Connect with us

articles

ഇന്ന് ഡിസംബര്‍ ആറ്‌: ഇന്ത്യ ബാബരിക്ക് ശേഷം

ബാബരിയാനന്തര ഇന്ത്യ ആഗോള സമൂഹത്തിനു മുന്നിലെ വലിയൊരു പരീക്ഷണ ശാലയാണ്. ഒരു ആധുനിക രാജ്യത്തിന്റെ, അല്ലെങ്കില്‍ ഒരു പൗരാണിക സംസ്‌കൃതിയുടെ ആധാരശില എങ്ങനെ തച്ചുടക്കാം എന്ന് കാണിച്ചുകൊടുക്കുകയാണ് മോദിയുടെ ഇന്ത്യ, അല്ല ഭാരതം. ഇന്ത്യ പേര് കൊണ്ടും ആന്തരിക ഉണ്‍മ കൊണ്ടും കൊല ചെയ്യപ്പെട്ടിരിക്കുന്നു.

Published

|

Last Updated

വര്‍ഗീയതയുടെ അപകടം ആഴത്തില്‍ മനസ്സിലാക്കിയ ഭരണകര്‍ത്താവാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. വിഭജനാനന്തര ഇന്ത്യയില്‍, ഇരു രാജ്യങ്ങളിലും കബന്ധങ്ങള്‍ കുന്നുകൂടുകയും ചോരച്ചാലുകള്‍ പരന്നൊഴുകുകയും ചെയ്ത ആ കാലസന്ധിയില്‍, 1950 മെയ് രണ്ടിന് നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് ഒരു കത്തെഴുതി. ഇന്ത്യയും പാകിസ്താനും അവരവരുടെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന നെഹ്‌റു-ലിയാഖത്തലി ഖാന്‍ ഉടമ്പടിക്ക് തൊട്ടുപിറകെയായിരുന്നു അത്. “വെല്ലുവിളി ഇവിടെയാണ്, പാകിസ്താനില്‍ നിന്ന് അത്ര കൂടുതലൊന്നുമില്ല. വര്‍ഗീയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശീലിച്ച നമ്മുടെ ആള്‍ക്കാരില്‍ നിന്ന്’… നെഹ്‌റു സത്യസന്ധമായി കുറിച്ചിട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ കൂട്ടക്കൊലയും മനുഷ്യ പലായനവും കാണേണ്ടിവന്ന ദുരന്തപങ്കിലമായ അത്തരമൊരു കാലഘട്ടം തരണം ചെയ്യാനും പാരസ്പര്യത്തിന്റെ സംസ്‌കാരം കരുപ്പിടിപ്പിക്കാനും ആ വലിയ മനുഷ്യന് സാധിച്ചപ്പോഴാണ് സ്വതന്ത്ര ഇന്ത്യ ലോകത്തോടൊപ്പം മുന്നോട്ടു ചലിക്കാന്‍ തുടങ്ങിയത്. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ പുരുഷോത്തം ദാസ് ഠാണ്ടന്‍ കോണ്‍ഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതിനെ എതിര്‍ക്കാനും അദ്ദേഹത്തെ ആ പദവിയില്‍ നിന്ന് താഴെയിറക്കാനും നെഹ്‌റു കാണിച്ച ആര്‍ജവത്തില്‍ നിന്നാണ് ഇവിടെ മതേതരത്വത്തിന്റെ മുകുളങ്ങള്‍ പൊട്ടിവിടരുന്നതും സെക്യുലര്‍ കള്‍ച്ചറിന്റെ ഉള്ളടക്കങ്ങള്‍ ആഴത്തില്‍ വേരൂന്നുന്നതും. 1958ലെ എ ഐ സി സി സമ്മേളനത്തില്‍ നെഹ്‌റു തന്റെ സഹപ്രവര്‍ത്തകരോട് ഒരു കാര്യം ശ്രദ്ധാപൂര്‍വം ഓര്‍മിപ്പിച്ചു, ഭൂരിപക്ഷത്തിന്റെ വര്‍ഗീയതയാണ് ന്യൂനപക്ഷത്തിന്റെ വര്‍ഗീയതയേക്കാള്‍ ഏറ്റവും അപകടകരം! എന്തുകൊണ്ട് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടിയും നല്‍കി: “ന്യൂനപക്ഷ സമുദായങ്ങള്‍ വര്‍ഗീയമാകുമ്പോള്‍ പെട്ടെന്നത് കണ്ടുപിടിക്കാനും തിരിച്ചറിയാനും സാധിക്കും. പക്ഷേ ഭൂരിപക്ഷ സമുദായത്തിന്റെ വര്‍ഗീയത അങ്ങനെയല്ല; ദേശീയതയുടെ രൂപത്തിലാകും അത് പ്രത്യക്ഷപ്പെടുക’.

എത്ര ദീര്‍ഘ ദൃഷ്ടിയോടെയാണ് നെഹ്‌റു സ്വതന്ത്ര ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചത്. ഭൂരിപക്ഷ വര്‍ഗീയത അനായാസമായി രാജ്യത്തിന്റെ രാഷ്ട്രീയ വിചാരഗതിയായി രൂപാന്തരപ്പെടുന്ന ഘട്ടം പുതിയൊരു ഇന്ത്യ പിറന്നുവീഴുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പടിഞ്ഞാറന്‍ രാജ്യതന്ത്രജ്ഞരും ബ്രിട്ടീഷ് ഭരണാധികാരികളും മറ്റും ഇന്ത്യക്ക് സ്വാതന്ത്ര്യം വകവെച്ചുതരുന്നതിന് തടസ്സം പറഞ്ഞത്, ഭൂരിപക്ഷ വര്‍ഗീയത ആ സ്വാതന്ത്ര്യം അട്ടിമറിക്കുമെന്നും രക്തരൂക്ഷിത കലാപമായിരിക്കാം പിന്നീടിവിടെ കെട്ടഴിഞ്ഞുവീഴുക എന്നുമുള്ള ഉത്കണ്ഠ കൈമാറിയാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഉപഭൂഖണ്ഡം വിടേണ്ട താമസം ജര്‍മനിയില്‍ നിന്ന് വെള്ള സൈന്യത്തെ വാടകക്കെടുത്തെങ്കിലും സായുധ ഹൈന്ദവ ആരോഹണം സാധ്യമാക്കുമെന്ന് വരെ 1930 ഡിസംബറില്‍ സിറ്റി ഓഫ് ലണ്ടനിലെ ഒരു പ്രസംഗത്തില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞുവെച്ചപ്പോള്‍ ശ്രോതാക്കള്‍ അമ്പരന്നു. കാലം അല്‍പ്പം മുന്നോട്ട് പോയി. ലണ്ടനിലെ ആല്‍ബെര്‍ട്ട് ഹാളില്‍, “ഇന്ത്യയോടുള്ള നമ്മുടെ ബാധ്യത’ പ്രതിപാദിക്കുന്നിടത്ത് ബ്രാഹ്മണരുടെ ഭരണത്തിന് (കോണ്‍ഗ്രസ്സ് സര്‍ക്കാറിന്) ഇന്ത്യയെ വിട്ടുകൊടുക്കുന്നത് കടുത്ത ക്രൂരതയും ചതിയുമാകുമെന്ന് വരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തുറന്നടിച്ചു. സ്വതന്ത്രമാകുന്നതോടെ വേഗത്തില്‍ പിറകോട്ട് നൂറ്റാണ്ടുകളോളം സഞ്ചരിച്ച് കാടത്തത്തിലേക്കും മധ്യകാല ദാരിദ്ര്യത്തിലേക്കും ഇന്ത്യ വഴുതിവീഴുമെന്ന് വരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചിലിന്റെ പ്രവചനങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുമ്പോള്‍, ചെറിയ ചില തിരുത്തലുകള്‍ വേണ്ടിവന്നു. ദുരന്തങ്ങള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ്സ് വാഴ്ചയിലാണെങ്കിലും മഹാ ദരുന്തങ്ങളായി അവ പാരമ്യതയിലെത്തുന്നത് ആര്‍ എസ് എസിന്റെ രാഷ്ട്രീയ മേധാവിത്വത്തിന്‍ കീഴിലാണ്.

ഒന്നാലോചിച്ചുനോക്കൂ. ആര്‍ എസ് എസ് വിഭാവന ചെയ്യുന്ന ഭൂരിപക്ഷ വര്‍ഗീയത ദേശീയതയായും രാജ്യസ്‌നേഹമായും രൂപമാറ്റം സംഭവിച്ചതോടെ ജനാധിപത്യ വ്യവസ്ഥ തന്നെ എത്ര ദയാര്‍ഹമായാണ് അട്ടിമറിക്കപ്പെട്ടത്. പേരിന് ജനാധിപത്യമുണ്ട്. തിരഞ്ഞെടുപ്പുണ്ട്. ഫലത്തില്‍ സംഭവിക്കുന്നതോ? ഏറ്റവുമൊടുവിലായി, അഞ്ച് നിയമ സഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബര്‍ മൂന്നിന് പുറത്തുവന്നപ്പോള്‍ വമ്പന്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയവരെല്ലാം അങ്ങേയറ്റം നിരാശരും നിസ്സംഗരുമാകുന്ന ഒരു സ്ഥിതിവിശേഷം സംജാതമായില്ലേ? രാഹുലിന്റെ കരിഷ്മയോ പ്രിയങ്കയുടെ ഡൈനാമിസമോ സോണിയയുടെ പക്വതയോ ഒന്നും തന്നെ, വിദ്വേഷം മൊത്തമായി വില്‍ക്കപ്പെടുന്ന മോദിയുടെ ഹൈപ്പര്‍മാര്‍ക്കറ്റിനടുത്ത് ചെലവാകില്ലെന്ന് എത്ര ധിക്കാരപരമായാണ് സമര്‍ഥിക്കപ്പെട്ടത്. നഷ്ടപ്പെട്ട മതേതര ഭൂമിക തിരിച്ചുപിടിക്കാമെന്ന ഒരു വ്യാമോഹവും വേണ്ട എന്ന താക്കീതാണ് തിരഞ്ഞെടുപ്പ് ഫലം കൈമാറിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലുമൊക്കെ ബി ജെ പിയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോദിയുടെ പ്രഭാവമാണെന്ന് അല്ലെങ്കില്‍ “മോദി മാജിക്കാ’ണെന്ന് രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുകയാണ് നാം. എന്താണ് യഥാര്‍ഥത്തില്‍ ആ മോദി പ്രഭാവം? മോദി മാജിക്ക്? ഭൂരിപക്ഷത്തിന്റെ മനം കുളിര്‍പ്പിക്കുന്ന ഒരു മനോഘടനയിലേക്ക് രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥ പുതിയൊരു സോഷ്യല്‍ എന്‍ജിനിയറിംഗിലൂടെ പുനരവതരിപ്പിക്കുന്നതില്‍ ഭരിക്കുന്നവരും വലിയൊരു ജനവിഭാഗത്തെ വെറുക്കുന്നവരും വിജയിച്ചിരിക്കുന്നുവെന്നല്ലാതെ മറ്റെന്ത്?

സരയൂ നദിക്കരയിലെ ദുരന്ത പരമ്പര

ന്യൂനപക്ഷത്തെ അന്യരായി അവതരിപ്പിക്കുന്ന ഒരു വ്യവസ്ഥയുടെ വിധാതാക്കള്‍ എന്ന നിലയില്‍ മോദിയും യോഗിയും അമിത് ഷായുമൊക്കെ പ്രസരിപ്പിച്ച അങ്ങേയറ്റം വിഷലിപ്തമായ വിചാരഗതിയില്‍ തളിര്‍ത്തുനില്‍ക്കുന്ന അല്ലെങ്കില്‍ മ്യൂട്ടേഷന്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയപരിസരം. ഇവിടെ ഭരണ മികവോ ജനാധിപത്യ മൂല്യങ്ങളോ ഒരു വേള നാം അഭിമാനം കൊണ്ട പാരസ്പര്യത്തിന്റെ സംസ്‌കാരമോ ഒന്നും ചിന്താവിഷയമാകുന്നില്ല. അപ്രസക്തമാണവയൊക്കെ. മോദിയുടെ എട്ട് വര്‍ഷത്തെ രാജ്യഭരണം മാറ്റിയെടുത്ത ഇന്ത്യയുടെ പിറവി അന്വേഷിച്ചുചെന്നാല്‍ നമ്മള്‍ എത്തിപ്പെടുക 1992ലെ ബാബരിയുടെ ധ്വംസനത്തിലാകും. 465 വര്‍ഷം പഴമയുള്ള പള്ളി തകര്‍ത്തെറിഞ്ഞതോടെ അതുവരെ രാജ്യം കൊണ്ടുനടന്ന ചില മറകള്‍ താനേ തകര്‍ന്നു തരിപ്പണമായി. സമുദായങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ പൊതുവെ ദര്‍ശിച്ചിരുന്ന പാവനത പിച്ചിച്ചീന്തപ്പെട്ടു. ഇനി എന്തുമാകാം എന്ന തോന്നല്‍ രാജ്യത്തെ ഗ്രസിച്ചു.

അതോടെ, ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുരച്ചുചാടുന്നതാണ് ദേശസ്‌നേഹമെന്ന ചിന്താഗതി രാജ്യമാസകലം (ദ്രാവിഡ മണ്ണിനെ തത്കാലം മാറ്റിനിര്‍ത്താം) എല്ലാ വിഭാഗം ജനങ്ങളെയും പിടികൂടി. മാറ്റത്തിന്റെ ഈ കൊണ്ടാടലുകള്‍ക്കിടയില്‍ ബാബരി മസ്ജിദ് എന്ന് ഉച്ചരിക്കുന്നത് പോലും ഒരപരാധമായോ പഴഞ്ചന്‍ രാഷ്ട്രീയമായോ മാറി. മുസ്‌ലിം പേരുള്ള രാഷ്ട്രീയ സംഘടനകളും പാര്‍ട്ടികളുമൊക്കെ എത്ര കരുതലോടെയാണ് ബാബരി മസ്ജിദ് പരാമര്‍ശിക്കുന്നത്. പള്ളിയുടെ കാര്യം പറഞ്ഞാല്‍ വര്‍ഗീയവാദിയോ ഭീകരവാദിയോ ആയി മുദ്രകുത്തപ്പെടുന്ന അവസ്ഥ. ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹോളോകോസ്റ്റിനെ നിരാകരിക്കുന്നത് പോലും ശിക്ഷിക്കപ്പെടുന്ന കുറ്റകൃത്യമായി കാണുന്ന ഒരു ലോകത്ത്, ഭരണകൂടത്തിന്റെ കണ്‍മുമ്പില്‍ വെച്ച്, സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കെ ആയുധധാരികളായ “കര്‍സേവകര്‍’ ചരിത്ര പ്രാധാന്യമുള്ള ഒരു ആരാധനാലയം പട്ടാപ്പകല്‍ തകര്‍ത്ത് ധൂമപടലങ്ങളായി ചരിത്രത്തിലേക്ക് വലിച്ചെറിഞ്ഞത് ഓര്‍ക്കുകയോ ഓര്‍മപ്പെടുത്തുകയോ ചെയ്യുന്നത് പോലും മഹാപാപമായി കാണുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. ചെക്ക്ഫ്രഞ്ച് നോവലിസ്റ്റും ചിന്തകനുമായ മിലന്‍ കുന്ദേര മറവിക്കെതിരെ ഓര്‍മകള്‍ കൊണ്ട് കലാപം കൂട്ടാന്‍ ആഹ്വാനം ചെയ്ത കലുഷിത സാഹചര്യം ഇവിടെ ആരെയെങ്കിലും അസ്വസ്ഥമാക്കുന്നുണ്ടോ? മറ്റൊരു ഡിസംബര്‍ അറ് കടന്നുവരുമ്പോള്‍ എത്രപേര്‍ ബാബരി മസ്ജിദിന്റെ വിപാടനം രാജ്യ ചരിത്രത്തിലെ ഒരു മഹാദുരന്തമാണെന്ന് ഉച്ചത്തില്‍ വിളിച്ചുപറയാന്‍ ധൈര്യപ്പെടും? ഹോളോകോസ്റ്റിനെ കുറിച്ച് വര്‍ഷാവര്‍ഷം ഹോളിവുഡ് സിനിമകളും ഡോക്യുമെന്ററികളും ഗ്രന്ഥങ്ങളും വ്രതകൃത്യതയോടെ പുറത്തുവരുമ്പോള്‍, 140 കോടി മനുഷ്യര്‍ ജീവിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ആധുനിക ചരിത്രത്തെ പാപപങ്കിലമാക്കിയ, ഒരു നാടിന്റെ ആത്മാവിനെ ഗളഹസ്തം ചെയ്ത അയോധ്യയിലെ ദുരന്ത പരമ്പരയെ കുറിച്ച് ഉരിയാടാന്‍ ഏത് മുസ്‌ലിമാണ് ധൈര്യപ്പെടുന്നത്? അക്കൂട്ടത്തില്‍പ്പെട്ട മുസ്‌ലിമിന്റെ ദയാര്‍ഹമായ അവസ്ഥയെ കുറിച്ചാണ് സിയാഉല്‍ ഇസ്‌ലാം “ഹിന്ദു ഇന്ത്യയില്‍ ഒരു മുസ്‌ലിമായി ജീവിക്കുന്നതിനെ കുറിച്ച്’ വേദനയോടെ പ്രതിപാദിക്കുന്നത്.

അനീതിയുടെ പതാക പാറിപ്പറക്കുമ്പോള്‍

ബാബരിയാനന്തര ഇന്ത്യ ആഗോള സമൂഹത്തിനു മുന്നിലെ വലിയൊരു പരീക്ഷണ ശാലയാണ്. ഒരു ആധുനിക രാജ്യത്തിന്റെ, അല്ലെങ്കില്‍ ഒരു പൗരാണിക സംസ്‌കൃതിയുടെ ആധാരശില എങ്ങനെ തച്ചുടക്കാം എന്ന് കാണിച്ചുകൊടുക്കുകയാണ് മോദിയുടെ ഇന്ത്യ, അല്ല ഭാരതം. ഇന്ത്യ പേര് കൊണ്ടും ആന്തരിക ഉണ്‍മ കൊണ്ടും കൊല ചെയ്യപ്പെട്ടിരിക്കുന്നു. 1787ല്‍ ഫിലാഡല്‍ഫിയയില്‍ സംഭവിച്ച മഹത്തായ രാഷ്ട്രീയ ഉദ്യമത്തിനു ശേഷം (അമേരിക്കന്‍ ഭരണഘടനക്ക് രൂപം നല്‍കിയ സംഭവം) ലോകം കണ്ട അത്ഭുതകരമായ നേട്ടമെന്ന് ചരിത്രകാരനായ ഗ്രാന്‍വില്ലെ ആസ്റ്റിന്‍ വിശേഷിപ്പിച്ച ഇന്ത്യന്‍ ഭരണഘടനയുടെ അലകും പിടിയും മാറ്റിമറിക്കപ്പെട്ടില്ലേ? ഭരണഘടനാ സ്ഥാപനമായ ജുഡീഷ്യറിയുടെ പാവനത പിച്ചിച്ചീന്തപ്പെട്ട എത്രയെത്ര കോടതി വിധികള്‍! ബാബരി മസ്ജിദ് ഒരു ദുരന്തമായും കണ്ണീരായും ഒരിക്കലും തിരുത്തപ്പെടാത്ത അനീതിയായും ബാക്കിയാകുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം നീതിന്യായ വ്യവസ്ഥയുടെ തലയിലല്ലേ കെട്ടിവെക്കേണ്ടിവരിക.

പള്ളി തകര്‍ക്കപ്പെട്ടതിന്റെ ഞെട്ടലില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ബി ജെ പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ (ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്) സര്‍ക്കാറുകളെ പിരിച്ചുവിട്ടപ്പോള്‍ 1994 ബൊമ്മെ കേസില്‍ ഒമ്പതംഗ സുപ്രീം കോടതി ബഞ്ച് ആ നടപടിയെ ശരിവെച്ചുവെന്ന് മാത്രമല്ല, മതേതരത്വം നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാന ചട്ടക്കൂടിന്റെ ഭാഗമാണെന്ന് അടിവരയിടുകയും ചെയ്തു. അതനുസരിച്ച് ഹിന്ദുത്വ എന്നത് മതേതരത്വവിരുദ്ധമായ ഒരാശയമാണ്. വോട്ട് പിടിക്കാന്‍ മതവും ജാതിയും ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. പാര്‍ട്ടി പ്രകടന പത്രിക, ചില ബി ജെ പി നേതാക്കളുടെ നിരോധിക്കപ്പെട്ട ആര്‍ എസ് എസുമായുള്ള ബന്ധം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി കര്‍സേവകരിലൂടെ മതത്തെ ദുരുപയോഗം ചെയ്യുക എല്ലാം ഭരണഘടനാവിരുദ്ധമായ നടപടികളാണെന്ന് കോടതി ഏകകണ്ഠമായി വിധിച്ചു. ഇതേ പരമോന്നത നീതിപീഠത്തിലെ ഇന്നത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അടക്കമുള്ള അഞ്ചംഗ ബഞ്ചാണ് 2019 നവംബറില്‍ സരയൂ നദിക്കരയിലെ “തര്‍ക്കസ്ഥലം’ രാമക്ഷേത്രം നിര്‍മിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ഒരു ട്രസ്റ്റിന് വിട്ടുകൊടുക്കാന്‍ ആജ്ഞാപിക്കുന്നത്. സഹീറുദ്ദീന്‍ ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണികഴിപ്പിച്ച ബാബരിപ്പള്ളി ക്ഷേത്രം പണിയാന്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല. ആ ആവശ്യാര്‍ഥം ട്രസ്റ്റ് രൂപവത്കരിക്കണമെന്നോ അതിന്റെ സാമ്പത്തിക ബാധ്യത രാജ്യം വഹിക്കണമെന്നോ ഒരു കക്ഷിയും കോടതിക്കു മുമ്പാകെ വാദിച്ചിരുന്നുമില്ല. ആ വാദത്തിനപ്പുറത്ത്, തെളിവുകളുടെ പിന്‍ബലമോ ചരിത്രപരമായ അടിസ്ഥാനമോ ഒന്നുമില്ലാതെ, ഭൂരിപക്ഷ വിഭാഗത്തിന്റെ വികാരം കണക്കിലെടുത്ത് പള്ളിയുടെ സ്ഥലം താലത്തില്‍ വെച്ച് 1949 തൊട്ട് പള്ളിയുടെ മേല്‍ അതിക്രമങ്ങള്‍ കാട്ടിയ കക്ഷികള്‍ക്ക് ദാനം ചെയ്യുമ്പോള്‍ ഉയര്‍ന്നു പറക്കുന്നത് അനീതിയുടെ കൊടിക്കൂറയല്ലേ?

Latest