കാട്ടി. ഫലസ്തീനിനെ സ്ഥിരമായി അന്താരാഷ്ട്ര സൈനിക, ഭരണത്തിനു കീഴില്‍ കൊണ്ടുവരുന്ന പദ്ധതി സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയത്തെ അടഞ്ഞ അധ്യായമാക്കി മാറ്റും.
ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂനിയനും നിരവധി മനുഷ്യാവകാശ സംഘടനകളും ആഗോള സമൂഹവും ഇക്കാലമത്രയും അംഗീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണ് ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ന്ന സ്വതന്ത്ര ഫലസ്തീന്‍ എന്ന ആശയം. ഏറ്റവുമൊടുവില്‍ രണ്ട് മാസം മുമ്പ് ഐക്യരാഷ്ട്ര പൊതുസഭയില്‍ ഫ്രാന്‍സ് അവതരിപ്പിച്ച, സ്വതന്ത്ര ഫലസ്തീനിനെ അംഗീകരിക്കുന്ന പ്രമേയത്തെ യു എന്നിലെ 142 അംഗങ്ങളും പിന്തുണച്ചുവെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ ഭരണ സംവിധാനം, ഭരണഘടന, സ്വന്തം സൈന്യം, സ്വന്തം സിവില്‍-സുരക്ഷാ നിര്‍ണയം തുടങ്ങിയ അധികാരങ്ങള്‍ കൈവരുമ്പോള്‍ മാത്രമേ സ്വതന്ത്ര രാഷ്ട്രമെന്ന പദവി കൈവരികയുള്ളൂ. ട്രംപ് അവതരിപ്പിച്ച പദ്ധതി പ്രകാരം ഗസ്സയുടെ തെരുവുകളും അതിര്‍ത്തി പ്രദേശങ്ങളും ഇസ്‌റാഈല്‍ സൈനികര്‍ കൂടി ഉള്‍ക്കൊള്ളുന്ന അന്താരാഷ്ട്ര സമൂഹം കൈയടക്കും. ഇതൊരു ഹ്രസ്വകാല പദ്ധതിയല്ല, ദീര്‍ഘകാല പദ്ധതിയാണ്. അധികാരങ്ങളെല്ലാം ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുമെന്ന് പദ്ധതി രേഖയില്‍ പറയുന്നുണ്ടെങ്കിലും കാലപരിധി വ്യക്തമാക്കുന്നില്ല. അത് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. ഫലസ്തീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രം സ്വപ്‌നം കാണാനുള്ള അവകാശം കൂടി ഇല്ലാതാക്കുകയാണ് ട്രംപ് പദ്ധതി.
സ്വതന്ത്ര ഫലസ്തീനിന്റെ ചട്ടക്കൂടില്‍ നിര്‍ണായകമാണ് ജറൂസലം. ഇതൊരു ഭൗമകേന്ദ്രം മാത്രമല്ല, ഫലസ്തീനികള്‍ ഉള്‍പ്പെടുന്ന അറബ് സമൂഹത്തിന്റെ പുണ്യ കേന്ദ്രമാണ്. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ദ്വിരാഷ്ട്ര ആശയത്തില്‍ ഫലസ്തീനിന്റെ തലസ്ഥാനവുമാണ്. ട്രംപിന്റെ പുതിയ പദ്ധതിയിലോ നേരത്തേ അവതരിപ്പിച്ച ഇരുപതിന പദ്ധതിയിലോ ജറൂസലമിനെക്കുറിച്ചൊന്നും പറയുന്നില്ല. അവിടെ ഇസ്‌റാഈലിന്റെ ഏകാധിപത്യ നിയന്ത്രണം തുടരാന്‍ അനുമതി നല്‍കുകയാണ് ഫലത്തില്‍ ട്രംപും ഐക്യരാഷ്ട്ര സഭയും.
ഹമാസിനെ രാഷ്ട്രീയ രംഗത്ത് നിന്ന് പൂര്‍ണമായും തഴയാനുള്ള നീക്കമാണ് പദ്ധതിയുടെ മറ്റൊരു ആശങ്കാജനകമായ ഭാഗം. ഹമാസിന്റെ നിലപാടുകള്‍ ഒരു പക്ഷേ തീവ്രമായിരിക്കാം. എന്നാല്‍ ഗസ്സയിലെ ജനങ്ങള്‍ വോട്ടിലൂടെ അധികാരത്തിലേറ്റിയ ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ് ഹമാസ്. ഒരു ജനതയുടെ രാഷ്ട്രീയ നിര്‍ണയാവകാശം ചോദ്യം ചെയ്യപ്പെടുകയോ നിഷേധിക്കുകയോ ചെയ്യുന്നത് ജനാധിപത്യ തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ജനങ്ങള്‍ ആരെ തിരഞ്ഞെടുക്കണം, അധികാരത്തിലേറ്റണമെന്നൊക്കെ തീരുമാനിക്കേണ്ടത് ബാഹ്യശക്തികളല്ല. സ്വന്തം ജനത കൈക്കൊണ്ട ഒരു രാഷ്ട്രീയ നിലപാടിനെ തിരുത്താന്‍ ബാഹ്യശക്തികള്‍ക്കവകാശമില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധമാണിത്. യു എൻ രക്ഷാ സമിതിക്ക് എങ്ങനെ പ്രമേയത്തിലെ ഈ നിലപാടിനെ അംഗീകരിക്കാനായി?
ഏറ്റവും അപകടകാരികള്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്‌റാഈല്‍ ഭരണകൂടമാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും ഫലസ്തീനികള്‍ക്കെതിരെയുള്ള അതിക്രമവും ക്രൂരതകളും തുടര്‍ന്നു കൊണ്ടിരിക്കുകയാണവര്‍. ട്രംപിന്റെ ഗസ്സാ “സമാധാന’ പദ്ധതി യു എൻ രക്ഷാ സമിതി അംഗീകരിച്ച ശേഷവും, ആത്മരക്ഷാര്‍ഥം ലബനാനിലേക്ക് പലായനം ചെയ്ത ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം നിഷ്ഠൂരം വധിച്ചു. എന്നാല്‍ ഇസ്‌റാഈലിനെ അടക്കംകെട്ടാനുള്ള ഒരു നിര്‍ദേശവും ട്രംപ് പദ്ധതിയില്‍ പറയുന്നില്ല. ഈ ഇരട്ടത്താപ്പിനെയാണ് ട്രംപും സഹചാരികളും ചരിത്രപ്രസിദ്ധമായ സമാധാന പദ്ധതിയെന്നവകാശപ്പെടുന്നത്! എത്ര പരിഹാസ്യം.
ഗസ്സക്ക് സമാധാനം വേണം. ഫലസ്തീനികള്‍ക്ക് സമാധാനത്തോടെ ജീവിക്കുകയും അന്തിയുറങ്ങുകയും വേണം. തകര്‍ന്നടിഞ്ഞ ഗസ്സയെ പുനര്‍നിര്‍മിക്കണം. ഈ ലക്ഷ്യത്തില്‍ ശക്തമായൊരു പദ്ധതി ആവശ്യമാണ്. ട്രംപ് കൊണ്ടുവന്ന പദ്ധതി ഇതിന് സഹായകമല്ല. അത് ഫലസ്തീനികളുടെ നിലവിലുള്ള അവകാശങ്ങളെ കൂടി കവര്‍ന്നെടുക്കും. ഫലസ്തീനികളോടുള്ള കടുത്ത വഞ്ചനയും അനീതിയുമാണ് ട്രംപ് പദ്ധതിക്ക് അംഗീകാരം നല്‍കിയ യു എന്‍ നടപടി. ഫലസ്തീനിന്റെ പകുതിയിലേറെ ഭാഗം ജൂതര്‍ക്ക് പകുത്തു കൊടുത്ത 1947 നവംബര്‍ 29ലെ യു എന്‍ തീരുമാനത്തിന് സമാനമായ വഞ്ചന.

