From the print
ഗസ്സയിൽ പട്ടിണി അതിരൂക്ഷം; ആറ് പേർ കൂടി മരിച്ചു
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് 119 മൃതദേഹങ്ങൾ കണ്ടെടുത്തതായി അൽജസീറ റിപോർട്ട് ചെയ്തു

ഗസ്സ് | ഗസ്സയിൽ വീണ്ടും പട്ടിണി മരണം. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഇന്നലെ ആറ് പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ 93 കുട്ടികളുൾപ്പെടെ 175 പേരാണ് പട്ടിണി മൂലം മരിച്ചത്. ഭക്ഷണം തേടിയെത്തിയ 65 ഫലസ്തീനികളെ ഇന്നലെ ഇസ്റാഈൽ കൊലപ്പെടുത്തി. 511 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അതിനിടെ 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 44 പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് 119 മൃതദേഹങ്ങൾ കണ്ടെടുത്തതായി അൽജസീറ റിപോർട്ട് ചെയ്തു.
ശനിയാഴ്ച ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനിൽ സഹായം തേടിയെത്തിയ 38 പേരെ ഇസ്റാഈൽ വെടിവെച്ചു കൊന്നതായി അൽ ജസീറ റിപോർട്ട് ചെയ്തു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഭക്ഷണം തേടി ഗസ്സാ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സൈറ്റിൽ എത്തിയ 105 ഫലസ്തീനികളെ ഇസ്റാഈൽ കൊലപ്പെടുത്തിയതായി യുഎൻ മനുഷ്യാവകാശ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
ഗസ്സയിലെ സ്ത്രീകളും പെൺകുട്ടികളും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ ഓഫീസ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് മാനുഷിക പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഭയാനകമായ ഈ സാഹചര്യം അവസാനിപ്പിക്കണം. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവൻ രക്ഷിക്കാനുള്ള സഹായം എത്തിക്കണമെന്നും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും യു എൻ ആവശ്യപ്പെട്ടു