National
ആഗോള പ്രതിരോധ ചിലവിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്; 2025 ൽ സൈനിക ചിലവ് 92.1 ബില്യൺ ഡോളർ
കഴിഞ്ഞ വർഷം ലോകത്തെ മൊത്തം സൈനിക ചിലവ് റെക്കോർഡ് തുകയായ 2.89 ട്രില്യൺ ഡോളറാണ്.
ന്യൂഡൽഹി | ആഗോളതലത്തിൽ പ്രതിരോധ ചിലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സൈനിക ചിലവഴിക്കുന്ന രാജ്യമായി ഇന്ത്യ മാറി. പ്രതിരോധ ബജറ്റിൽ 8.9 ശതമാനം വർധന രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2025 ൽ ഇന്ത്യയുടെ സൈനിക ചിലവ് 92.1 ബില്യൺ ഡോളറിലെത്തി.
കഴിഞ്ഞ വർഷം ലോകത്തെ മൊത്തം സൈനിക ചിലവ് റെക്കോർഡ് തുകയായ 2.89 ട്രില്യൺ ഡോളറിലെത്തിയിട്ടുണ്ട്. 2025 മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ഹ്രസ്വമെങ്കിലും തീവ്രമായ സംഘർഷമാണ് മേഖലയിലെ പ്രതിരോധ ചിലവ് വർധിക്കാൻ പ്രധാന കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വിമാനങ്ങൾ, ഡ്രോണുകൾ, മിസൈലുകൾ എന്നിവ ഉപയോഗിച്ചുള്ള ഈ പോരാട്ടം പ്രതിരോധ സജ്ജീകരണങ്ങൾ വർധിപ്പിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു. ഇതേ തുടർന്ന് പാകിസ്താൻ തങ്ങളുടെ പ്രതിരോധ ചിലവ് 11 ശതമാനം വർധിപ്പിച്ച് 11.9 ബില്യൺ ഡോളറാക്കി. ചൈനയിൽ നിന്നുള്ള മിസൈലുകൾക്കും വിമാനങ്ങൾക്കുമായി പാകിസ്താൻ പുതിയ ഓർഡറുകൾ നൽകിയതായും റിപ്പോർട്ടിലുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ തുക ചിലവഴിക്കുന്ന അഞ്ച് രാജ്യങ്ങൾ അമേരിക്ക, ചൈന, റഷ്യ, ജർമ്മനി, ഇന്ത്യ എന്നിവയാണ്. ആഗോള സൈനിക ചിലവിന്റെ 58 ശതമാനവും (1686 ബില്യൺ ഡോളർ) ഈ അഞ്ച് രാജ്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം, ഉക്രൈനുള്ള ധനസഹായം കുറഞ്ഞതിനെ തുടർന്ന് അമേരിക്കയുടെ ചിലവ് 7.5 ശതമാനം കുറഞ്ഞ് 954 ബില്യൺ ഡോളറായി. എന്നാൽ യൂറോപ്പിൽ 14 ശതമാനം വർധനവ് രേഖപ്പെടുത്തി 864 ബില്യൺ ഡോളറിലെത്തി. ഇത് ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വർധനവായാണ് കണക്കാക്കുന്നത്.
ഏഷ്യ ഒഷ്യാനിയ മേഖലയിൽ ചൈന തങ്ങളുടെ ബജറ്റ് 7.4 ശതമാനം വർധിപ്പിച്ച് 336 ബില്യൺ ഡോളറിലെത്തിച്ചു. ഗസ്സയിലെ യുദ്ധം അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ ഇസ്റാഈലിന്റെ ചിലവിൽ 4.9 ശതമാനം കുറവുണ്ടായി. ഇറാൻ തുടർച്ചയായ രണ്ടാം വർഷവും പ്രതിരോധ ചിലവ് കുറച്ചു. ആഗോള ജി ഡി പി യുടെ 2.5 ശതമാനവും പ്രതിരോധ മേഖലയിലേക്കാണ് പോകുന്നത്. 2026 ലും ഈ വർധനവ് തുടരുമെന്നാണ് സിപ്രി വിലയിരുത്തുന്നത്.
Summary
India has emerged as the world’s fifth-largest military spender with an 8.9% increase in its budget, reaching $92.1 billion in 2025. The SIPRI report highlights a global surge in military expenditure to $2.89 trillion, driven by geopolitical conflicts and regional tensions. While the US saw a temporary dip, Europe and Asia continue significant rearmament phases amid ongoing security challenges.






