Connect with us

Book Review

എഴുത്തിലെ വിശുദ്ധ സഞ്ചാരങ്ങൾ

ദേശീയ അന്തർദേശീയ പ്രശസ്തിയുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരിയാണ് ഡിബോറ എയ്സൻബെര്‍ഗ്. പ്രശസ്തമായ ഒ ഹെന്‍റി പുരസ്കാരം ആറ് തവണ നേടിക്കൊണ്ട് അമേരിക്കയുടെ സാഹിത്യലോകത്ത് ഇവർ വിസ്മയം സൃഷ്ടിച്ചു. ന്യൂയോർക്കിലെ പ്രശസ്തമായ പാരീസ് റിവ്യൂ മാസിക നൽകുന്ന ഹഡാഡ പുരസ്‌കാരത്തിന് പുറമെ മികച്ച ചെറുകഥക്കുള്ള റിയ പുരസ്കാരവും, കൂടാതെ വൈറ്റിംഗ് അവാര്‍ഡ്, മെക് ആർതർ ഫൗണ്ടേഷൻ ഫെല്ലോഷിപ്പ്, പെൻ ഫോക്‌നർ പ്രൈസ് തുടങ്ങി പ്രശസ്തമായ മറ്റനേകം ബഹുമതികളും പലപ്പോഴായി എയ്സൻബർഗിനെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സിൽ അംഗമായ ഈ എഴുത്തുകാരിയുടെ തൂലികയിൽനിന്നും ഇനിയും അദ്‌ഭുതകരമായ കഥകൾ പ്രതീക്ഷിക്കുകയാണ് വായനാലോകം.

Published

|

Last Updated

മനോഹരമായ ചെറുകഥകൾ കൊണ്ട് അമേരിക്കയുടെ അക്ഷരലോകത്തെ ഹരിതാഭമാക്കുന്നതിൽ വലിയ പങ്കു വഹിച്ച എഴുത്തുകാരിയാണ് ഡിബോറ എയ്സൻബെര്‍ഗ് (Deborah Eisenberg). പ്രശസ്തമായ ഹഡാഡ പുരസ്കാരം 2019ൽ ഈ എഴുത്തുകാരിക്കാണ് ലഭിച്ചത്. അമേരിക്കൻ സാമൂഹിക ജീവിതത്തിന്റെ യഥാതഥമായ വാങ്മയങ്ങളെന്നാണ് എയ്സൻബെര്‍ഗിന്റെ ചെറുകഥകളെ നിരൂപകർ വാഴ്ത്തുന്നത്.

1945 നവംബർ 20ന് അമേരിക്കയിലെ ഇല്ലിനോയ്സില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ച ഡിബോറ എയ്സൻബെര്‍ഗ് നാൽപ്പതാമത്തെ വയസ്സിലാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചത്. എങ്കിലും വളരെ പെട്ടെന്നുതന്നെ അമേരിക്കയിലെ ശ്രദ്ധേയയായ എഴുത്തുകാരിയായി അവർ ഉയര്‍ന്നു. വർഷത്തില്‍ ഒന്ന് എന്ന നിലയില്‍ തികച്ചും മന്ദഗതിയിലാണ് അവരുടെ തൂലികയിൽ നിന്നും കഥകള്‍ പിറന്നുവീണത്. ഇരുപത്തിയഞ്ച് വർഷത്തിനുള്ളില്‍ നാല് കഥാസമാഹാരങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയത്. എഴുത്ത് തന്നെ സംബന്ധിച്ചിടത്തോളം അനായാസമായി പൂർത്തിയാക്കാൻ പറ്റുന്ന പ്രവൃത്തിയേ അല്ലെന്നാണ് ഈ മെല്ലെപ്പോക്കിനെക്കുറിച്ച് എയ്സൻബെര്‍ഗ് പറയുന്നത്. ഒരു കഥയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതിക്കഴിഞ്ഞാൽ പിറ്റേന്ന് അതൊന്നു പുതുക്കിയെഴുതും. അതിന്റെ പിറ്റേന്ന് വീണ്ടും പുതുക്കിയെഴുതും. അങ്ങനെ അതൊരു പൂർണ കഥയാകുമ്പോഴേക്കും മാസങ്ങൾ കുറെ കടന്നുപോകും. ഒരാശയത്തിന്റെമേൽ പണിതുയർത്തുന്നതല്ല തന്റെ രചനകളെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സ്വപ്നത്തിന്റെ ക്ഷണികമാത്രയിൽനിന്നോ, അവിചാരിതമായി മനസ്സിനുള്ളിലേക്ക് കടന്നുകയറുന്ന ഏതെങ്കിലും വൈകാരികാനുഭൂതിയിൽനിന്നോ യാദൃച്ഛികമായി കണ്ണിനുമുന്നിൽ മിന്നിമറയുന്ന ഒരു കാഴ്ചയിൽ നിന്നോ അവ ഉരുത്തിരിഞ്ഞു വരികയാണ്. പക്ഷേ, അത്തരം കാഴ്ചകളെയും അനുഭൂതികളേയും അവയുടെ തനിമയും വിശുദ്ധിയും ചോർന്നുപോകാതെ അക്ഷരങ്ങളിലേക്ക് ആവാഹിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് തന്റെ ഓരോ കഥയുടെയും പിറവിക്കു പിറകിലുള്ള ശക്തിയെന്ന് അവർ വെളിപ്പെടുത്തുന്നു. Transactions in a Foreign Country (1986), Under the 82 Airborn (1992), All Aroud Atlantis (1997 ), Twilight of the Super Heroes (2006 ) Your Duck is My Duck (2018) എന്നിവയാണ് എയ്സന്‍ബെര്‍ഗിന്റെ കഥാസമാഹാരങ്ങള്‍.

അമേരിക്കയിലെ ഏറ്റവും വലിയ കഥാകൃത്തുക്കളില്‍ ഒരാളാണ് ഡിബോറ എയ്സൻബെർഗ്. ഒരു നാടകവും ഒട്ടേറെ വിമര്‍ശനലേഖനങ്ങളും എഴുതിയിട്ടുണ്ടെങ്കിലും കഥകളിലൂടെയാണ് അവർ ദേശീയവും അന്തർദേശീയവുമായ പ്രശസ്തിയും അംഗീകാരവും നേടിയത്. കഥയുടെ പുതുമയാർന്ന വഴികൾ തേടുന്ന എയ്സൻബെർഗ് തന്റെ രാജ്യത്തിന്റെ സമകാലിക സാമൂഹികാവസ്ഥയെ അതിന്റെ എല്ലാ ശക്തിദൗർബല്യങ്ങളോടും കൂടി അവതരിപ്പിക്കുന്നു. ജീവിതത്തിന്റെ സന്ദിഗ്ധതയും ആകസ്മികതകളും അവരുടെ മിക്ക കഥകളിലേയും പ്രധാന പ്രമേയമാണ്. അസംതൃപ്തിയുടെയും ആശയക്കുഴപ്പത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും സങ്കടചിഹ്നങ്ങളാണ് അവയിൽ മുന്നിട്ടു നിൽക്കുന്നത്.
കഥയെഴുത്തിന്റെ പരമ്പരാഗതവും പ്രഖ്യാപിതവുമായ വ്യവസ്ഥകളുടെ പിന്നാലെ പോകാൻ താത്പര്യമില്ലാത്ത എഴുത്തുകാരിയെന്ന് ഡിബോറ എയ്സന്‍ബെര്‍ഗിനെ വിശേഷിപ്പിക്കാം. പക്ഷേ, എഴുത്തിനോട് അവർ അങ്ങേയറ്റം നീതിപുലർത്തുന്നു എന്നത് വാസ്തവമാണ്. എഴുത്ത് വളരെ വിശുദ്ധമായ ഒരു പ്രവൃത്തിയായിട്ടാണ് താൻ കരുതുന്നതെന്നും അതിനെ ലാഘവത്തോടെ സമീപിക്കാൻ ഒരിക്കലും സാധ്യമല്ലെന്നുമുള്ള എയ്സന്‍ബെര്‍ഗിന്റെ പ്രസ്താവനക്ക് അവരെഴുതിയിട്ടുള്ള വിരലിലെണ്ണാവുന്ന, മികച്ച കഥകൾ തന്നെയാണ് സാക്ഷ്യം നിൽക്കുന്നത്. എയ്സൻബെർഗിന്റെ പുസ്തകങ്ങൾ അമേരിക്കയിലും മറ്റനവധി രാഷ്ട്രങ്ങളിലും ബെസ്റ്റ് സെല്ലറുകളായതിനു പിന്നിൽ എഴുത്തിനോടുള്ള അവരുടെ ഈ കാഴ്ചപ്പാടുകൾക്കും ചെറുതല്ലാത്ത പങ്കുണ്ടെന്നതിൽ സംശയമില്ല.

ദേശീയ അന്തർദേശീയ പ്രശസ്തിയുള്ള നിരവധി പുരസ്‌കാരങ്ങൾ നേടിയ എഴുത്തുകാരിയാണ് ഡിബോറ എയ്സൻബെര്‍ഗ്. പ്രശസ്തമായ ഒ ഹെന്‍റി പുരസ്കാരം ആറ് തവണ നേടിക്കൊണ്ട് അമേരിക്കയുടെ സാഹിത്യലോകത്ത് ഇവർ വിസ്മയം സൃഷ്ടിച്ചു. ന്യൂയോർക്കിലെ പ്രശസ്തമായ പാരീസ് റിവ്യൂ മാസിക നൽകുന്ന ഹഡാഡ പുരസ്‌കാരത്തിന് പുറമെ മികച്ച ചെറുകഥക്കുള്ള റിയ പുരസ്കാരവും, കൂടാതെ വൈറ്റിംഗ് അവാര്‍ഡ്, മെക് ആർതർ ഫൗണ്ടേഷൻ ഫെല്ലോഷിപ്പ്, പെൻ ഫോക്‌നർ പ്രൈസ് തുടങ്ങി പ്രശസ്തമായ മറ്റനേകം ബഹുമതികളും പലപ്പോഴായി എയ്സൻബർഗിനെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സിൽ അംഗമായ ഈ എഴുത്തുകാരിയുടെ തൂലികയിൽനിന്നും ഇനിയും അദ്‌ഭുതകരമായ കഥകൾ പ്രതീക്ഷിക്കുകയാണ് വായനാലോകം.