Connect with us

siraj editorial

ഹിന്ദു, ഹിന്ദുത്വം: രാഹുല്‍ പറഞ്ഞതിന്റെ അര്‍ഥം

ഇന്ത്യ ഹിന്ദുക്കളുടെ നാടാണ് എന്ന് പറയുമ്പോള്‍ ബഹുമത സമൂഹമായ ഈ രാജ്യത്തെ മറ്റ് മതവിഭാഗങ്ങളുടെ ഇടം എവിടെയാണെന്ന ചോദ്യമാണ് മതേതര കക്ഷികളും മതന്യൂനപക്ഷങ്ങളും ഉയര്‍ത്തുന്നത്. എന്നാല്‍ രാഹുല്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ മറ്റൊരു ഭാഗം തിളക്കമുള്ളതാണ്. ഹിന്ദുവും ഹിന്ദുത്വവും ഒന്നല്ലയെന്ന്‌ രാഹുല്‍ ഉറക്കെ പറഞ്ഞിരിക്കുന്നു

Published

|

Last Updated

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ജയ്പൂരിലെ മെഗാ റാലിയില്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. “ഞാന്‍ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. മഹാത്മാ ഗാന്ധി ഒരു ഹിന്ദുവായിരുന്നു. ഗോഡ്‌സെ ഹിന്ദുത്വവാദിയും. മഹാത്മാ ഗാന്ധി സത്യാന്വേഷണത്തിനായി തന്റെ ജീവിതം ചെലവഴിച്ചു. നാഥുറാം ഗോഡ്‌സെ മൂന്ന് വെടിയുണ്ടകള്‍ കൊണ്ട് അദ്ദേഹത്തിന്റെ ജീവനെടുത്തു. മഹാത്മജി സത്യഗ്രഹം അനുഷ്ഠിച്ചു. ഹിന്ദുത്വവാദികള്‍ സത്താ (അധികാരം)ഗ്രഹവും’- സോണിയാ ഗാന്ധിയടക്കമുള്ള നേതാക്കള്‍ വേദിയിലിരിക്കെ രാഹുല്‍ പറഞ്ഞു. ഹിന്ദുത്വവാദികള്‍ ജീവിതം മുഴുവന്‍ അധികാരം തേടിയാണ് ചെലവഴിക്കുന്നത്. അധികാരമല്ലാതെ അവര്‍ക്ക് മറ്റൊന്നുമില്ല. അതിനായി അവര്‍ എന്തും ചെയ്യും. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് ഹിന്ദുക്കള്‍. ആരെയും ഭയക്കാത്തവനുമാണ് ഹിന്ദു. ഇപ്പോള്‍ ഭരിക്കുന്നവര്‍ വ്യാജ ഹിന്ദുക്കളാണെന്നും രാഹുല്‍ വിശദീകരിച്ചു.

ഈ പ്രസ്താവനക്കെതിരെ രണ്ട് തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് വന്നിട്ടുള്ളത്. ഒന്ന്, രാഹുല്‍ ഗാന്ധി രാജ്യത്തെ ഹിന്ദു സമൂഹത്തെ അപമാനിച്ചുവെന്നതാണ്. ഒരു കഴമ്പുമില്ലാത്ത ആ വിമര്‍ശം നടത്തുന്നത് സംഘ്പരിവാര്‍ സംഘടനകളാണ്. ഇന്ത്യ ഹിന്ദുക്കളുടെ നാടാണ് എന്ന് പറയുമ്പോള്‍ ബഹുമത സമൂഹമായ ഈ രാജ്യത്തെ മറ്റ് മതവിഭാഗങ്ങളുടെ ഇടം എവിടെയാണെന്ന ചോദ്യമാണ് സി പി എം അടക്കമുള്ള മതേതര കക്ഷികളും മതന്യൂനപക്ഷങ്ങളും ഉയര്‍ത്തുന്നത്. ഹിന്ദു എന്നത് ഒരു മതമല്ല, സംസ്‌കാര വിശേഷമാണെന്നും അത്തരമൊരു പ്രയോഗം കൊണ്ടുവന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വമാണെന്നുമുള്ള ന്യായം കൊണ്ട് മാത്രം ഈ ചോദ്യത്തെ നേരിടാനാകുമെന്ന് തോന്നുന്നില്ല. പൗരത്വ ഭേദഗതി നിയമം പാസ്സാക്കപ്പെട്ട ഇന്ത്യയില്‍ ഈ ന്യായീകരണം ഒരു നിലക്കും നിലനില്‍ക്കുന്നതല്ല. പൗരത്വ പട്ടികയില്‍ ഇടം നേടുന്ന മതസ്ഥരുടെ പേര് എണ്ണിയപ്പോള്‍ അവിടെ ഹിന്ദു ഉണ്ട്, മുസ്‌ലിം ഇല്ല. അപ്പോള്‍ ഹിന്ദു എന്നത് ഭരണകൂടത്തിന്റെ സൗമനസ്യം അര്‍ഹിക്കുന്ന മതവും മുസ്‌ലിം ഒഴിവാക്കപ്പെട്ട മതവുമായി മാറുകയാണല്ലോ. പൗരത്വത്തിന് യോഗ്യതയും അയോഗ്യതയുമായി മതം മാറുന്ന തരത്തില്‍ നിയമം വരുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഹിന്ദു രാജ് വരണമെന്ന് രാഹുല്‍ പറയുന്നതിനെ ഒരു ചോദ്യവും ചോദിക്കാതെ സ്വീകരിക്കാനാകില്ല. ഹിന്ദുത്വത്തോട് ഏറ്റുമുട്ടുന്നത് ഹിന്ദുവല്ല, മറിച്ച് മതനിരപേക്ഷ സമൂഹം ഒന്നാകെയാണ്.

എന്നാല്‍ രാഹുല്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ മറ്റൊരു ഭാഗം തിളക്കമുള്ളതാണ്. ഹിന്ദുവും ഹിന്ദുത്വവും ഒന്നല്ല, ഒരു സമാനതയുമില്ലാത്ത രണ്ടാണെന്ന വസ്തുത രാഹുല്‍ ഉറക്കെ പറഞ്ഞിരിക്കുന്നു. അത് സംഘ്പരിവാറിന്റെ അടിസ്ഥാന രാഷ്ട്രീയ ആശയത്തെ വെല്ലുവിളിക്കുന്നതാണ്. അതുകൊണ്ടാണല്ലോ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന നിലവിളിയുമായി ഹിന്ദുത്വവാദികള്‍ രംഗത്തു വന്നിരിക്കുന്നത്. ഹിന്ദുവും ഹിന്ദുത്വവും രണ്ടാണെന്ന് വ്യക്തമായി പ്രചരിപ്പിക്കുകയും ഒരു ഹിന്ദുവിനെയും ഹിന്ദുത്വത്തിന്റെ സോഷ്യല്‍ എന്‍ജിനീയറിംഗിന് വിട്ടുകൊടുക്കാതിരിക്കുകയുമാണ് വര്‍ത്തമാന കാല ഇന്ത്യ ആവശ്യപ്പെടുന്ന കരുത്തുറ്റ രാഷ്ട്രീയം. ഹിന്ദു ഉള്‍ക്കൊള്ളലാണ്. ശാന്തതയാണ്. ബഹുസ്വരമാണ്. വൈവിധ്യമാണ്. ഹിന്ദുത്വമോ? ആട്ടിയോടിക്കലാണ്. നിഗ്രഹാത്മകമാണ്. ഏകശിലാത്മകതയാണ്. അത് ബഹുസ്വരതക്ക് എതിരാണ്. അത് മതരാഷ്ട്രത്തില്‍ വിശ്വസിക്കുന്നു. ഹിന്ദുവിന്റെ രാമന്‍ മര്യാദ പുരുഷോത്തമനാണ്. ഹിന്ദുത്വത്തിന്റെ രാമന്‍ വില്ല് കുലച്ച് നില്‍ക്കുന്നു. ഹിന്ദുവിന്റെ ഹനുമാന്‍ ഭക്തഹനുമാനാണ്. ഹിന്ദുത്വത്തിന്റെ ഹനുമാന്‍ രൗദ്ര ഹനുമാനാണ്. പശുവിനെ ഹൈന്ദവരില്‍ ഒരു വിഭാഗം ഭക്തിയോടെ കാണുന്നു. അത് നിഷ്‌കളങ്കമായ ഒരു വിശ്വാസമാണ്. അതിനെ ഹിന്ദുത്വം എടുത്തു പയറ്റിയപ്പോള്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ഉപാധിയായി. അതുകൊണ്ട് ഹിന്ദുത്വം ഹിന്ദുവിനെ പ്രതിനിധാനം ചെയ്യുന്നേയില്ല.

പക്ഷേ, ഒന്നുണ്ട്. ഹിന്ദുത്വവാദികളെ വ്യാജ ഹിന്ദുക്കളെന്ന് അടയാളപ്പെടുത്തുകയും ഹിന്ദു രാജ് വരണമെന്ന് പറയുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് നിരവധിയായ വിഷയങ്ങളില്‍ ആത്മാര്‍ഥമായ ഏറ്റുപറച്ചില്‍ നടത്തേണ്ടി വരും. ഹിന്ദുത്വ ഫാസിസത്തിന് വലിയ രാഷ്ട്രീയ മൂലധനം നല്‍കിയ ബാബരി മസ്ജിദ് ധ്വംസനം അതില്‍ ഒന്ന് മാത്രമാണ്. 1949 ഡിസംബറിലാണ് ബാബരി മസ്ജിദില്‍ രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെടുന്നത്. രാമനും സീതയും പള്ളിയില്‍ സ്വയംഭൂവായിരിക്കുന്നുവെന്നും പള്ളി പൊളിച്ച് ഉടന്‍ ക്ഷേത്രമാക്കി മാറ്റണമെന്നും ഒരു സംഘം സന്യാസിമാര്‍ ആക്രോശിച്ചു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു പറഞ്ഞത് വിഗ്രഹങ്ങള്‍ എടുത്ത് സരയൂവില്‍ എറിയാനാണ്. എന്നാല്‍ യു പി ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് നേതാവ് ജി ബി പാന്ത് അതിന് തയ്യാറായില്ല. 1985ല്‍ നെഹ്‌റുവിന്റെ കൊച്ചു മകന്‍ രാജീവ് ഗാന്ധി രാജ്യം ഭരിച്ചപ്പോള്‍ ഈ വിഗ്രഹങ്ങളില്‍ പൂജ നടത്താനായി മസ്ജിദ് തുറന്ന് കൊടുത്തുവെന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസം. സംഘ്പരിവാറുകാര്‍ പള്ളി പൊളിച്ചു മാറ്റിയപ്പോള്‍ നരസിംഹ റാവു ഭീകരമായ മൗനം ഭജിച്ചു. ഇന്ന് വലിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ പോലും രാമക്ഷേത്ര നിര്‍മാണം ആഘോഷിക്കുന്നു.

ഈ നാട് ഹിന്ദുവിന്റേതാണെന്ന് രാഹുല്‍ പറയുമ്പോള്‍ ഏത് ഹിന്ദുവിന്റെ എന്ന ചോദ്യത്തെയും അദ്ദേഹം നേരിടേണ്ടി വരും. ഇന്നും ഹിന്ദുവെന്നോ മനുഷ്യരെന്നോ പോലും പറയാനാകാത്ത ഹതഭാഗ്യര്‍ കോടിക്കണക്കുണ്ട് ഇന്ത്യയില്‍. അവരെ ഹരിജനങ്ങളെന്ന് വിളിച്ച് ആശ്വസിപ്പിക്കുകയാണ് ഗാന്ധിജി പോലും ചെയ്തത്. ഇന്ത്യന്‍ ഫാസിസത്തിന്റെ യഥാര്‍ഥ ശക്തി സ്രോതസ്സായ ജാതി വ്യവസ്ഥയെ മറികടക്കാന്‍ എന്തു വഴിയുണ്ട് കോണ്‍ഗ്രസ്സിന്റെ കൈയില്‍? ഇന്ന് ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്ന സാമ്പത്തിക നയത്തിന് വിത്തിട്ടതും വളര്‍ത്തിയതും കോണ്‍ഗ്രസ്സല്ലേ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാത്തിടത്തോളം, രാഹുലിന്റെ നിലപാട് മൃദു ഹിന്ദുത്വമാണെന്ന വിമര്‍ശത്തില്‍ നിന്ന് രക്ഷപ്പെടാനാകുമെന്ന് തോന്നുന്നില്ല.