Kerala
വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം | വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നിലവില്‍ ജലനിരപ്പ് മൂന്നാംഘട്ട മുന്നറിയിപ്പിനോടടുത്തു. ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. കൂടാതെ അരുവിക്കര ഡാമിന്റെ 2,3,4 നമ്പര്‍ ഷട്ടറുകളും ഉയര്‍ത്തും. ഡാമിന്റെ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മഴ കനത്തതോടെ സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
കനത്ത മഴയില്‍ തിരുവനന്തപുരത്ത് നേരിയ മണ്ണിടിച്ചില്‍ ഉണ്ടായി. കള്ളിക്കാട് ആടുവള്ളി ജംഗ്ഷന് സമീപം മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു. രാത്രിയും മഴ ശക്തമായി തുടരുകയാണെങ്കില്‍ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ചയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബര്‍ 11,12,13 തീയതികളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Content Highlights:
Heavy rains triggered an orange alert across 10 districts in Kerala. Neyyar and Aruvikkara dam shutters are set to open due to rising water levels. A landslide was reported in Kallikkad, Thiruvananthapuram, prompting traffic delays and evacuations. Rain and strong winds are expected to continue.



