Kerala
നിതിന്രാജിന്റെ മരണം: മുന്കൂര് ജാമ്യ ഹരജിയില് വാദം തുടങ്ങി
പ്രിന്സിപ്പല് ഡോ. വിനോദ് മോനി, ബയോ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര് ഡോ. ലത ശശിധരന് എന്നിവരുടെ ഹരജിയിലാണ് വാദം.
തലശ്ശേരി | അഞ്ചരക്കണ്ടി സ്വകാര്യ ദന്തല് കോളജിലെ ഒന്നാം വര്ഷ ബി ഡി എസ് വിദ്യാര്ഥി ആര് എല് നിതിന് രാജ് മരിച്ച കേസില് പ്രിന്സിപ്പല് ഡോ. വിനോദ് മോനി, ബയോ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര് ഏഴോം കൊട്ടിലയിലെ ഡോ. ലത ശശിധരന് എന്നിവര് നല്കിയ മുന്കൂര് ജാമ്യ ഹരജിയില് വാദം തുടങ്ങി. മുന്കൂര് ജാമ്യം അനുവദിക്കരുതെന്നും പ്രതികളെ കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പബ്ലിക് പ്രോസിക്യുട്ടര് കെ അജിത്കുമാര് ജില്ലാ സെഷന്സ് കോടതിയില് വാദിച്ചു. നിതിന്രാജ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള് അടങ്ങിയ പെന് ഡ്രൈവ് പ്രോസിക്യൂട്ടര് കോടതിയില് ഹാജരാക്കി.
പ്രിന്സിപ്പലും അധ്യാപികയും നിതിന് രാജിനെ 48 മിനുട്ട് അന്യായമായി തടങ്കലില് വെക്കുകയാണ് ചെയ്തതെന്ന് പ്രോസിക്യൂട്ടര് പറഞ്ഞു. ഇവര് ഭീഷണി സ്വരത്തില് സംസാരിക്കുന്നതും വിദ്യാര്ഥി കരയുന്നതുമടക്കം ദൃശ്യത്തിലുണ്ട്. കുട്ടി കരഞ്ഞുകൊണ്ട് പോവുന്നതാണ് അവസാന ഭാഗത്തുള്ളത്. പ്രോസിക്യൂട്ടര് പെന്ഡ്രൈവിലെ ദൃശ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ നിതിന് രാജിന്റെ പിതാവ് രാജന്റെ വൈകാരികതക്കും കോടതി മുറി സാക്ഷ്യം വഹിച്ചു. രാജന്റെ നിലവിളിയില് കോടതി നടപടി അല്പനേരം തടസ്സപ്പെട്ടു.
ഹരജിയില് ഈ മാസം 19ന് തുടര്വാദം നടക്കും. ഇക്കഴിഞ്ഞ ഏപ്രില് 10നാണ് കോളജ് കെട്ടിടത്തില് നിന്ന് ചാടി നിതിന് രാജ് മരിച്ചത്. കേസിലെ ഒന്നാം പ്രതി ദന്തല് കോളജ് ഓറല് പാത്തോളജി വിഭാഗം മേധാവി ഡോ. എം കോതണ്ഡ റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി ഓറല് പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര് ഡോ. കെ ടി സംഗീതക്ക് മുന്കൂര് ജാമ്യം അനുവദിച്ചിരുന്നു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിഭാഗത്തിനായി അഡ്വ. നിക്കോളാസ് ജോസഫും മരിച്ച നിതിന് രാജന്റെ പിതാവിനു വേണ്ടി അഡ്വ. സുജിതയുമാണ് ഹാജരായത്.
Content Highlights:
Arguments have commenced on the anticipatory bail application regarding the death of Nitin Raj. The court is examining key arguments presented by the defense and prosecution. Further updates on the legal proceedings and police investigation are awaited as the hearing continues.



