Oman
ഒമാനില്‍ വ്യാപക മഴ; വാദികള്‍ നിറഞ്ഞൊഴുകി
നിരവധി ഗ്രാമങ്ങളില്‍ മഴ ലഭിച്ചു

മസ്‌കത്ത് | ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ പരക്കെ മഴ പെയ്തു. നിരവധി ഇടങ്ങളില്‍ വാദികള്‍ നിറഞ്ഞൊഴുകി. ബാത്തിന സൗത്ത് ഗവര്‍ണറേറ്റിലെ റുസ്താക്കില്‍ നിരവധി ഗ്രാമങ്ങളില്‍ മഴ ലഭിച്ചു. വിലായത്തിന്റെ മധ്യഭാഗത്തും വാദി ബനി ഔഫിലും പെയ്ത മഴ നിരവധി വാദികള്‍ കരകവിഞ്ഞൊഴുകാന്‍ കാരണമായി.
ഗ്രാമങ്ങളില്‍ വ്യത്യസ്ത തീവ്രതയിലാണ് മഴ ലഭിച്ചത്. അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ കനത്തതും മിതമായരീതിയിലുമുള്ള മഴ റിപോര്‍ട്ട് ചെയ്തു. കിഴക്കന്‍ പര്‍വതനിരകളിലും ജബല്‍ ഷംസ് ഗ്രാമങ്ങളിലും കനത്ത മഴയുണ്ടായി. ഇത് വാദി അല്‍ മദാമും വാദി ഷാമയും നിറഞ്ഞു കവിയാന്‍ കാരണമായി. ബാനി സുബ് ഗ്രാമത്തിലും കിഴക്കന്‍ പര്‍വതമേഖലയിലും മഴ ലഭിച്ചു. ജബല്‍ അല്‍ അഖ്ദറിലും ഹായില്‍ അല്‍ മസ്ബത്തിലും മഴ റിപോര്‍ട്ട് ചെയ്തു. ഇത് ഖബ് ഹെയില്‍ മഹ്ലാബ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വാദികളുടെ ഒഴുക്കിന് കാരണമായി.
ജബല്‍ അല്‍ അഖ്ദര്‍ വിലായത്തിലെ സൈഖ്, സൈഹ് ഖത്ന, അല്‍ ശരീഹ, അല്‍ അഖര്‍, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സൊഹാറിലെ വിലായത്തിലെ വാദി ഹൈബിയുടെ പര്‍വത പ്രദേശങ്ങളിലും വാദി അല്‍ ഹല്‍തി ഉള്‍പ്പെടെയുള്ള പര്‍വതനിരകളിലും മഴ പെയ്തു.