Uae
ഊര്‍ജ മേഖലയില്‍ 550.8 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം; പുതിയ ആഗോള ഊര്‍ജ ഭൂപടത്തില്‍ സ്ഥാനം ഉറപ്പിച്ച് യു എ ഇ
പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്നുള്ള വരുമാനം പരമാവധി വര്‍ധിപ്പിക്കുന്നതോടൊപ്പം ഹരിത ഊര്‍ജ മേഖലയില്‍ വലിയ വിപ്ലവത്തിനാണ് യു എ ഇ തുടക്കമിട്ടിരിക്കുന്നത്.
അബൂദബി | ആഗോള ഊര്‍ജ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും തങ്ങളുടെ സാമ്പത്തിക തന്ത്രങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി യു എ ഇ. കേവലം ബജറ്റ് ഫണ്ടിങ് സ്രോതസ്സ് എന്നതിനപ്പുറം ഊര്‍ജ മേഖലയെ ശക്തമായ ഒരു ജിയോ-ഇക്കണോമിക് ഉപകരണമാക്കി മാറ്റാനാണ് രാജ്യം ലക്ഷ്യമിടുന്നത്. പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്നുള്ള വരുമാനം പരമാവധി വര്‍ധിപ്പിക്കുന്നതോടൊപ്പം ഹരിത ഊര്‍ജ മേഖലയില്‍ വലിയ വിപ്ലവത്തിനാണ് യു എ ഇ തുടക്കമിട്ടിരിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ പ്രതിദിന ക്രൂഡോയില്‍ ഉത്പാദനം 4.85 മില്യണ്‍ ബാരലായും 2027ഓടെ അത് അഞ്ച് മില്യണ്‍ ബാരലായും ഉയര്‍ത്താനാണ് യു എ ഇയുടെ നീക്കം. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 550.8 ബില്യണ്‍ ദിര്‍ഹത്തിന്റെ മൂലധന നിക്ഷേപമാണ് രാജ്യം നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ എണ്ണയുടെ ആവശ്യം കുറയുന്നതിനു മുമ്പ് തന്നെ തങ്ങളുടെ അസറ്റുകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യു എ ഇ ‘മാക്സിമം ആന്‍ഡ് റെസ്പോണ്‍സിബിള്‍ പ്രൊഡക്ഷന്‍’ നയം സ്വീകരിച്ചിരിക്കുന്നത്. 2021ല്‍ അബൂദബി ഐ സി ഇ ഫ്യൂച്ചേഴ്സ് എക്സ്ചേഞ്ച് വഴി മര്‍ബന്‍ ക്രൂഡോയിലിനെ സ്വതന്ത്ര വിലനിര്‍ണയ മാനദണ്ഡമാക്കിയതോടെ ആഗോള വിപണിയില്‍ വില നിര്‍ണയിക്കുന്ന പ്രധാന ശക്തിയായി യു എ ഇ മാറി.
ഏഷ്യന്‍ സഖ്യവും ഹബ്ഷാന്‍-ഫുജൈറ പൈപ്പ്‌ലൈനും
യു എ ഇയുടെ എണ്ണ കയറ്റുമതിയുടെ 85 ശതമാനവും ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികള്‍ മറികടക്കാന്‍ പ്രതിദിനം 1.5 മില്യണ്‍ ബാരല്‍ ശേഷിയുള്ള ഹബ്ഷാന്‍-ഫുജൈറ പൈപ്പ്‌ലൈന്‍ യു എ ഇ സജീവമാക്കിയിട്ടുണ്ട്. ഈ ലൈന്‍ വഴി എണ്ണ നേരിട്ട് അറബിക്കടലില്‍ എത്തിക്കാന്‍ സാധിക്കും. ഇതോടെ സിംഗപ്പൂര്‍, റോട്ടര്‍ഡാം എന്നിവക്ക് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കപ്പല്‍ ഇന്ധന സംഭരണ കേന്ദ്രമായി ഫുജൈറ മാറി. കൂടാതെ, ഇന്ത്യയിലെ തന്ത്രപ്രധാന എണ്ണ സംഭരണ ശേഷി 30 മില്യണ്‍ ബാരലായി ഉയര്‍ത്താന്‍ അഡ്നോകും ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുമുണ്ട്.
ഹരിത ഹൈഡ്രജനും പുനരുപയോഗ ഊര്‍ജവും
അല്‍ ദഫ്‌റ പ്ലാന്റ്, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്ക് എന്നിവ വഴി ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ സൗരോര്‍ജം ഉത്പാദിപ്പിക്കാന്‍ യു എ ഇക്ക് സാധിക്കുന്നുണ്ട്. 2030ഓടെ ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവടങ്ങളിലേക്ക് ഹരിത ഹൈഡ്രജനും അമോണിയയും കയറ്റുമതി ചെയ്യാനാണ് അബൂദബി ലക്ഷ്യമിടുന്നത്. യു എ ഇയുടെ പുനരുപയോഗ ഊര്‍ജ കമ്പനിയായ മസ്ദര്‍ ലോകത്തെ നാല്‍പതിലധികം രാജ്യങ്ങളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്തോനേഷ്യയിലെ ജാട്ടിഗെഡെ അണക്കെട്ടില്‍ 145 മെഗാവാട്ടിന്റെ ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു. കൂടാതെ യു എ ഇ-യു എസ് ക്ലീന്‍ എനര്‍ജി പങ്കാളിത്തം വഴി 2035ഓടെ 100 ബില്യണ്‍ ഡോളറിന്റെ ഹരിത ഊര്‍ജ പദ്ധതികള്‍ ലോകവ്യാപകമായി നടപ്പിലാക്കും.
എണ്ണ ഉത്പാദനത്തില്‍ നിന്നുള്ള തത്സമയ വരുമാനം യു എ ഇ തങ്ങളുടെ പരമാധികാര നിക്ഷേപ നിധികളിലേക്കാണ് മാറ്റുന്നത്. ഇതില്‍ ഒന്നാമതുള്ള അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാത്രം ഒരു ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള അസറ്റുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഈ വരുമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അര്‍ധചാലകങ്ങള്‍, ബഹിരാകാശം, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ ഭാവി മേഖലകളിലാണ് രാജ്യം നിക്ഷേപിക്കുന്നത്. ഈ തന്ത്രപരമായ നീക്കത്തിലൂടെ എണ്ണ വിലയിലെ ചാഞ്ചാട്ടങ്ങളെ ആശ്രയിക്കാതെ, സമ്പദ് വ്യവസ്ഥയെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റാന്‍ യു എ ഇക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.







