Uae
വ്യാജ രേഖ ചമച്ചു കോടികൾ വായ്പ നേടിയ ഇന്ത്യക്കാരനെ നാടുകടത്തി
വ്യാജ രേഖകൾ ഉപയോഗിച്ച് 4.55 കോടി രൂപ വായ്പ എടുത്ത കേസിൽ പ്രതിയായ ഉദിത് ഖുള്ളറിനെയാണ് യു എ ഇ കൈമാറിയത്.

ദുബൈ | ഡൽഹി പോലീസ് തിരയുന്ന ഒരു ഇന്ത്യൻ പൗരനെ ഇന്റർപോൾ ചാനലുകൾ വഴി യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ച് 4.55 കോടി രൂപ വായ്പ എടുത്ത കേസിൽ പ്രതിയായ ഉദിത് ഖുള്ളറിനെയാണ് യു എ ഇ കൈമാറിയത്. “ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ’ എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയാക്കപ്പെട്ട ഉദിത് ഖുള്ളറിനെ പിടികൂടാൻ ഇന്ത്യൻ ഏജൻസികൾ വല വിരിച്ചിരുന്നു.
വ്യാജ രേഖകൾ ഉപയോഗിച്ച് ബേങ്ക് വായ്പകൾ നേടിയതാണ് പ്രധാന കുറ്റം. മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയിരുന്നു. ഇന്റർപോളും അബൂദബി നാഷണൽ സെൻട്രൽ ബ്യൂറോയും മുഖേന സി ബി ഐ നടത്തിയ തുടർച്ചയായ നടപടികളിലൂടെ ഖുള്ളറിന്റെ താമസസ്ഥലം കണ്ടെത്തി ജിയോ ലൊക്കേഷൻ ചെയ്തിരുന്നു. യു എ ഇയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്ന് ഇന്ത്യയിലേക്ക് നാടുകടത്താൻ സി ബി ഐ യു എ ഇ അധികൃതരോട് അഭ്യർഥിച്ചു.