Connect with us

Kerala

വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ഉദ്ഘാടനം ദിവസം തന്നെ തടയും: വി കെ ശ്രീകണ്ഠന്‍ എം പി

അയച്ച കത്തിന് മറുപടി പോലും നല്‍കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എം പി

Published

|

Last Updated

പാലക്കാട് | വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എം പി. വി കെ ശ്രീകണ്ഠന്‍. വന്ദേഭാരത് എക്സപ്രസിന്റെ ഉദ്ഘാടന ദിവസമായ ഏപ്രില്‍ 25 ന് ഷൊര്‍ണൂരില്‍ ട്രെയിന്‍ തടയാനാണ് തീരുമാനം. അയച്ച കത്തിന് മറുപടി പോലും നല്‍കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും എം പി ആരോപിച്ചു.

ദക്ഷിണേന്ത്യയില്‍ തന്നെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് ഷൊര്‍ണൂര്‍ ജങ്ഷന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള യാത്രക്കാരും തൃശൂരിന്റെയും മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയില്‍വേ ഉന്നയിച്ച കാരണം വേഗതയെ ബാധിക്കുമെന്നാണ്. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ തന്നെ വള്ളത്തോള്‍ നഗര്‍ മുതല്‍ കാരക്കാട് വരെ 15 കി മീ വേഗതയിലേ ട്രെയിനിന് പോകാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ വേഗത കുറയുന്നുവെന്ന കാരണം അംഗീകരിക്കാന്‍ ആവില്ലെന്ന് എം പി ചൂണ്ടിക്കാട്ടി.

സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്കും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും, ജനറല്‍ മാനേജര്‍ക്കും വി കെ ശ്രീകണ്ഠന്‍ എം പി കത്ത് അയച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും റെയില്‍വേ മന്ത്രാലയത്തില്‍ നിന്നോ അധികൃതരില്‍ നിന്നോ യാതൊരുവിധ മറുപടിയും ലഭിച്ചിട്ടില്ല. ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായതിനാല്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സമരം നയിക്കുമെന്നും എം പി അറിയിച്ചു.