Ongoing News
ആരോഗ്യം തന്നെ ലഹരി ക്യാമ്പയിന് തുടക്കമായി
സംസ്ഥാനത്തെ മുഴുവന്‍ എം എല്‍ എ മാര്‍ക്കും ലഹരിക്കെതിരെയുള്ള നിവേദനം നല്‍കും.
എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ലഹരിക്കെതിരെയുള്ള നിവേദനം മന്ത്രി അഡ്വ. കെ രാജന് നല്‍കുന്നു
തൃശൂര്‍ | ഡിസംബര്‍ 27,28,29 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആരോഗ്യം തന്നെ ലഹരി എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തെ മുഴുവന്‍ എം എല്‍ എ മാര്‍ക്കും ലഹരിക്കെതിരെയുള്ള നിവേദനം നല്‍കും. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നിവേദനം വി ഐ മാഹിന്‍, കെ എം കബീര്‍, എം എ ആദില്‍, പി എസ് ഷാനവാസ്, റാഫി നഈമി വരന്തരപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജന് നല്‍കി.
ലഹരിയുടെ വ്യാപനം വലിയൊരു സാമൂഹിക പ്രശ്‌നമായി മാറുകയും ന്യൂജെന്‍ ലഹരികളുടെ വിപണന ശൃംഖല വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നല്ല ജാഗ്രത ആവശ്യമുണ്ട്. കുട്ടികള്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ കടത്തുകാരായി മാറുന്നു. നിയമത്തിന്റെ പഴുതുകള്‍ ധാരാളമുള്ളതിനാല്‍ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്.
ലഹരിക്കെതിരെ നിയമനിര്‍മ്മാണത്തിലൂടെ നടപടികളും ശിക്ഷയും ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്. ക്യാമ്പയിന്റെ ഭാഗമായി ഏര്‍ളി ബേഡ്‌സ്, വാക്കത്തോണ്‍, ഓപ്പണ്‍ ജിം, സേവ് എ ഫാമിലി എന്നീ പദ്ധതികളും നടക്കുന്നുണ്ട്.



