Uae
യു എ ഇക്കെതിരായ സുഡാന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി
അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ യു എ ഇയുടെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളെ വിധി തുറന്നുകാട്ടിയെന്നും സുഡാനിലെ മാനുഷിക ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നും യു എ ഇ വ്യക്തമാക്കി.

അബൂദബി | യു എ ഇക്കെതിരെ സുഡാനീസ് സായുധ സേന നല്‍കിയ കേസ് അധികാരപരിധിയില്ലെന്ന കാരണത്താല്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. ഈ വിധിയെ സ്വാഗതം ചെയ്ത യു എ ഇ, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നതില്‍ അന്താരാഷ്ട്ര കോടതിയുടെ ഉറച്ച നിലപാടിനെ അഭിനന്ദിച്ചു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ യു എ ഇയുടെ അന്താരാഷ്ട്ര പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളെ വിധി തുറന്നുകാട്ടിയെന്നും സുഡാനിലെ മാനുഷിക ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇതെന്നും യു എ ഇ വ്യക്തമാക്കി.
സുഡാനിലെ ഗുരുതരമായ മാനുഷിക പ്രതിസന്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യു എ ഇ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും നടത്തിയ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അടിയന്തര വെടിനിര്‍ത്തലിലൂടെ സമാധാനപരമായ പരിഹാരം കാണണമെന്നും യു എ ഇ ആവര്‍ത്തിച്ചു.
മാനുഷിക സഹായങ്ങള്‍ തടസ്സമില്ലാതെ എത്തിക്കാനും സിവിലിയന്‍ ദുരിതങ്ങള്‍ ലഘൂകരിക്കാനും ഐക്യരാഷ്ട്രസഭയോട് യു എ ഇ ആഹ്വാനം ചെയ്തു.3.5 ബില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം സുഡാന് നല്‍കിയ യു എ ഇ,സുഡാന്‍ ജനതക്ക് സുരക്ഷിതവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ സമാധാനപരമായ പരിഹാരങ്ങളിലൂടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.