International
ഇസ്താംബൂളില് കനത്ത മഴ, വെള്ളപ്പൊക്കം; വൈദ്യുതാഘാതമേറ്റ് കൗമാരക്കാരന് മരിച്ചു
വീടുകളില് വെള്ളം കയറുകയും റോഡുകള് തകരുകയും ചെയ്തു. നഗരത്തില് ഗതാഗതം സ്തംഭിച്ചു.
ഇസ്താംബൂള് | തുര്ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളില് കനത്ത മഴയെ തുടര്ന്നുണ്ടായ വെള്ളപ്പൊക്കത്തില് കൗമാരക്കാരന് മരിച്ചു. വീടുകളില് വെള്ളം കയറുകയും റോഡുകള് തകരുകയും ചെയ്തു. നഗരത്തില് ഗതാഗതം സ്തംഭിച്ചു. ഇസ്താംബൂളിലെ ബാലാത്തില് വെള്ളക്കെട്ടിലേക്കിറങ്ങിയ 14 വയസ്സുകാരന് വൈദ്യുതാഘാതമേറ്റ് മരിച്ചു.
അത്യാവശ്യ കാര്യങ്ങള്ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ഇസ്താംബൂള് ഗവര്ണര് ദാവൂദ് ഗുല് ജനങ്ങള്ക്ക് നിര്ദേശം നല്കി. ബേസ്മെന്റ് ഫ്ളാറ്റുകളില് താമസിക്കുന്നവര് ഉയര്ന്ന നിലകളിലേക്ക് മാറണമെന്നും തോടുകള്, അണ്ടര്പാസുകള്, വെള്ളപ്പൊക്ക സാധ്യതയുള്ള മറ്റ് സ്ഥലങ്ങള് എന്നിവിടങ്ങളില് നിന്ന് വിട്ടുനില്ക്കണമെന്നും ദാവൂദ് ഗുല് നിര്ദേശിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മുതല് നിലവില് വന്ന മോട്ടോര് സൈക്കിളുകള്ക്കുള്ള നിരോധനം അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരും. ഏകദേശം പതിനാറ് ദശലക്ഷം ആളുകള് താമസിക്കുന്ന ഇസ്താംബൂളില് എട്ടായിരത്തോളം ഉദ്യോഗസ്ഥരെയും രണ്ടായിരത്തോളം വാഹനങ്ങളും വിന്യസിച്ചതായി തുര്ക്കി മാധ്യമം ഡെയ്ലി സബാഹ് റിപോര്ട്ട് ചെയ്തു.
എസെന്യുര്ട്ട്, സുല്ത്താന്ഗാസി എന്നിവയുള്പ്പെടെയുള്ള പല സ്ഥലങ്ങളിലും റോഡുകളിലും അണ്ടര്പാസുകളിലും വെള്ളം കയറിയതിനെ തുടര്ന്ന് വാഹനങ്ങള് അപകടത്തില്പെട്ടു. വീടുകളിലേക്കും കടകളിലേക്കും കെട്ടിടങ്ങളുടെ താഴത്തെ നിലകളിലേക്കും വെള്ളം ഇരച്ചുകയറി. കാലാവസ്ഥയുമായി ബന്ധപ്പെട്ട 2,500ലധികം സംഭവങ്ങളെക്കുറിച്ച് അടിയന്തര സേവന വിഭാഗത്തില് റിപോര്ട്ടുകള് ലഭിച്ചതായുള്ള വിവരം ‘ഡെയ്ലി സബാഹ്’ പുറത്തുവിട്ടു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മറ്റുമായി 47 പേര് കുടുങ്ങിപ്പോവുകയും എണ്ണൂറിലധികം വീടുകളെയും 280 വ്യാപാര സ്ഥാപനങ്ങളെയും 76 വാഹനങ്ങളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഐയുപ്സുല്ത്താന്, ഗാസിയോസ്മാന്പാസ എന്നീ സ്ഥലങ്ങളില് റോഡുകളുടെ ചില ഭാഗങ്ങള് തകര്ന്നതായി തുര്ക്കി ടുഡേ റിപോര്ട്ട് ചെയ്തു.




