Connect with us

Kerala

കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്തും; സി എം ഡി ആര്‍ എഫ് അര്‍ഹതാ മാനദണ്ഡം പുതുക്കി

മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു. മുമ്പ് ഇത് രണ്ട് ലക്ഷമായിരുന്നു. പോര്‍ട്ടല്‍ മുഖേന ധനസഹായം അനുവദിക്കാനുള്ള അധികാരം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷം രൂപയും റവന്യൂ മന്ത്രിക്ക് ഒരു ലക്ഷം രൂപയും റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടര്‍ക്ക് 25,000 രൂപയും അനുവദിക്കാന്‍ അധികാരം നല്‍കി. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ കലക്ടര്‍മാര്‍ക്ക് ഒരുകോടി രൂപ വീതം അണ്‍ടൈഡ് ഫണ്ട് അനുവദിക്കാനും തീരുമാനിച്ചു.

കേരള സ്‌റ്റേറ്റ് ഡാറ്റ പോളിസി 2026 ന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. പൊതുഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍, ഓഫീസുകള്‍, ഏജന്‍സികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ സൃഷ്ടിക്കുകയോ ശേഖരിക്കുകയോ, സൂക്ഷിക്കുകയോ, പ്രൊസസ് ചെയ്യുകയോ ചെയ്യുന്ന ഡാറ്റയുടെ വര്‍ഗീകരണം, പങ്കിടല്‍, ഉത്തരവാദിത്വത്തോട് കൂടിയുള്ള ഉപയോഗം തുടങ്ങിയവക്കായി സംസ്ഥാനതല ചട്ടക്കൂട് ഉണ്ടാക്കുന്നതിനാണ് കേരള സ്‌റ്റേറ്റ് ഡാറ്റ പോളിസി 2026 വിഭാവനം ചെയ്തിട്ടുള്ളത്. ഒരു പൊതു ഡാറ്റ എക്‌സ്‌ചേഞ്ച് പ്ലാറ്റ് ഫോം വഴി കൃത്യമായ സര്‍ക്കാര്‍ ഡാറ്റ സുരക്ഷിതമായും നിയന്ത്രിതമായും പങ്കിടുക, ഡാറ്റയുടെ ഗുണനിലവാരം, പരസ്പര പ്രവര്‍ത്തന ക്ഷമത പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നയത്തിന്റെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയില്‍ ഡാറ്റ (വിവരങ്ങള്‍) പരസ്പരം പങ്കിടുന്നതിന് സാങ്കേതികമായ ഒരു സംവിധാനം രൂപവത്കരിക്കേണ്ട ആവശ്യകതയില്‍ നിന്നാണ് സംസ്ഥാന ഡാറ്റ പോളിസി എന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. കേരള സ്‌റ്റേറ്റ് ഐടി മിഷനാണ് സ്‌റ്റേറ്റ് ഡാറ്റ പോളിസി തയാറാക്കിയത്.

റവന്യൂ വകുപ്പില്‍ 15 വര്‍ഷം രജിസ്‌ട്രേഷന്‍ കാലാവധി പൂര്‍ത്തിയാക്കുകയും നിലവില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുമായ 152 വാഹനങ്ങള്‍ക്ക് പകരം പുതിയവ വാങ്ങാന്‍ തുക അനുവദിച്ചു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ബിറ്റുമിന്റെ വിലയിലുണ്ടായ അസാധാരണമായ വര്‍ധനയുടെ പശ്ചാത്തലത്തില്‍, ആശ്വാസ നടപടിയായി അനുവദിച്ച ബിറ്റുമിന്‍ വില വ്യത്യാസം നല്‍കുന്നതിനുള്ള ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കാനും, റോഡ് പ്രവ#ത്തികള്‍ നിര്‍വഹിക്കുന്ന എല്ലാ എന്‍ജിനീയറിങ് വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Content Highlights:
The Kerala government has officially revised the eligibility criteria for the Chief Minister’s Distress Relief Fund (CMDRF). Under the new guidelines, the annual family income limit has been increased to three lakh rupees. This policy change aims to extend financial assistance and welfare benefits to a larger section of deserving families across the state.

Latest