National
നിരാഹാര സമരം 19-ാം ദിനം ഫലം കണ്ടു; അലിഗഡ് യൂണിവേഴ്‌സിറ്റിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബര്‍ അഞ്ചിന്
2018-19 അധ്യയന വര്‍ഷത്തിന് ശേഷം അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല
ന്യൂ ഡല്‍ഹി | അലിഗഡ് മുസ്ലീം സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പുനഃസ്ഥാപിക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ച് നവംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സര്‍വകലാശാല പ്രഖ്യാപിച്ചു. ക്യാമ്പസ് ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നേതാവ് യാസിര്‍ ഫഹദ് നടത്തുന്ന നിരാഹാര സമരം പത്തൊന്‍പത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പ്രഖ്യാപനം. പ്രൊഫസര്‍ മുഹമ്മദ് നവേദ് ഖാനെ മാറ്റി പ്രൊഫസര്‍ മുഹമ്മദ് നഫീസ് അഹമ്മദ് അന്‍സാരിയെ പുതിയ പ്രോക്ടറായും നിയമിച്ചു.
ഒക്ടോബര്‍ ഒന്‍പതിന് ചീഫ് ഇലക്ഷന്‍ ഓഫീസറുടെ ഓഫീസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രകാരം നവംബര്‍ അഞ്ചിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വോട്ടെടുപ്പ് നടക്കും. അതേ ദിവസം വൈകുന്നേരം 7 മണി മുതല്‍ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. സര്‍വകലാശാലയിലെ ഡക്ക് പോയിന്റ് കേന്ദ്രീകരിച്ച് നടന്ന ദീര്‍ഘനാളത്തെ സമരത്തിനൊടുവിലാണ് പ്രഖ്യാപനം. വിദ്യാര്‍ത്ഥികള്‍ ഈ സ്ഥലത്തെ മിനി ജന്തര്‍ മന്തര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി പ്രതിനിധി സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് ഏകദേശം എട്ട് വര്‍ഷമായിട്ടുണ്ട്. പ്രധാന സമരവേദിയില്‍ ഒത്തുചേരുന്നതിനൊപ്പം സര്‍വകലാശാലയിലെ വിവിധ ഹോസ്റ്റലുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് വിദ്യാര്‍ത്ഥിനികള്‍ ഈ സമരത്തില്‍ സജീവമായിരുന്നു.
2026-27 അധ്യയന വര്‍ഷത്തേക്കുള്ള കോളേജ് ബിരുദ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി വിമന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ നാസിയ ഹസനെ ചീഫ് ഇലക്ഷന്‍ ഓഫീസറായി നിയമിച്ചുകൊണ്ട് എ എം യു ഒക്ടോബര്‍ ഒന്‍പതിന് മറ്റൊരു വിജ്ഞാപനം പുറപ്പെടീച്ചു. എ എം യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച 2019ലെ ഭേദഗതി ചെയ്ത ചട്ടങ്ങളിലെ പതിനഞ്ചാം വകുപ്പ് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുകയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.
2018-19 അധ്യയന വര്‍ഷത്തിന് ശേഷം അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട യൂണിയനില്ലാത്തതിനാല്‍ അക്കാദമിക് വിഷയങ്ങള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിക്കാന്‍ തങ്ങള്‍ക്ക് ഒരു പ്രതിനിധിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രഖ്യാപിച്ച സമയക്രമമനുസരിച്ച് ഒക്ടോബര്‍ ഇരുപത്തിയാറിന് രാവിലെ പത്ത് മണിക്ക് ഡീന്‍മാര്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ ഇരുപത്തിഏഴിന് ഉച്ചയ്ക്ക് രണ്ട് മണി വരെ തിരുത്തലുകള്‍ സമര്‍പ്പിക്കാം. വൈകുന്നേരം നാല് മണിക്ക് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
സ്ഥാനാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 29ന് രാവിലെ 10 മണി മുതല്‍ എ എം യുഎസ് യു ഓഫീസില്‍ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 30ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനും അവസരമുണ്ടാകും. യോഗ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഒക്ടോബര്‍ 30ന് വൈകുന്നേരം 4 മണിക്ക് പ്രസിദ്ധീകരിക്കും. പ്രൊഫസര്‍ മുഹമ്മദിന്റെ നിയമനത്തിന് വൈസ് ചാന്‍സലര്‍ അംഗീകാരം നല്‍കിയതായി സര്‍വകലാശാല ഓഫീസ് അറിയിച്ചു. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ നഫീസ് അഹ്മദ് അന്‍സാരിയെ രണ്ട് വര്‍ഷത്തേക്കൊ അടുത്ത ഉത്തരവുണ്ടാകുന്നത് വരെയോ പ്രോക്ടറായി നിയമിച്ചു. കഴിഞ്ഞ വര്‍ഷവും തിരഞ്ഞെടുപ്പ് നടത്താമെന്ന് സര്‍വകലാശാലാ അധികൃതര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സമരം പിന്‍വലിച്ചിരുന്നു. ആ വാഗ്ദാനം പാലിക്കപ്പെടാതെ പോയതോടെയാണ് ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം ആരംഭിച്ചത്.




