Connect with us

Kerala

ജീവനക്കാരുടേത് നിയമവിരുദ്ധ സമരം; എയര്‍ ഇന്ത്യ എക്സ്പ്രസ്

സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കന്നതെന്നും യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ

Published

|

Last Updated

കൊച്ചി| ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ. ജീവനക്കാരുടേത് നിയമവിരുദ്ധ സമരമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്താകെ 250 ഓളം കാബിന്‍ ക്രൂ ജീവനക്കാരാണ് പണിമുടക്കുന്നത്. എയര്‍ ഇന്ത്യയിലെ മാറ്റം അംഗീകരിക്കാത്ത ഒരു വിഭാഗമാണ് സമരം ചെയ്യുന്നത്. സീനിയര്‍ കാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കന്നതെന്നും യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്രാ സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രി മുതല്‍ 70 ലേറെ സര്‍വീസുകളാണ് റദ്ദാക്കിയത്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ക്ക് നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

വിവിധ ആവശ്യങ്ങളുന്നയിച്ച് ഏപ്രിലില്‍ ജീവനക്കാര്‍ എയര്‍ ഇന്ത്യ മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വേതനം ലഭിക്കുന്നില്ല എന്നതാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന പ്രധാന പരാതി.

വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിന് വിമാനത്താവളങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലാണ് പകരം സംവിധാനം ഏര്‍പ്പെടുത്തിയത്. യാത്ര പുനക്രമീകരിക്കേണ്ടവര്‍ക്ക് 10, 11, 12 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തുനല്‍കിയെന്നും റീഫണ്ട് വേണ്ടവര്‍ക്ക് അത് നല്‍കിയെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു. നെടുമ്പാശേരിയില്‍ യാത്രക്കാര്‍ക്ക് നാളത്തേക്ക് ടിക്കറ്റ് റീ ഷെഡ്യൂള്‍ ചെയ്തു നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ ജീവനക്കാര്‍ സമരം അവസാനിപ്പിച്ചാല്‍ റീ ഷെഡ്യൂള്‍ ചെയ്ത ടിക്കറ്റില്‍ നാളെ യാത്ര ചെയ്യാം. എയര്‍ ഇന്ത്യ ജീവനക്കാര്‍ അപ്രതീക്ഷിതമായി പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കിയത്.

 

 

 

 

 

 

Latest