Connect with us

Kerala

ഇറാനിയന്‍ വിദ്യാര്‍ഥിനിക്ക് കേരള സര്‍വ്വകലാശാലയുടെ നീന്തല്‍കുളം ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമേ നീന്തല്‍കുളം ഉപയോഗിക്കാന്‍ അനുമതിയുള്ളുവെന്ന് പറഞ്ഞ് നീന്തല്‍കുളത്തിന്റെ ചുമതലയുള്ളയാള്‍ തനിക്ക് നേരെ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സാറ മൂസവി എന്ന വിദ്യാര്‍ഥിനി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം  |  കേരള സര്‍വകലാശാലാ കാര്യവട്ടം കാമ്പസിലെ വിദ്യാര്‍ത്ഥിനിയും നീന്തല്‍താരവുമായ ഇറാനിയന്‍ പൗരയ്ക്ക് കാമ്പസിലെ നീന്തല്‍കുളം ഉപയോഗിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും ഇതിനാവശ്യമായ സൗകര്യങ്ങള്‍ കായിക യുവജനകാര്യ വകുപ്പ് ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് മാത്രമേ നീന്തല്‍കുളം ഉപയോഗിക്കാന്‍ അനുമതിയുള്ളുവെന്ന് പറഞ്ഞ് നീന്തല്‍കുളത്തിന്റെ ചുമതലയുള്ളയാള്‍ തനിക്ക് നേരെ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സാറ മൂസവി എന്ന വിദ്യാര്‍ഥിനി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.പരാതിക്കാരി നീന്തല്‍കുളം ഉപയോഗിക്കുന്ന വേളയില്‍ ജീവനക്കാരനെ ഇടപെടാന്‍ അനുവദിക്കരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഈ വിഷയത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ സിറ്റിംഗില്‍ ഹാജരാകാനോ തയ്യാറാകാതിരുന്ന കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍, എസ് എച്ച് ഒ എന്നിവരില്‍ നിന്നും സിറ്റി പോലീസ് കമ്മീഷണര്‍ വിശദീകരണം വാങ്ങി ഇവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.

പരാതിക്കാരിക്ക് നീന്തല്‍കുളം ഉപയോഗിക്കാന്‍ യാതൊരു തടസവുമില്ലെന്ന് കായികവകുപ്പ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.നീന്തല്‍കുളം ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കായിക വകുപ്പ് ഡയറക്ടര്‍ക്ക് നിവേദനം നല്‍കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. കേരള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണെന്ന സര്‍ട്ടിഫിക്കറ്റും നിവേദനത്തിനൊപ്പം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം ഉന്നയിച്ച് പരാതിക്കാരി കഴക്കൂട്ടം പോലീസിന് നല്‍കിയ പരാതിയില്‍ ഫലപ്രദമായ അന്വേഷണം നടന്നിട്ടില്ലെന്ന ആരോപണം ജില്ലാ പോലീസ് മേധാവി പരിശോധിച്ച് നിയമാനുസരണം നടപടിയെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.