Connect with us

അതിഥി വായന

വിശപ്പാണ് വലിയ സത്യം

Published

|

Last Updated

വിശപ്പ് എന്ന സത്യാവസ്ഥയിലൂടെ പഞ്ചകോശങ്ങളിൽ അധിഷ്ഠിതമായ ശരീരത്തിന്റെയും മനസ്സിന്റെയും ആകുലതകളും ആഗ്രഹങ്ങളും പ്രതീക്ഷകളും അനാവരണം ചെയ്യുകയാണ് മുഖ്താർ ഉദരംപൊയിലിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ “വിശപ്പാണ് സത്യം’. ജിവന്റെ പരമാനന്ദ സത്യം പങ്കുവെക്കുമ്പോൾ ആത്മീയമായ അവസ്ഥകളുടെ തുടിക്കലുണ്ട്.
വിശപ്പിനും ദാഹത്തിനുമപ്പുറം ജീവിതം ഉറപ്പോടെ വാർത്തെടുക്കണമെന്നുള്ള തീയുടെ ചൂട് ഓരോ കോശങ്ങളെയും തളരാതെ ആവേശപ്പെടുത്തിയിരിക്കുന്നത് കാണാം. അന്നമയ -പ്രാണമയ – വിജ്ഞാനമയ – മനോമയ- ആനന്ദമയ കോശങ്ങൾ സത്യമെന്ന അവസ്ഥയുടെ പ്രതലത്തിൽ ഏകപ്പെടുമ്പോൾ ജീവിതമെന്നത് ഋതുഭേദങ്ങൾ കടന്നു പരീക്ഷണങ്ങളുടെ നിമ്‌നോന്നതികളെ താണ്ടി ലക്ഷ്യത്തിലെത്തുന്ന യാത്രാവണ്ടിയാണ്.

ഇന്നലെകളുടെ നഗ്‌നമായ അനുഭവങ്ങളെ ഹൃദയമിടിപ്പുകളോടു ചേർത്തു വെച്ച് അക്ഷരങ്ങളാക്കിയപ്പോഴൊക്കെ എഴുത്തുകാരൻ ശ്വാസമറ്റ് ഇരുന്നിടത്തൊക്കെ വായനക്കാരനും നിശ്ശബ്ദനാകുന്നു. തന്റെ ജീവിതത്തിലെ പൊള്ളിയടർന്ന അനുഭവങ്ങളുടെ സാക്ഷ്യം വിശപ്പറിഞ്ഞവർക്കും വിശപ്പാറ്റിയവർക്കുമാണ് അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്.
സമൂഹത്തിന്റെ ചലനങ്ങളിലേക്കും ചുറ്റുപാടുകളിലേക്കും ഇഴചേരാതെ ഏകപ്പെട്ടു നിന്നു ഒരാൾക്കും ലക്ഷ്യങ്ങളെ സമീപിക്കാൻ കഴിയില്ല. ജനനം മുതൽ മരണം വരെ അനേകരുടെ ആർദ്രമായ മനസ്സുകളും വിരൽതുമ്പുകളും നമ്മളെ ചേർത്തുനടത്തുന്നു. ചിലപ്പോൾ നമ്മളിലേക്ക് ദൈവദൂതരെ പോലെ അപ്രതീക്ഷിതമായി കടന്നുവരുന്ന ചിലരുണ്ടാകാം. പ്രതീക്ഷകൾക്ക് വിരുദ്ധമായ തലങ്ങൾ രൂപപ്പെടാം. ഈ അനുഭവങ്ങളുടെ സമ്മേളനമാണ് ജീവിതം.

കടന്നുവന്ന വഴികളിലെ സുന്ദരതയും മുറിപ്പാടുകളും മനസ്സിന്റെ അടിവാരത്തിൽ നിന്ന് പെറുക്കിയെടുത്ത് ഗ്രാമ നഗര മുഖങ്ങളെ അറിഞ്ഞ അതിസാധാരണക്കാരനായ ഒരു മനുഷ്യൻ അക്ഷരങ്ങളാക്കുമ്പോൾ അതിലെ ഓരോ ഏടുകളും കഥാപാത്രങ്ങളും അനുവാചകന്റെ ഹൃദയം കീറിമുറിക്കുകയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഉൾപ്പുളകങ്ങൾ പകരുകയും ചെയ്യുന്നു. ഒട്ടും അധികപ്പറ്റില്ലാത്ത പരിഭവങ്ങളും പരാതികളുമില്ലാത്ത സ്നേഹത്തിന്റെ വാക്കുകൾ കൊണ്ട് വായനക്കാരന്റെയകം നിറഞ്ഞു തുളുമ്പുകയാണ്.
ജീവിത സാഹചര്യങ്ങൾക്കിടയിലെ പരിസരങ്ങളെ അവതരിപ്പിക്കുന്നതിന്റെ സൂക്ഷ്മതയും മികവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. പ്രകൃതിയെ അവതരിപ്പിക്കുമ്പോൾ വാക്കുകളിൽ നിറയുന്ന വികാരം വല്ലാത്ത അനുഭൂതിയാണ്.

“വിശപ്പിനോളം വലിയ സത്യമില്ല, ഭക്ഷണത്തേക്കാൾ വലിയ സ്വപ്‌നവും..’
അനുഭവത്തിന്റെ വക്കിലൂടെ കാലിടറി വീഴാതെയുള്ള എഴുത്തുകാരന്റെ യാത്ര, നമുക്ക് നൽകുന്നത് ആത്മവിശ്വാസവും ഏതു സാഹചര്യങ്ങളെയും കടന്നുപോകാനുള്ള പ്രചോദനവുമാണ്. വിശപ്പ് എന്നത് ശരീരത്തിന്റെ ആഗ്രഹത്തോട് മാത്രം ചുരുക്കാതെ ജീവിതത്തിന്റെ എല്ലാവിധ തലങ്ങളിലേക്കും പരക്കുന്നുണ്ട്.
ഇത് വിശപ്പ് അനുഭവിച്ചവരുടെയും അതിജീവിച്ചവരുടെയും കഥകളാണ്. ഒരിക്കലെങ്കിലും വിശപ്പ് ഉള്ളുപൊള്ളി അനുഭവിച്ചവർക്ക് ഈ പുസ്തകം അവരുടെ കൂടി ജീവിതമാണ്. പ്രസാധകർ ബുക്കഫേ. വില 200 രൂപ.

ഹരീഷ് റാം
hareeshadoor@gmail.com

Latest