Kerala
വൈദ്യുതി നിരക്ക് വര്‍ധന; സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധം
കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം.
തിരുവനന്തപുരം| വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ നടപടിയില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. കെപിസിസി നിര്‍ദേശപ്രകാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.
വൈദ്യുതി നിരക്ക് കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞിരുന്നു. ധിക്കാരപരമായ തീരുമാനമാണിത്. സര്‍ക്കാര്‍ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്.
വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസയാണ് കൂട്ടിയത്. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ നിരക്ക് വര്‍ധന ബാധകമാണ്.യൂണിറ്റിന് 34 പൈസ വീതം വര്‍ധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയില്‍ വര്‍ധനവ് വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം.